ജോജി തോമസ്

ഉടുതുണിക്ക് മറുതുണിയില്ലാത്ത കോടിക്കണക്കിന് ജനങ്ങളുള്ള നാട്ടിൽ, കോവിഡ് മഹാമാരിയിൽപ്പെട്ട് അന്നന്നത്തെ അന്നത്തിനു വേണ്ടി ക്ലേശിക്കുന്ന അസംഘടിത തൊഴിൽ മേഖലയിലുള്ള കോടിക്കണക്കിന് ജനങ്ങളെ മറന്നുകൊണ്ട് കുടുംബാംഗങ്ങൾക്കുൾപ്പെടെ സൗജന്യ ചികിത്സയും നിരവധി ആനുകൂല്യങ്ങളും ഉള്ള സുഖലോലുപതയിൽ വിരാജിക്കുന്ന സർക്കാർ ജീവനക്കാർക്ക് ശമ്പളവർദ്ധനവ് നൽകാനുള്ള തീരുമാനത്തിന്റെ ന്യായ അന്യായങ്ങളിലേയ്ക്കാണ് മാസാന്ത്യത്തിന്റെ ഈ ലക്കം കടന്നുചെല്ലുന്നത്. വിവിധ സംസ്ഥാനങ്ങളിൽ നടക്കുന്ന പൊതുതെരഞ്ഞെടുപ്പും, ഉപ തെരഞ്ഞെടുപ്പും മുന്നിൽകണ്ട് ദീപാവലിയോടനുബന്ധിച്ചെന്ന പേരിൽ കേന്ദ്രസർക്കാർ നൽകിയ 5% DA വർദ്ധനവ് ചരിത്രത്തിലെ തന്നെ ഏറ്റവും വലുതാണ് . 50 ലക്ഷം ജീവനക്കാർക്കും , 65 ലക്ഷം പെൻഷനേഴ്സിനും 2019 , ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ ഇതിന്റെ ആനുകൂല്യം ലഭിക്കും. ഇതിനുപുറമേ സാധാരണക്കാരെ പിഴിഞ്ഞ് ജീവനക്കാർക്ക് ശമ്പള വർദ്ധനവ് നൽകാനുള്ള സംസ്ഥാന സർക്കാരിൻറെ നീക്കവും ചേർത്ത് വായിക്കേണ്ടതാണ്.എല്ലാ നാലര വർഷവും കൂടുമ്പോൾ ശമ്പള വർദ്ധനവ് നടപ്പാക്കുന്ന ഇന്ത്യയിലെ ഏക സംസ്ഥാനമാണ് കേരളം. ശമ്പള വർധനവിനായുള്ള സംസ്ഥാന സർക്കാരിൻറെ നീക്കം ഹൈക്കോടതിയുടെ ഉൾപ്പെടെ വിമർശനത്തിനു കാരണമായിരുന്നു.

കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ സാമ്പത്തിക ഞെരുക്കത്തിന്റെ പേരിൽ സാധാരണ ജനത്തിന് ആനുകൂല്യങ്ങൾ നിഷേധിക്കുകയും, വികസന പ്രവർത്തനത്തിന് പണമില്ലെന്ന് വിലപിക്കുകയും ചെയ്യുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളാണ് വൻ സാമ്പത്തിക ബാധ്യത വരുന്ന ശമ്പള വർദ്ധനവുമായി രംഗത്ത് എത്തിയിരിക്കുന്നത്. സർക്കാർ ജീവനക്കാരുടെ സംഘടന ശേഷിയും, അതിലൂടെയുള്ള വോട്ട് ബാങ്കുമാണ് വിവിധ സർക്കാരുകളുടെ ലക്ഷ്യം..

ലോകാരോഗ്യസംഘടന അടുത്തയിടെ പുറത്തു വിട്ട കണക്കു പ്രകാരം ഇന്ത്യയിലെ 30 കോടിയോളം ജനങ്ങൾ ദാരിദ്ര്യം അനുഭവിക്കുന്നവരാണ്. ദാരിദ്ര്യത്തിന്റെ കാര്യത്തിൽ പാകിസ്ഥാനും ,ബംഗ്ലാദേശും പോലും വൻശക്തിയെന്ന് അഭിമാനിക്കുന്ന ഇന്ത്യയെക്കാൾ ഭേദപ്പെട്ട നിലയിലാണ് . സർക്കാർ ജീവനക്കാരെ പ്രീണിപ്പിക്കാൻ ഇറങ്ങിത്തിരിച്ചിരിക്കുന്ന സർക്കാരുകളും , രാഷ്ട്രീയ പാർട്ടികളും ഇന്ത്യയിൽ അന്നന്നത്തെ അപ്പത്തിനായി അധ്വാനിക്കുന്ന റിക്ഷാതൊഴിലാളികളും ചുമട്ടുതൊഴിലാളികളും കാർഷികതൊഴിലാളികളും ഉൾപ്പെടുന്ന കോവിഡ് മഹാമാരിയിൽ ജീവിതം ഇരുട്ടിലായ കോടിക്കണക്കിന് ജനങ്ങളെ കുറിച്ച് ഒരു നിമിഷം ചിന്തിക്കുന്നത് നന്നായിരിക്കും.

 

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

 ജോജി തോമസ് മലയാളം യുകെ അസോസിയേറ്റ് എഡിറ്ററും ആനുകാലിക സംഭവങ്ങള്‍ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്.

മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.