ജോജി തോമസ്

രാഷ്ട്രീയമായി ഒട്ടേറെ പ്രതികൂല സാഹചര്യത്തിൽ കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഇടതുപക്ഷം നേടിയ വിജയം അപ്രതീക്ഷിതം ആണെന്നുള്ള രീതിയിലുള്ള പ്രചാരണങ്ങളാണ് പലയിടത്തുനിന്നും പ്രത്യേകിച്ച് പ്രമുഖ മാധ്യമങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാകുന്നത്. എന്നാൽ അപ്രതീക്ഷിത വിജയത്തിന് പ്രചാരം നൽകുന്നവർ ഇടതുപക്ഷത്തിന് അടുത്ത ആറുമാസം കഴിഞ്ഞ് നടക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിലെ വഴികൾ സുഗമമാക്കുകയും കണ്ണടച്ച് ഇരുട്ടാക്കുകയുമാണ് ചെയ്യുന്നത്.

ജാതിമതചിന്തകൾ ആഴത്തിൽ വേരൂന്നിയ കേരളസമൂഹം ഇടതുപക്ഷ പ്രസ്ഥാനങ്ങൾക്ക് അത്ര വളക്കൂറുള്ള മണ്ണല്ലായിരുന്നെങ്കിലും മലയാളിയുടെ രാഷ്ട്രീയ പ്രബുദ്ധതയും ബൗദ്ധിക നിലവാരവും ഇടതുപക്ഷ ആശയങ്ങൾക്ക് കേരളത്തിൽ ആഴത്തിലുള്ള വേരോട്ടമുണ്ടാക്കി. കേരളത്തിൻെറ സാമൂഹിക പുരോഗതിയിലും, ജനങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നതിലും ഇടതുപക്ഷ പ്രസ്ഥാനങ്ങൾ വഹിച്ച പങ്ക് തള്ളിക്കളയാനാവില്ല. ആശയപരമായ അടിത്തറയും, സംഘടനാ ശക്തിയുടെ പിൻബലമുള്ള ഇടതുപക്ഷത്തിൻെറ വികസനനേട്ടങ്ങൾക്കുള്ള അംഗീകാരമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് നടന്ന തിരഞ്ഞെടുപ്പ് ഫലം.

മെട്രോയും, വിമാനത്താവളവും മാത്രമാണ് വികസനത്തിൻെറ മാനദണ്ഡങ്ങളായി കരുതുന്നവർ ഇടതുപക്ഷം കേരള സമൂഹത്തിനു നൽകിയ സംഭാവനയെന്തെന്ന ചോദ്യം ഉയർത്തുക സ്വാഭാവികമാണ്. പിന്നോക്ക വിഭാഗങ്ങളെ സമൂഹത്തിൻെറ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനും കേരളത്തിൽ പ്രബലമായിരുന്ന ജാതിമത ചിന്തകൾക്കതീതമായി മാനവികതയുടെ മൂല്യങ്ങൾ സമൂഹത്തിൽ പ്രതിഷ്ഠിക്കുന്നതിനും ഇടതുപക്ഷ ആശയങ്ങൾ വഹിച്ച പങ്ക് ചെറുതല്ല . രാജീവ് ഗാന്ധി ഗവൺമെൻറ് കൊണ്ടുവന്ന പഞ്ചായത്ത് രാജ് നിയമം നടപ്പാക്കുന്നതിനും, സംസ്ഥാന ഗവൺമെന്റിൻെറ അധികാരങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് കൈമാറുന്നതിനും കോൺഗ്രസ് നേതൃത്വത്തിലുള്ള സംസ്ഥാന ഗവൺമെന്റുകൾ മടിച്ചു നിന്നപ്പോൾ പഞ്ചായത്ത് രാജ് നിയമം കേരളത്തിൽ നടപ്പാക്കുന്നതിനും അധികാരവികേന്ദ്രീകരണത്തിന് മുൻകൈ എടുത്തതും നായനാരുടെ നേതൃത്വത്തിലുള്ള ഇടതുപക്ഷ ഗവൺമെന്റാണ്. സമ്പൂർണ്ണ സാക്ഷരത കൈവരിക്കാൻ ഇടതുപക്ഷ ഗവൺമെൻറിൻറെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ വികസനോത്മുഖം എന്നതിലുപരി കേരള ജനതയുടെ നവോത്ഥാനത്തിനും, സാമൂഹിക ഉണർവിനും കാരണമായി.

