ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

യു കെ :- കോവിഡിന് ശേഷം സാധനങ്ങളുടെ വിലകൾ കുതിച്ചുയർന്ന സാഹചര്യത്തിൽ ജനങ്ങളുടെ ഷോപ്പിംഗ് രീതികളിൽ ക്രമാതീതമായ മാറ്റം ദൃശ്യമാകുന്നുണ്ടെന്ന് അനലിസ്റ്റ് സ്ഥാപനമായ കാന്റർ വ്യക്തമാക്കിയിരിക്കുകയാണ്. സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നതും, ഓൺ- ലേബൽ ഉൽപ്പന്നങ്ങൾ അഥവാ വലിയ ബ്രാൻഡുകൾ അല്ലാതെ ചെറിയ സ്ഥാപനങ്ങൾ ഉത്പാദിപ്പിക്കുന്ന ഉൽപ്പന്നങ്ങൾ ഉപയോഗിക്കുന്നവരുടെ എണ്ണം കൂടുന്നതും, ഡിസ്കൗണ്ടുകൾ ലഭിക്കുന്നതിന് ലോയൽറ്റി സ്കീമുകളെ ആശ്രയിക്കുന്നവരുടെ എണ്ണത്തിൽ വന്നിരിക്കുന്ന വർദ്ധനവും എല്ലാം ഈ മാറ്റത്തിന്റെ സൂചന ആണെന്നാണ് റിപ്പോർട്ടുകൾ വ്യക്തമാക്കുന്നത്. ജീവിത ചെലവുകളിൽ വന്നിരിക്കുന്ന വർദ്ധനവ്, ഭക്ഷ്യസാധനങ്ങളുടെ വിലയിലുള്ള ക്രമാതീതമായ കുതിച്ചുകയറ്റം എന്നിവയാണ് ഈ മാറ്റത്തിന് കാരണമെന്നാണ് വിദഗ്ധർ സൂചിപ്പിക്കുന്നത്. ബിബിസി സൂചിപ്പിക്കുന്ന കണക്കുകൾ പ്രകാരം, കോവിഡിന് മുൻപ് ഒരു ശരാശരി കുടുംബം ഒരു മാസം 18 തവണ ഗ്രോസറി സ്റ്റോർ സന്ദർശിച്ചിരുന്നുവെങ്കിൽ, കോവിഡിന് ശേഷം അത് ഒരു മാസം 16 തവണയായി കുറഞ്ഞിരിക്കുകയാണ്. അതോടൊപ്പം തന്നെ ലോക്ക് ഡൗൺ കാലഘട്ടത്തിൽ ഓൺലൈൻ ഷോപ്പിംഗ് സ്ഥിരമാക്കിയ പ്രായമായവരിൽ ഭൂരിഭാഗവും ഇപ്പോൾ ആ രീതി ഉപേക്ഷിച്ചെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. 2021 ഫെബ്രുവരിയിൽ ഗ്രോസറി ഷോപ്പിങ്ങിന്റെ 15.4 ശതമാനം ഓൺലൈൻ രീതിയിലൂടെ ആയിരുന്നെങ്കിൽ ഇപ്പോൾ അത് 12% ആയി ചുരുങ്ങിയിട്ടുണ്ട്. എന്നാൽ യുവാക്കളിൽ ഭൂരിഭാഗവും ഇപ്പോഴും ഓൺലൈൻ രീതി തന്നെയാണ് തുടരുന്നതെന്ന് റീട്ടെയിൽ അനലിസ്റ്റ് സ്ഥാപനമായ സാവി മാർക്കറ്റിംഗിന്റെ ഉടമ കാതറിൻ ഷട്ടിൽവർത്ത് വ്യക്തമാക്കി.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


2005 കാലഘട്ടത്തിൽ ഗ്രോസറി വില്പനയുടെ 45 ശതമാനം മാത്രമായിരുന്നു ഓൺ – ലേബൽ ഉൽപ്പന്നങ്ങളുടെ വിപണനമെങ്കിൽ, 2022 ആയപ്പോഴേക്കും അത് 51 ശതമാനമായി ഉയർന്നിട്ടുണ്ട്. മുൻപ് ഇത്തരം ഉത്പന്നങ്ങൾ വാങ്ങാതിരുന്നവർ പോലും ഇപ്പോൾ അതിലേക്ക് നയിക്കപ്പെടുന്നുണ്ടെന്ന് സർവ്വേ സൂചിപ്പിക്കുന്നു. മത്സരാധിഷ്ഠിത വിപണിയിൽ വേറിട്ടുനിൽക്കാൻ സഹായിക്കുന്നതിനാൽ സൂപ്പർമാർക്കറ്റുകളും അവരുടെ സ്വന്തം ലേബൽ ശ്രേണികൾ വികസിപ്പിക്കുന്നതിൽ ശ്രദ്ധ ചെലുത്തുന്നുണ്ട്. ഈ പ്രവണത താൽക്കാലികമായിരിക്കുവാൻ സാധ്യതയുണ്ടെങ്കിലും, ഇത്തരം ഉൽപ്പനങ്ങൾ ഇഷ്ടപ്പെട്ടവർ അത് തുടർന്നും വാങ്ങുവാനുള്ള സാധ്യതയും കണക്കിലെടുക്കാമെന്ന് വിദഗ്ധർ വ്യക്തമാക്കുന്നു.


ഡിസ്കൗണ്ടുകൾ ലഭിക്കുന്നതിനായി ആളുകൾ ലോയൽറ്റി സ്കീമുകളിലേക്ക് മാറുന്ന പ്രവണതയും കൂടുതൽ ദൃശ്യമാകുന്നുണ്ട്. ഇതോടൊപ്പം തന്നെ ഡിസ്കൗണ്ടുകൾ ലഭിക്കുന്ന ആൽഡി, ലിഡൽ തുടങ്ങിയ സൂപ്പർമാർക്കറ്റുകൾ സന്ദർശിക്കുന്നവരുടെ എണ്ണവും ക്രമാതീതമായി വർദ്ധിക്കുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ജനങ്ങൾ പരമാവധി പണം കുറച്ച് ചെലവാക്കാനാണ് ശ്രമിക്കുന്നതെന്നാണ് ഈ രീതികളിൽ നിന്നെല്ലാം തന്നെ വ്യക്തമാകുന്നത്.