ജോജി തോമസ്

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി മാറിയ ലോക ശാക്തിക ചേരിയില്‍ ആധുനിക ഇന്ത്യയുടെ പ്രസക്തി വിളിച്ചോതിയുള്ള വിളംബരയാത്ര ആരംഭിച്ചിട്ട് മൂന്ന് വര്‍ഷങ്ങള്‍ പിന്നിടുകയാണ്. പക്ഷേ സ്വദേശത്തും വിദേശത്തും ഡിജിറ്റല്‍ ഇന്ത്യയുടെ മാറിയ മുഖത്തിനു പകരം രൂപപ്പെട്ടുവരുന്ന പ്രതിച്ഛായ മനുഷ്യ ജീവനേക്കാള്‍ കൂടുതല്‍ പ്രാധാന്യം പശുക്കള്‍ക്കും ആള്‍ദൈവങ്ങള്‍ക്കും നല്‍കുന്ന ഇന്ത്യയേയും കോര്‍പ്പറേറ്റുകളുടെയും പണക്കാരുടെയും ശതകോടികള്‍ എഴുതിത്തള്ളുമ്പോഴും അപര്യാപ്തമായ ഫണ്ടും ചുവപ്പുനാടയും കാരണം ഒരിറ്റു പ്രായണവായു ലഭിക്കാതെ കുഞ്ഞുങ്ങള്‍ മരിച്ചുവീഴുന്ന ഇന്ത്യയുമാണ്.

നരേന്ദ്രമോദി ഗവണ്‍മെന്റിന്റെ വിപ്ലവകരമായ നോട്ടുനിരോധനം എന്ന തുഗ്ലക്ക് പരിഷ്‌കരണത്തിനുശേഷം ലോകവാര്‍ത്തകളില്‍ വളരെയധികം സ്ഥാനം പിടിച്ച സംഭവങ്ങളിലെല്ലാ ഭരണകക്ഷിയും കേന്ദ്രസര്‍ക്കാരും പ്രതികൂട്ടിലാണ്. പശുവിന്റെ പേരില്‍ ജനക്കൂട്ടം നടത്തുന്ന സംഘടിത കൊലപാതകങ്ങളും, ഉത്തര്‍പ്രദേശിലെ ഗോരഖ്പൂര്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ എഴുപതിലധികം കുട്ടികള്‍ ഓക്സിജന്‍ ലഭിക്കാതെ കൂട്ടത്തോടെ മരിച്ചതും, മാനഭംഗക്കേസില്‍ സ്വയം പ്രഖ്യാപിത ദൈവം ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഉണ്ടായ കലാപം നേരിടുന്നതില്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ ദയനീയമായി പരാജയപ്പെട്ടതും ഇന്ത്യയെ ലോകത്തിനുമുമ്പില്‍ നാണം കെടുത്തിയ സംഭവങ്ങളാണ്. നിരോധിച്ച നോട്ടുകളില്‍ ഭൂരിഭാഗവും പ്രത്യേകിച്ച് ആയിരത്തിന്റെ 99 ശതമാനം നോട്ടുകളും തിരിച്ചെത്തിയെന്ന് വ്യക്തമായതോടെ ഗവണ്‍മെന്റിന്റെ കറന്‍സി നിരോധനവുമായി ബന്ധപ്പെട്ട അവകാശവാദങ്ങളെല്ലാം പൊളിഞ്ഞിരിക്കുകയാണ്. കൃത്യമായ ഇടവേളകളില്‍ വിവാദങ്ങള്‍ സൃഷ്ടിക്കുകയും അതിലൂടെ ജനങ്ങളെ ഭിന്നിപ്പിച്ച് രാഷ്ട്രീയ നേട്ടമുണ്ടാക്കാനുമാണ് ബിജെപി ലക്ഷ്യമിടുന്നത്.

