ജോജി തോമസ്

അധികാരത്തിലേറി രണ്ടു മാസങ്ങൾ പോലും പൂർത്തിയാകുന്നതിനു മുൻപ് രണ്ടാം മോദി ഗവൺമെന്റ് റ്വിവരവകാശ നിയമത്തിന് പരിധികളും അതിരുകളും നിശ്ചയിക്കുന്നതിൽ വിജയിച്ചതിലൂടെ ഇന്ത്യൻ ജനത കണ്ടതിൽ വച്ച് ഏറ്റവും മഹത്തരമായ പൗരാവകാശനിയമങ്ങളിലൊന്നാണ് അപ്രസക്തമാകുകയോ, ,വിസ്മൃതിയിലേയ്ക്ക് പോകുകയോ ചെയ്യുന്നത് . ലോകസഭയും , രാജ്യസഭയും വിവരാവകാശ ഭേദഗതി ബിൽ പാസാക്കിയതോടെ വെറും പത്തു രൂപ ചിലവിൽ ഇന്ത്യയിലെ ഏതൊരു സാധാരണക്കാരനും ഭരണകൂടങ്ങളുടെ അകത്തളങ്ങളിൽ അരങ്ങേറുന്ന അന്തർ നാടകങ്ങൾ അറിയാൻ സാധിച്ചിരുന്ന ,സ്വതന്ത്രഭാരതം കണ്ടതിൽ വച്ചേറ്റവും മഹത്തായ നിയമങ്ങളിലൊന്നായ പൗരാവകാശനിയമം വെറും നോക്കുകുത്തി മാത്രമായി തീരും . ഭരണകൂടങ്ങൾക്കും ,രാഷ്ട്രീയക്കാർക്കും , ഉദ്യോഗവൃന്ദത്തിനും മറയ്ക്കാൻ വളരെയധികം ഉള്ളതുകൊണ്ടുതന്നെ ജനങ്ങളുടെ അറിയാനുള്ള അവകാശത്തിൻമേൽ കൈ കടത്താൻ കിട്ടിയ ഏറ്റവും ഉചിതമായ അവസരം തന്നെ ഫലപ്രദമായി വിനിയോഗിക്കുകയാണ് ഉണ്ടായത് . വിവരാവകാശനിയമം ഇന്ത്യയിൽ നിലവിൽ വന്ന 2005 ജൂൺ 15 മുതലുള്ള കണക്കെടുത്താൽ 80 ലധികം വിവരവകാശപ്രവർത്തകർ കൊല്ലപ്പെട്ടു എന്നതുതന്നെ ഭരണകൂടങ്ങളും , രാഷ്ട്രീയ അധോലോകവും ഈ നിയമത്തെ എത്ര മാത്രം ഭയപ്പെട്ടിരിന്നു എന്നതിന് തെളിവാണ് .


ജനങ്ങളുടെ അറിയാനുള്ള അവകാശം സംരഷിക്കുന്നതിനായി ആണ് ഇന്ത്യൻ പാർലമെന്റ് വിവരാവകാശനിയമം പാസാക്കിയത് . അഴിമതികുറയ്ക്കുക , സർക്കാരിൻെറ ഇടപാടുകളിൽ സുതാര്യത ഉറപ്പാക്കുക എന്നിവ ആയിരുന്നു വിവരവകാശത്തിൻെറ പ്രധാന ലക്ഷ്യങ്ങൾ .ഇന്ത്യൻ ജനാധിപത്യത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്ക് കാരണമായ വിവരാവകാശനിയമപ്രകാരം വെറും പത്തു രൂപ നിരക്കിൽ ഏതു പൗരനും സർക്കാരിനോട് വിവരങ്ങൾ ആരായാൻ സാധിച്ചിരുന്നു .വിവരാവകാശനിയമപ്രകാരം ഒരു ദിവസം ഏതാണ്ട് 4000 മുകളിൽ അപേക്ഷകൾ ഇന്ത്യ ഒട്ടാകെ ലഭിച്ചിരുന്നു എന്നത് ഭരണകൂടങ്ങളെ ഈ നിയമം എത്രമാത്രം അസ്വസ്ഥതപ്പെടുത്തിയിരുന്നു എന്നത് വ്യക്തമാക്കുന്നു .


അടിയന്തരാവസ്ഥയ്ക്കു ശേഷം പൗരസ്വാതന്ത്ര്യം ഏറ്റവും അധികം അപകടത്തിലായ ഒരു കാലഘട്ടത്തിലൂടെയാണ് ഇന്ത്യൻ ജനാധിപത്യം കടന്നു പോകുന്നത് . സർക്കാരിനെതിരെ വിരൽ ചൂണ്ടുന്നവർക്ക് ജയിലോ ,ഭരണകൂട ഗൂഡാലോചനയുടെ ഫലമായ മരണമോ ആണ് ശിക്ഷ . ഉത്തർപ്രദേശിൽ ബിജെ പി എം എൽ എ യ്ക്കെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെൺകുട്ടിക്കും കുടുംബത്തിനും സoഭവിച്ചത് ഈ സാഹചര്യത്തിൽ കൂട്ടിവായിക്കേണ്ടതാണ് . ഭരണകൂടത്തിനും , നേതൃത്വത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ പ്രതികരിച്ചാൽ പോലും രാജ്യദ്രോഹികളായി ചിത്രീകരിച്ച് ജയിലിൽ പോകുന്ന അവസ്ഥ എന്തുകൊണ്ടും അപകടകരമാണ് .

ഇന്ത്യൻ പാർലമെന്റിൽ കഴിഞ്ഞ ദിവസം പാസാക്കിയ വിവരാവകാശ ഭേദഗതി നിയമം ജനങ്ങളുടെ അറിയാനുള്ള അവകാശം നിഷേധിക്കുന്നതും , വിവരവകാശകമ്മീഷൻെറ സ്വതന്ത്രമായ പ്രവർത്തനങ്ങൾക്ക് കൂച്ചുവിലങ്ങിടുന്നതുമാണ് . പുതിയ ഭേദഗതി പ്രകാരം കേന്ദ്രത്തിലേയും , വിവിധ സംസ്ഥാനങ്ങളിലേയും വിവരവകാശകമ്മീഷനുകൾ കേന്ദ്ര സർക്കാരിൻെറ നോക്കുകുത്തികൾ മാത്രമായി തീരും . തെരഞ്ഞെടുപ്പുകമ്മീഷനു സമാനമായ അധികാരങ്ങളുണ്ടയിരുന്ന വിവരവകാശകമ്മീഷനെ കേന്ദ്ര ഗവൺമെന്റിൻെറ പാവയാക്കാനുള്ള നിയമഭേതഗതി പ്രതിപക്ഷത്തിൻെറ കടുത്ത എതിർപ്പ് മറി കടന്നാണ് കേന്ദ്ര ഗവൺമെൻെറ പാസാക്കിയത് . 2005 ഒക്ടോബർ 15 മുതൽ ഇന്ത്യയിൽ നിലവിലിരുന്ന വിവരാവകാശനിയമം ഭേതഗതി ചെയ്തതിലൂടെ നരേന്ദ്രമോദി ഗവൺമെൻറ് പൗരാവകാശങ്ങളുടെ കാര്യത്തിൽ രാജ്യത്തെ ദശകങ്ങൾ പിന്നിലായ്ക്കാണ് നയിച്ചത് .

 

 

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.