സ്വന്തം ലേഖകൻ

ലണ്ടൻ : ജൂൺ 15 മുതൽ പൊതുഗതാഗതം ഉപയോഗിക്കുന്ന യാത്രക്കാർക്ക് മാസ്ക് നിർബന്ധമാക്കുമെന്ന് ഗതാഗത സെക്രട്ടറി ഗ്രാന്റ് ഷാപ്സ്. മാസ്ക് ധരിക്കാതെ യാത്ര ചെയ്യുന്നവരിൽ നിന്ന് പിഴ ഈടാക്കാനും പദ്ധതിയുണ്ട്. വളരെ ചെറിയ കുട്ടികൾ, വികലാംഗർ, ശ്വസിക്കാൻ ബുദ്ധിമുട്ടുള്ളവർ എന്നിവരെ മുഖം മൂടി സഞ്ചരിക്കുന്നതിൽ നിന്നും ഒഴിവാക്കും. ബസ്, ട്രെയിൻ, വിമാനം തുടങ്ങിയവയിൽ ഇനി ആളുകൾ മാസ്ക് ധരിച്ച് യാത്ര ചെയ്യേണ്ടി വരും. രോഗവ്യാപനം തടയുന്നതിന് മാസ്ക് സഹായിക്കുമെന്നിരിക്കെ പൊതുഗതാഗതത്തിൽ സഞ്ചരിക്കുന്നവർ അത് ധരിക്കേണ്ടതിന്റെ ആവശ്യകത ഏറുകയാണ്. സ്‌കോട്ട്‌ലൻഡിലും ഇതേ പദ്ധതി നടപ്പിലാക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നതായി നിക്കോള സ്റ്റർജിയൻ പറഞ്ഞു. കടകളിലും പൊതുഗതാഗതത്തിലും മാസ്കുകൾ ധരിക്കാൻ സ്കോട്ട്ലൻഡ് നിലവിൽ ശുപാർശ ചെയ്യുന്നു. വെയിൽസിൽ, പൊതുജനങ്ങൾക്ക് മാസ്കുകൾ ഇതുവരെ നിർബന്ധമാക്കിയിട്ടില്ല. വടക്കൻ അയർലണ്ടിൽ, ആളുകൾക്ക് സാമൂഹിക അകലം പാലിക്കാൻ കഴിയാത്ത സ്ഥലങ്ങളിൽ മാസ്ക് ധരിക്കുന്നത് പരിഗണിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

“വിവേകമുള്ള യാത്രക്കാർ അവരുടെ കടമ നിർവഹിക്കുകയും തങ്ങളെയും മറ്റുള്ളവരേയും പരിപാലിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു.” ഡൗണിംഗ് സ്ട്രീറ്റ് ബ്രീഫിംഗിൽ ഷാപ്സ് പറഞ്ഞു. ഗതാഗത യൂണിയനുകൾ സർക്കാരിന്റെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്തു. യാത്രക്കാരുടെ ആശങ്കകൾ ലഘൂകരിക്കാൻ സഹായിക്കുന്ന വിവേകപൂർണ്ണമായ നടപടിയാണിതെന്ന് ട്രെയിൻ ഡ്രൈവഴ്സ് യൂണിയൻ ജനറൽ സെക്രട്ടറി മിക് വീലൻ അറിയിച്ചു.

കൂടുതൽ ആളുകൾ ജോലിസ്ഥലത്തേയ്ക്ക് മടങ്ങുകയും സ്കൂളുകൾ വീണ്ടും തുറക്കുകയും ചെയ്തതിനാൽ വെല്ലുവിളികൾ വർദ്ധിച്ചുകൊണ്ടിരിക്കുകയാണെന്ന് ഷാപ്പ്സ് പറഞ്ഞു. എന്നാൽ ആളുകൾക്ക് പൊതുഗതാഗതം ആവശ്യമെങ്കിൽ മാത്രമേ ഉപയോഗിക്കാവൂ എന്നും ഗതാഗത സെക്രട്ടറി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ക്ലിനിക്കൽ മാസ്കുകൾ ആരോഗ്യ പ്രവർത്തകർക്ക് ഉപയോഗിക്കുന്നതിനായി നീക്കിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രോഗം പടരുന്നത് തടയാൻ മാസ്ക് ഉപയോഗപ്രദമാകുമെന്ന് സേജ് വിദഗ്ദർ അടുത്തിടെ അറിയിച്ചിരുന്നു. ഈയൊരു പ്രഖ്യാപനത്തെത്തുടർന്ന് ക്ലിനിക്കൽ‌ സ്റ്റാൻ‌ഡേർ‌ഡ് മാസ്കുകൾ‌ വാങ്ങുവാൻ പൊതുജനം തിരക്കുകൂട്ടുമെന്ന ആശങ്കയും ഉയരുന്നു.