മെല്‍ബണ്‍: കടലില്‍ സര്‍ഫിംഗിനിടെ മുന്‍ ഓസ്ട്രേലിയന്‍ ഓപ്പണര്‍ മാത്യു ഹെയ്ഡന് ഗുരുതര പരിക്ക്. ക്യൂന്‍സ്ലാന്‍ഡില്‍ മകനോടൊപ്പം അവധിക്കാലം ആഘോഷിക്കുന്നതിനിടെയാണ് ഹെയ്ഡന് പരിക്കേറ്റത്. തലയ്ക്കും കഴുത്തിട് തൊട്ട് താഴെ നട്ടെല്ലിനും പരിക്കേറ്റ ഹെയ്ഡന് ചികിത്സയിലാണ്. ഹെയ്ഡന്റെ വാരിയെല്ലുകളില്‍ പൊട്ടലുണ്ട്. നെറ്റിയിലും മുറിവേറ്റിട്ടുണ്ട്. പരിക്ക് പറ്റിയതിന്റെ ചിത്രങ്ങള്‍ ഹെയ്ഡന് തന്നെയാണ് തന്റെ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തത്.
പരിക്കിന്റെ വിശദാംശങ്ങള്‍ അടക്കമാണ് ഹെയ്ഡന്റെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്. സര്‍ഫിംഗിനിടെ കൂറ്റന്‍ തിരമാലയ്ക്കടിയില്‍ പെട്ടാണ് പരിക്കേറ്റതെന്ന് ഹെയ്ഡന് കൊറിയര്‍ മെയില്‍ പത്രത്തോട് പറഞ്ഞു. ഒന്നിന് പുറകെ ഒന്നായി അടിച്ച കൂറ്റന്‍ തിരകള്‍ക്ക് അടിയില്‍ പെട്ടത് മാത്രമേ ഓര്‍മയുള്ളൂവെന്നും ഭാഗ്യംകൊണ്ടാണ് ജീവന് തിരിച്ചുലഭിച്ചതെന്നും ഹെയ്ഡന് വ്യക്തമാക്കി.
ഇതാദ്യമായല്ല ഹെയ്ഡന് കടലില്‍വെച്ച് പരിക്കേല്‍ക്കുന്നത്. 1999ല്‍ നോര്‍ത്ത് സ്ട്രാട്ബ്രോക്ക് ദ്വീപിലേക്ക് മീന്‍ പിടിക്കാന്‍ പോവുന്നതിനിടെ ബോട്ട് മറിഞ്ഞതിനെത്തുടര്‍ന്ന് കടലിലൂടെ കിലോമീറ്റററുകളോളം നീന്തിയാണ് ഹെയ്ഡന് രക്ഷപ്പെട്ടത്. മുന്‍ ഓസ്ട്രേലിയന്‍ താരമായ ആന്‍ഡ്യ്രു സൈമണ്ട്സും ഈ സമയം ഹെയ്ഡനൊപ്പമുണ്ടായിരുന്നു.
2009ല്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 46കാരനായ ഹെയ്ഡന് ഓസ്ട്രേലിയയുടെ ഏറ്റവും മികച്ച ഓപ്പണിംഗ് ബാറ്റ്സ്മാനായാണ് വിലയിരുത്തപ്പെടുന്നത്.
Leave a Reply