വ്യക്തമായ രാഷ്ട്രീയ അജണ്ടയോടുള്ള ഈ നീക്കങ്ങള്‍ ഭാരത്തിന്റെ ബഹുസ്വരതയിലും ഐക്യത്തിലും ഉണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഭാരതീയ ജനതാ പാര്‍ട്ടിക്ക് ആവലാതിയില്ല. മറിച്ച് രാഷ്ട്രീയ നേട്ടങ്ങളില്‍ മാത്രമാണ് അവരുടെ താല്‍പര്യം. ബിജെപി പ്രസിഡന്റ് അമിത് ഷായെപ്പോലെ രാഷ്ട്രീയ ധാര്‍മ്മിക സദാചാര ബോധമില്ലാത്ത ഒരു രാഷ്ട്രീയക്കാരന്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെ നേതൃസ്ഥാനത്ത് അവതരിച്ചിട്ടില്ല. ബിജെപിയുടെ രാഷ്ട്രീയ ആശയങ്ങളുമായി യാതൊരു പൊരുത്തവുമില്ലാത്ത മറ്റുപാര്‍ട്ടികളിലുള്ള അധികാര മോഹികളായ നേതാക്കളെ പണവും അധികാരവും കൊണ്ട് വലയിലാക്കാന്‍ ചാക്കുമായി ഇറങ്ങിത്തിരിച്ചിരിക്കുകയാണ് അമിത്ഷാ. കേഡര്‍ സംവിധാനമുള്ള പാര്‍ട്ടിയാണെങ്കിലും മോദി അമിത്ഷാ കൂട്ടുകെട്ടിനെ ചോദ്യം ചെയ്യാന്‍ ശേഷിയില്ലാത്ത, പാര്‍ട്ടിക്കായി വര്‍ഷങ്ങളായി അധ്വാനിച്ച പാരമ്പര്യമുള്ള പ്രവര്‍ത്തകര്‍ ഇതിനെ നിസ്സംഗതയോടെയാണ് നോക്കിക്കാണുന്നത്.

രാഷ്ട്രീയ ലക്ഷ്യങ്ങള്‍ മാത്രം മുന്‍നിര്‍ത്തി ഉയര്‍ത്തിക്കൊണ്ടുവന്ന ഗോവധ നിരോധനം അണികള്‍ വൈകാരിക വിഷയമായി ഏറ്റെടുത്തതോടെ കാര്യങ്ങള്‍ കൈവിട്ടുപോയ മട്ടാണ്. എല്ലാവരുടെയും വിശ്വാസങ്ങളെയും ആചാരങ്ങളെയും ജീവിത രീതികളെയും ബഹുമാനിക്കേണ്ടത് അത്യന്താപേക്ഷിതമാണെങ്കിലും ഇന്ത്യയെപ്പോലൊരു രാജ്യത്ത് ”എല്ലാവരും” എന്ന പദത്തിന് പ്രസക്തിയേറെയാണ്. ഗോവധ നിരോധനം നടപ്പാക്കുമ്പോള്‍ വലിയൊരു ജനവിഭാഗം തങ്ങളുടെ ജീവിതരീതിയുടെ ഭാഗമായി ഗോമാംസം ഭക്ഷിക്കുന്നത് കണ്ടില്ലെന്ന് നടിക്കാനാവില്ല. ഗോവധ നിരോധനം ഇന്ത്യയെ സാംസ്‌കാരികമായി നൂറ്റൂണ്ടുകള്‍ക്ക് പിന്നിലേയ്ക്കാണ് കൊണ്ടുപോയത്. നരേന്ദ്ര മോദി ഗവണ്‍മെന്റ് അധികാരത്തിലെത്തിയതിനു ശേഷം ഗോമാംസ വിഷയത്തില്‍ ജനക്കൂട്ട വിചാരണയിലൂടെ നടന്ന വധശിക്ഷ 40 ഓളം ആണ്. ഇതിനെതിരെ തന്റെ വിടവാങ്ങല്‍ പ്രസംഗത്തില്‍ പരോക്ഷ പ്രതികരണം നടത്തിയ ഉപരാഷ്ട്രപതി ഹമീദ് അന്‍സാരിയോട് ഇന്ത്യവിടാന്‍ ഭരണകക്ഷിയുടെ പ്രമുഖ നേതാവ് ആവശ്യപ്പെട്ടത് വളര്‍ന്നുവരുന്ന അസഹിഷ്ണുതയുടെ തെളിവാണ്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഒരു വശത്ത് ഗോവധ നിരോധനമേര്‍പ്പെടുത്തുകയും മറുവശത്ത് സംഘപരിവാര്‍ അനുഭാവികളും നേതാക്കളുമായവര്‍ ഗോമാംസം കയറ്റുമതി ചെയ്യുകയും ചെയ്യുന്നത് ജനങ്ങളുടെ വിശ്വാസങ്ങളേയും വൈകാരിക തലങ്ങളേയും ചൂഷണം ചെയ്ത് രാഷ്ട്രീയ നേട്ടം കൊയ്യുന്നതിന്റെയും കപട വിശ്വാസത്തിന്റെയും തെളിവാണ്. കുട്ടികളുടെ ആശുപത്രിയിലേയ്ക്ക് ഓക്സിജന്‍ വാങ്ങാന്‍ പണമില്ലാത്ത സര്‍ക്കാര്‍ കേന്ദ്രത്തില്‍ ഒരു പശുമന്ത്രിയെ നിയമിക്കാനും പശുമന്ത്രാലയം ആരംഭിക്കാനുള്ള ഒരുക്കത്തിലാണ്. നാളെകളില്‍ സര്‍ക്കാര്‍ പശുവിന് വോട്ടവകാശം നല്‍കിയാലും അത്ഭുതപ്പെടാനില്ല. കഴിഞ്ഞ മുപ്പത് വര്‍ഷങ്ങള്‍ക്കിടയില്‍ കടക്കെണിയില്‍പ്പെട്ട് 60,000 ത്തോളം കര്‍ഷകര്‍ ആത്മഹത്യ ചെയ്ത ഒരു രാജ്യത്താണ് ഇത്തരത്തിലുള്ള കോമാളിത്തരങ്ങള്‍ കാട്ടിക്കൂട്ടുന്നത്. വിവാദ ആള്‍ദൈവമായ ഗുര്‍മീത് റാം റഹീമിന് കഴിഞ്ഞ മാസങ്ങളില്‍ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് ബിജെപി മന്ത്രിമാര്‍ നല്‍കിയത് ഒന്നരക്കോടി രൂപയാണ്.

