ഷെറിൻ പി യോഹന്നാൻ , മലയാളം യുകെ ന്യൂസ് ടീം
ലണ്ടൻ : യുകെയിലുടനീളം കൊറോണ വൈറസ് വാക്സിനേഷൻ സെന്ററുകൾ ആരംഭിക്കുന്നുവെന്ന് ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്ക്. രാജ്യത്തുടനീളമുള്ള സൈറ്റുകളിലും ആശുപത്രികളിലും ജിപികളിലും ആളുകൾക്ക് വാക്സിനേഷൻ നൽകും. ഫൈസർ-ബയോടെക് വാക്സിൻ ഫലപ്രദമാണോയെന്ന് വിലയിരുത്താൻ മെഡിക്കൽ റെഗുലേറ്ററോട് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ട്. റെഗുലേറ്റർ അംഗീകരിച്ചാൽ വാക്സിനേഷൻ അടുത്ത മാസം ആരംഭിക്കുമെന്ന് ഹാൻകോക്ക് പറഞ്ഞു. വാക്സിൻ കുത്തിവയ്പ്പിന്റെ ഭൂരിഭാഗവും പുതുവർഷത്തിലായിരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്നലെ പുതുതായി 20,252 കേസുകളും 511 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
ഫൈസർ-ബയോടെക് വാക്സിൻ -70 സെൽഷ്യസിൽ സൂക്ഷിക്കേണ്ടത് വലിയൊരു വെല്ലുവിളിയാണെന്നും എന്നാൽ എൻഎച്ച്എസ് അതിനായി പ്രവർത്തിക്കുന്നുണ്ടെന്നും ഡൗണിംഗ് സ്ട്രീറ്റിൽ സംസാരിച്ച ഹാൻകോക്ക് പറഞ്ഞു. എൻഎച്ച്‌എസ് ജീവനക്കാർക്കായി ആശുപത്രികളിൽ വാക്സിനേഷൻ ഹബുകളും സ്ഥാപിക്കുന്നുണ്ട്. സ്പോർട്സ് ഹാളുകൾ പോലുള്ള സ്ഥലങ്ങളിൽ വാക്സിനേഷൻ കേന്ദ്രങ്ങൾ സ്ഥാപിക്കാൻ കഴിയും. ആളുകൾക്ക് എപ്പോൾ പ്രതിരോധ കുത്തിവയ്പ് നൽകാമെന്ന ചോദ്യത്തിന്, അത് വാക്സിനുകൾ നിർമ്മിക്കുന്ന വേഗതയെ ആശ്രയിച്ചിരിക്കുമെന്നാണ് ഹാൻകോക്ക് മറുപടി പറഞ്ഞത്. “എല്ലാ വാക്സിനുകളുടെയും നിർമ്മാണ പ്രക്രിയ ബുദ്ധിമുട്ടുള്ളതും അനിശ്ചിതത്വവുമാണെന്ന് ഞങ്ങൾക്കറിയാം. അതിനാൽ കഴിയുന്ന വേഗതയിൽ വാക്സിൻ ഉത്പാദിപ്പിക്കാൻ ഞാൻ എൻഎച്ച്എസിനോട് ആവശ്യപ്പെട്ടു.” അദ്ദേഹം കൂട്ടിച്ചേർത്തു.
ഫൈസർ-ബയോടെക് വാക്സിൻ വിലയിരുത്താൻ സ്വതന്ത്ര മെഡിക്കൽ റെഗുലേറ്ററായ മെഡിസിൻസ് ആന്റ് ഹെൽത്ത് കെയർ പ്രൊഡക്റ്റ്സ് റെഗുലേറ്ററി ഏജൻസിയോട് സർക്കാർ ഔദ്യോഗികമായി ആവശ്യപ്പെട്ടിട്ടുണ്ടെന്നും ഹാൻകോക്ക് സ്ഥിരീകരിച്ചു. വാക്സിൻ നിർമ്മാതാക്കൾ യുഎസിൽ അംഗീകാരത്തിനായി അപേക്ഷിച്ചതിനെത്തുടർന്ന് ഈ പ്രക്രിയ ആരംഭിക്കാനുള്ള ആത്മവിശ്വാസം യുകെ സർക്കാരിനു ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു.
Leave a Reply