1996 ൽ ഇടതുപക്ഷ ഗവൺമെൻറ് നടപ്പാക്കിയ ജനകീയ ആസൂത്രണ പ്രസ്ഥാനം സാധാരണ ജനങ്ങളുടെ ജീവിത നിലവാരം ഉയർത്തുന്നതിൽ വഹിച്ച പങ്ക് കേരള വികസന ചരിത്രത്തിലെ സുവർണ്ണ ലിപികളിൽ രേഖപ്പെടുത്തേണ്ടതാണ്. സംസ്ഥാന ബഡ്ജറ്റ് വിഹിതത്തിൻെറ 35 ശതമാനം പ്രാദേശിക സ്വയംഭരണ സ്ഥാപനങ്ങൾക്ക് നൽകി ജനകീയ ആസൂത്രണ പ്രസ്ഥാനങ്ങളിലൂടെ അധികാര വികേന്ദ്രീകരണത്തിന് മുന്നിട്ടിറങ്ങിയ ഇടതുപക്ഷ ഗവൺമെന്റിൻെറ ആർജ്ജവം മറ്റു സംസ്ഥാന ഗവൺമെന്റുകൾക്ക് മാതൃകയാകേണ്ടതായിരുന്നു.

പിണറായി ഗവൺമെൻറിൻറെ കാലഘട്ടത്തിലാണെങ്കിലും 591 പ്രോജക്ടുകളിലായി 45000 കോടി രൂപയുടെ വികസന പദ്ധതികളാണ് കിഫ്‌ബിയുടെ നേതൃത്വത്തിൽ കേരളത്തിലെമ്പാടും നടപ്പിലാക്കുന്നത്. സർക്കാർ സ്കൂൾ, ആശുപത്രികൾ തുടങ്ങിയവയുടെ നിലവാരം ഉയർത്തുന്നതിലും, സാമൂഹ്യ സുരക്ഷാ പെൻഷൻ സമയബന്ധിതമായി ജനങ്ങളിൽ എത്തിക്കുന്നതിലും സർക്കാർ കാട്ടിയ ശുഷ്കാന്തി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഇലക്ഷനിൽ പ്രതിഫലിച്ചു എന്നുവേണം കരുതാൻ. ആരോഗ്യ മേഖലയിൽ കേരളം കൈവരിച്ച നേട്ടങ്ങൾ കാലങ്ങളായി ആർജ്ജിച്ചതാണെങ്കിലും കോവിഡ് കാലത്ത് ആരോഗ്യ വകുപ്പിൻെറ സേവനങ്ങൾ പരക്കെ പ്രശംസ പിടിച്ചുപറ്റുന്ന രീതിയിലായിരുന്നു. ജനങ്ങൾ ലോക്ക്ഡൗൺ കാലത്ത് വരുമാനമില്ലാതെ കഴിഞ്ഞപ്പോൾ ഭക്ഷണ കിറ്റുമായി സഹായത്തിനെത്തിയ സർക്കാർ ജനങ്ങളുടെ ഹൃദയത്തിലേക്കാണ് ഇറങ്ങിച്ചെന്നത് . സാമ്പത്തികമായി കൂടുതൽ സുസ്ഥിരതയുള്ള മറ്റു സംസ്ഥാന ഗവൺമെന്റുകളൊന്നും ഇത്തരത്തിലുള്ള ഒരു ശ്രമം നടത്തി ഇല്ലെന്നുള്ളത് ഇവിടെ പ്രസക്തമാണ്. ഭക്ഷണ കിറ്റ് വിതരണത്തിനായി ഇറങ്ങിത്തിരിച്ച സന്നദ്ധ പ്രവർത്തകരായ ചെറുപ്പക്കാരെയാണ് പിന്നീട് ജനങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ വിജയിപ്പിച്ചത്. ഇങ്ങനെ എന്തുകൊണ്ടും സംസ്ഥാന ഗവൺമെൻറിൻറെ വികസനോത്മുഖമായ പ്രവർത്തനങ്ങൾക്കും ഇടതുപക്ഷ പ്രസ്ഥാനങ്ങളുടെ ജനകീയ പ്രശ്നങ്ങളിലുള്ള ഇടപെടലുകൾക്കും ലഭിച്ച അംഗീകാരമാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ പ്രതിഫലിച്ചതെന്ന് കാണാൻ സാധിക്കും.

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.