ഷിബു മാത്യൂ. മലയാളം യുകെ

യുകെയിലെ വെസ്റ്റ് യോർക്ഷയറിലെ കീത്തിലിയിൽ താമസിക്കുന്ന ലിബിൻ ജോസഫിൻ്റെ വീട്ടിൽ വൻ മോഷണം. ലിബിനും കുടുംബവും കുടുംബ സുഹൃത്തുക്കളോടൊപ്പം ഹോളിഡെയ്സിന് പോയ തക്കം നോക്കിയാണ് മോഷണം നടന്നത്. വീടിൻ്റെ പാറ്റി ഡോർ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ അതിക്രമിച്ച് കയറിയത്. 26 പവൻ സ്വർണ്ണം, നൂറോളം പൗണ്ട്, 2 മൊബൈൽ ഫോണുകൾ തുടങ്ങി വിലപിടിപ്പുള്ള ബാഗുകളും ID കാർഡുകളും മോഷ്ടാക്കൾ കവർന്നു കളഞ്ഞു.

കഴിഞ്ഞ ശനിയാഴ്ച്ചയാണ് ലിബിനും കുടുംബവും സുഹൃത്തുക്കളോടൊപ്പം സ്കോട്ട് ലൻഡിൽ ഹോളിഡേയ്ക്ക് പോയത്. ഇന്നലെ രാത്രി പതിനൊന്നു മണിയോട് കൂടി തിരിച്ചെത്തി വീട് തുറന്നു നോക്കിയപോഴാണ് വീടിൻ്റെ പിന്നിലെ വാതിൽ തകർത്ത നിലയിൽ കാണപ്പെട്ടത്. തുടർന്ന് നടന്ന അന്വേഷണത്തിലാണ് സ്വർണ്ണമുൾപ്പെടെ വിലപിടിപ്പുള്ള പലതും നഷ്ടമായെന്നറിയുന്നത്. ഉടനെ തന്നെ പോലീസിൽ വിവരമറിയിച്ചു. പോലീസും ഫോറൻസിക് വിദഗ്ദരും സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൃത്യമായ പ്ലാനിങ്ങോട് കൂടിയാണ് മോഷ്ടാക്കൾ കവർച്ചയ്ക്കെത്തിയത്. ലിബിനെയും കുടുംബത്തേയും മോഷ്ടാക്കൾ സശ്രദ്ധം വീക്ഷിക്കുന്നുണ്ടായിരുന്നു എന്നത് മോഷണത്തിൻ്റെ സ്വഭാവത്തിലറിയാൻ സാധിക്കുന്നുണ്ട്. മോഷണത്തിൻ്റെ രീതി കണ്ട പോലീസ് പ്രൊഫഷണൽ മോഷ്ടാക്കളാണ് മോഷണം നടത്തിയത് എന്ന നിഗമനത്തിലാണ്. സ്വർണ്ണവും പണവുമായിരുന്നു ലക്ഷ്യം. ഗ്ലാസ് തകർത്തതൊഴിച്ചാൽ വീടിന് കേടുപാടുകൾ വരുത്തുകയോ TV , ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ തുടങ്ങിയ ഗ്രഹോപകരണങ്ങൾ ഒന്നും മോഷ്ടിച്ചിട്ടില്ല. വീടിൻ്റെ പിറകുവശം വിശാലമായ ഫാം ആണ്. അതുവഴിയാണ് മോഷ്ടാക്കൾ എത്തിയത്. ചെളിപുരണ്ട കാല്പാദങ്ങൾ തറയിൽ വ്യക്തമാണ്. കേരളത്തിൽ എറണാകുളം ജില്ലയിലെ പിറവത്താണ് ലിബിനും ഭാര്യ ജോയ്സിയുടെയും വീട് സ്ഥിതി ചെയ്യുന്നത്. അടുത്ത കാലത്താണ് സ്വന്തമായി പുതിയ വീട് വാങ്ങി ഇവർ താമസം തുടങ്ങിയത്.

മലയാളികളുടെ വീടുകളെ ലക്ഷ്യം വെച്ചു കൊണ്ടുള്ള മോഷണങ്ങളുടെ പരമ്പര തന്നെയാണ് യുകെയിൽ നടക്കുന്നത്. വെസ്റ്റ് യോർക്ഷയറിൽ മലയാളികളുടെ വീട്ടിൽ തന്നെ പതിനാറോളം മോഷണങ്ങളാണ് കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നടന്നത്. രണ്ടാഴ്ച മുമ്പ് വെയ്ക്ഫീൽഡ് മലയാളി ജോയിസ് മുണ്ടയ്ക്കലിൻ്റെ വീട്ടിൽ നടന്ന മോഷണമാണ് അവസാനമായി റിപ്പോർട്ട് ചെയ്തത്. എല്ലാ മോഷണങ്ങൾക്കും ഒരേ സ്വഭാവമാണ്. സ്വർണ്ണവും പണവുമാണ് ലക്ഷ്യം.

മലയാളികൾ അവരുടെ നീക്കങ്ങളും ജീവിത രീതികളും ചിത്രങ്ങൾ സഹിതം ഫേസ്ബുക്കിലും മറ്റ് സോഷ്യൽ മീഡിയയിലും പങ്കുവെയ്ക്കുന്നത് ഒരു പരിധിവരെ മോഷ്ടാക്കൾക്കാണ് കൂടുതൽ ഗുണം ചെയ്യുന്നത്. കൃത്യമായി മലയാളികൾ എവിടെയുണ്ട് എന്നത് അധികം കഷ്ടപ്പെടാതെ മോഷ്ടാക്കൾക്കറിയാൻ സാധിക്കും. യോർക്ഷയർ പോലീസ് പറഞ്ഞു.