ന്യൂസ് ഡെസ്ക്, മലയാളം യുകെ
ഓൺലൈൻ തട്ടിപ്പുകൾക്കായി ലാബ്ഹോസ്റ്റ് എന്ന വെബ്‌സൈറ്റ് നടത്തിയതിന് ഹഡേഴ്‌സ്‌ഫീൽഡിൽ നിന്നുള്ള 24 വയസ്സുകാരനായ സാക്ക് കോയ്‌നെ എട്ടര വർഷം തടവിന് വിധിച്ചു. ഫിഷിംഗിനുള്ള ഒരു “വൺ-സ്റ്റോപ്പ് ഷോപ്പ്” എന്ന നിലയിലായിരുന്നു വെബ്സൈറ്റ് പ്രവർത്തിച്ച് വന്നത്. ഇത് വഴി സാക്ക് കോയ്‌നെ, യഥാർത്ഥ പേയ്‌മെന്റ് സൈറ്റുകൾ അല്ലെങ്കിൽ ഷോപ്പിംഗ് സൈറ്റുകളെ പോലെ തോന്നിക്കുന്ന വ്യാജ വെബ്‌സൈറ്റുകൾ സൃഷ്ടിക്കാൻ സ്കാമർമാരെ സഹായിച്ചു. 2,000-ത്തിലധികം ആളുകൾ ഈ പ്ലാറ്റ്‌ഫോമിൽ സബ്‌സ്‌ക്രൈബു ചെയ്യുകയും തങ്ങളുടെ ഇരകൾക്ക് വ്യാജ സന്ദേശങ്ങൾ അയയ്ക്കുകയും ചെയ്‌തു.
ലോകമെമ്പാടുമുള്ള പത്ത് ലക്ഷത്തിലധികം ആളുകളാണ് ഇത്തരത്തിൽ വ്യാജ സന്ദേശത്തിൻെറ ചതി കുഴിയിൽ വീണത്. യുകെയിലെ 70,000 പേർ ഇതിന് ഇരകളായി. ഇത്തരം തട്ടിപ്പിൽ 100 മില്യൺ പൗണ്ടിലധികം നഷ്ടമായതായാണ് കണക്കുകൾ സൂചിപ്പിക്കുന്നത്. തട്ടിപ്പുമായി ബന്ധപ്പെട്ട മൂന്ന് കുറ്റകൃത്യങ്ങൾ സാക്ക് കോയ്‌ൻ സമ്മതിച്ചതിന് പിന്നാലെ മാഞ്ചസ്റ്റർ ക്രൗൺ കോടതിയിൽ ശിക്ഷ വിധിക്കുകയായിരുന്നു. മെട്രോപൊളിറ്റൻ പോലീസും അന്താരാഷ്ട്ര നിയമ നിർവ്വഹണ ഏജൻസികളും നടത്തിയ അന്വേഷണത്തിനൊടുവിൽ സാക്ക് കോയ്‌നെയുടെ വെബ്സൈറ്റ് 2024 ഏപ്രിലിൽ അടച്ചുപൂട്ടി. 2021 ഓഗസ്റ്റ് മുതൽ 2023 ഒക്ടോബർ വരെ പ്രവർത്തിച്ചിരുന്ന ഈ സൈറ്റ് തട്ടിപ്പുകാരെ സഹായിക്കുകയും ചെയ്‌തിരുന്നു.
ഉയർന്ന സബ്‌സ്‌ക്രിപ്ഷൻ ഫീസ് ഓരോ മാസവും അടയ്ക്കുന്നത് വഴി, സ്‌കാമർമാർക്ക് വിശ്വസനീയമായ ബാങ്കിംഗ്, സർക്കാർ, വാണിജ്യ വെബ്‌സൈറ്റുകളുടെ വ്യാജ പതിപ്പുകളിലേയ്ക്ക് ആക്‌സസ് ലഭിക്കും. ഇതുവഴി ഇവർക്ക് ആളുകളുടെ വ്യക്തിപരവും സാമ്പത്തികവുമായ വിവരങ്ങൾ ലഭിക്കും. സാങ്കേതിക വൈദഗ്ധ്യം കുറവുള്ള തട്ടിപ്പുകാർക്ക് പോലും ഇത് ഉപയോഗിച്ച് തട്ടിപ്പ് നടത്താം. ബാങ്ക് കാർഡ് നമ്പറുകൾ, പിൻ കോഡുകൾ തുടങ്ങിയ വിശദാംശങ്ങൾ മോഷ്ടിക്കാനും ഈ സൈറ്റ് തട്ടിപ്പുകാരെ സഹായിച്ചു. ഓതറൈസ്‌ഡ് പുഷ് പേയ്‌മെന്റ് (APP) തട്ടിപ്പ് വഴി 91 രാജ്യങ്ങളിലായി ഒരു ദശലക്ഷത്തിലധികം ആളുകളാണ് തട്ടിപ്പിന് ഇരയായത്. യുകെയിൽ മാത്രം ഇരകൾക്ക് 32 മില്യൺ പൗണ്ട് നഷ്ടപ്പെട്ടു. അതേസമയം ആഗോളതലത്തിൽ ഏകദേശം 100 മില്യൺ പൗണ്ട് നഷ്ടമായി. തട്ടിപ്പുകാരുടെ കൈയിൽ നിന്നും ലാബ് ഹോസ്റ്റിന് 1 മില്യൺ പൗണ്ട് ലാഭം ആണ് ഉണ്ടായത്. തട്ടിപ്പ് പുറത്തായതിന് പിന്നാലെ യുകെയിലെ 25,000 ഇരകളെ പോലീസ് തിരിച്ചറിയുകയും വ്യാജ വെബ്‌സൈറ്റുകളെ കുറിച്ച് മുന്നറിയിപ്പ് നൽകുകയും ചെയ്തു.
Leave a Reply