ആള്‍ ദൈവങ്ങളേയും കോര്‍പ്പറേറ്റുകളേയും വന്‍ വ്യവസായികളേയും സഹായിക്കാന്‍ ഓടിയെത്തുന്ന ഭരണ നേതൃത്വത്തിന് കുട്ടികളുടെ ആശുപത്രിയിലേക്കുള്ള ഓക്സിജന്‍ വാങ്ങാന്‍ പണമില്ലാത്തത് വിരോധാഭാസമാണ്. ദേരാ സച്ചാ തലവന്‍ ഗുര്‍മീത് റാമിന്റെ ശിക്ഷാവിധിയോടനുബന്ധിച്ച് കലാപ സാധ്യതയുണ്ടെന്ന് രഹസ്യാന്വേഷണവിഭാഗം കൃത്യമായ മുന്നറിയിപ്പ് നല്‍കിയെങ്കിലും ആള്‍ദൈവത്തിന്റെ ആരാധകരും ഭക്തരുമായ ഭരണാധികാരികള്‍ കലാപം നേരിടുന്നതില്‍ തികഞ്ഞ പരാജയമായിരുന്നു. ഗവണ്‍മെന്റിന്റെ നിരുത്തരവാദപരമായ പെരുമാറ്റംമൂലം നിരവധി ജീവനുകള്‍ പൊലിയുകയും കോടിക്കണക്കിന് രൂപയുടെ പൊതുമുതല്‍ നശിക്കുകയും ചെയ്തു.

ചരിത്രപരമായി ലോകത്തിന് വഴികാട്ടിയായ ലോകത്തിന് വെളിച്ചം നല്‍കിയ ഒരു സംസ്‌കൃതി ഉള്‍ക്കൊള്ളുന്ന രാഷ്ട്രത്തെയാണ് മോദി സര്‍ക്കാരും ബിജെപിയും വീണ്ടും നൂറ്റാണ്ടുകള്‍ക്ക് പിന്നിലേയ്ക്ക് നയിക്കുന്നത്. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടി ജനങ്ങള്‍ക്കിടയില്‍ ബോധപൂര്‍വ്വം സൃഷ്ടിക്കുന്ന വൈകാരിക അകല്‍ച്ചകള്‍ നാളെകളില്‍ ഒറ്റ രാഷ്ട്രം, ഒറ്റ ജനത എന്ന സങ്കല്പത്തിനെ തന്നെ മാറ്റിമറിക്കാം. ഇന്ത്യയെന്ന രാഷ്ട്രത്തിന്റെ സ്വത്വം സംരക്ഷിക്കുവാനും മതേതര കാഴ്ചപ്പാടുകള്‍ നിലനിര്‍ത്താനും ബഹുജനങ്ങളും രാഷ്ട്രീയ പാര്‍ട്ടികളും രാഷ്ട്രീയ വര്‍ഗ്ഗ ഭിന്നതകള്‍ മാറ്റിവെച്ച് കൈ കോര്‍ക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.

ജോജി തോമസ് മലയാളം യുകെ ന്യൂസ് ടീം മെമ്പറും ആനുകാലിക സംഭവങ്ങൾ സൂക്ഷ്മമായി വിലയിരുത്തുന്ന സാമൂഹിക നിരീക്ഷകനുമാണ്. മാസാവസാനങ്ങളിൽ പ്രസിദ്ധീകരിക്കുന്ന മാസാന്ത്യാവലോകനം എന്ന ഈ പംക്തി കൈകാര്യം ചെയ്യുന്നത് ജോജി തോമസാണ്.