ന്യൂസ് ഡെസ്ക് മലയാളം യുകെ
ഇന്ന് പുലർച്ചെ ബ്രാഡ്ഫോർഡിലെ ഒരു ഫർണിച്ചർ ഫാക്ടറിയിലുണ്ടായ തീപിടുത്തത്തെ തുടർന്ന് വൻ നാശനഷ്ടങ്ങൾ. തീപിടുത്തത്തെ തുടർന്ന് ഒട്ടേറെ വീടുകൾ ഒഴിപ്പിക്കുകയും ഒരു സ്കൂൾ അടയ്ക്കുകയും ചെയ്തു. സംഭവത്തെ തുടർന്ന് സ്‌ഥലത്തെ വൈദ്യുതിബന്ധം നിലച്ചു. അർദ്ധ രാത്രിയിൽ നടന്ന സ്ഫോടനത്തെ തുടർന്ന് ഏകദേശം മുപ്പതോളം പേരെയാണ് അടിയന്തരമായി ഒഴിപ്പിച്ചത്.
നഗരത്തിലുടനീളം സ്ഫോടനത്തെ തുടർന്നുണ്ടായ തീ കാണാമായിരുന്നെന്ന് പ്രദേശവാസികളിൽ ഒരാൾ പറഞ്ഞു. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല. സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്ത് വൻ സുരക്ഷയാണ് ഏർപ്പെടുത്തിയിരിക്കുന്നത്. സമീപത്തുള്ള സൂപ്പർമാർക്കറ്റുകളും പ്രൈമറി സ്കൂളുകളും അടയ്ക്കേണ്ടതായി വന്നു. തീ ഏകദേശം ഒരു ഫുട്ബോൾ പിച്ചിനോട് തുല്യമായ സ്ഥലത്ത് വ്യാപിച്ചിട്ടുണ്ടെന്ന് വെസ്‌റ്റ് യോർക്ക് ഷെയർ ഫയർ ആൻഡ് റെസ്ക്യൂ സർവീസ് അറിയിച്ചു.
കെട്ടിടത്തിലേയ്ക്കുള്ള വൈദ്യുതിയും ഗ്യാസ് സപ്ലൈയും അഗ്നിശമന പ്രവർത്തനത്തിന്റെ ഭാഗമായി നിർത്തിയിട്ടിരിക്കുകയാണ്. ഏകദേശം പുലർച്ചെ 2. 45 നാണ് അഗ്നിശമനസേനാംഗങ്ങൾക്ക് വിവരം ലഭിച്ചത്. പതിനെട്ടോളം ഫയർ എൻജിനുകളുടെ സഹായത്തോടെയാണ് തീ നിയന്ത്രിച്ചത്. നൂറ്റമ്പതോളം വീടുകളിലേയ്ക്കുള്ള വൈദ്യുതി രാവിലെ 9 .30 ഓടെയാണ് പുന:സ്ഥാപിക്കാൻ സാധിച്ചത്.
Leave a Reply