യു.പിയിലെ മഥുരയിൽ സ്ഥിതി ചെയ്യുന്ന ഷാഹി ഈദ്ഗാഹ് പള്ളി നീക്കണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹരജി മഥുര കോടതി ഫയലിൽ സ്വീകരിച്ചു. നേരത്തെ സിവിൽ കോടതി തള്ളിയ ഹരജിയാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. കൃഷ്ണ ജന്മഭൂമിയിലാണ് മഥുരയിലെ ഷാഹി ഇൗദ് ഗാഹി പള്ളി സ്ഥിതി ചെയ്യുന്നതെന്നും ഇത് നീക്കണമെന്നാവശ്യപ്പെട്ടുമാണ് ഹരജി നൽകിയിരിക്കുന്നത്.
സിവിൽ കോടതി നടപടിക്കെതിരെ സമർപ്പിച്ച അപ്പീൽ ജില്ലാ കോടതി അംഗീകരിക്കുകയായിരുന്നു. ജില്ലാ കോടതി ജഡ്ജി സാധന റാണി താക്കൂർ നവംബർ 18ന് ഹരജി പരിഗണിക്കും.17ാം നൂറ്റാണ്ടിൽ പണികഴിപ്പിച്ച സാഹി ഇദ്ഗാഹ് പള്ളി കൃഷ്ണെൻറ ജന്മസ്ഥലത്താണ് നിൽക്കുന്നതെന്നാണ് ഹരജിക്കാരുടെ വാദം. പള്ളി നിൽക്കുന്നതുൾപ്പടെയുള്ള 13 ഏക്കർ സ്ഥലവും കാത്റ കേശവ്ദേവ് ക്ഷേത്രത്തിെൻറ ഭാഗമാണെന്നും ഇവർ വാദിക്കുന്നു.
സുന്നി വഖഫ് ബോർഡിനേയും സാഹി മസ്ജിദ് ഇദ്ഗാഹ് ട്രസ്റ്റിനേയും എതിർകക്ഷിയാക്കിയാണ് ഹരജി സമർപ്പിച്ചിട്ടുള്ളത്. അതേസമയം പുറത്ത് നിന്നുള്ള ചിലരെത്തി മഥുരയിൽ പ്രശ്നങ്ങളുണ്ടാക്കാൻ ശ്രമിക്കുകയാണെന്ന് പൂജാരിമാരുടെ സംഘടനയായ അഖില ഭാരതീയ തീർത്ഥ പുരോഹിത് മഹാസഭ പ്രസിഡൻറ് മഹേഷ് പതക് പറഞ്ഞു. പള്ളിയും ക്ഷേത്രവും തമ്മിൽ തർക്കങ്ങളൊന്നും നില നിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
Leave a Reply