ആലപ്പുഴ മാവേലിക്കരയിൽ ഗുണ്ടാസംഘം യുവാവിനെ കുത്തിക്കൊലപ്പെടുത്തിയ കേസിൽ പ്രതികൾക്ക് ജീവപര്യന്തം തടവും 5 ലക്ഷം രൂപവീതം പിഴയും. മാവേലിക്കര വെട്ടിയാർ സ്വദേശികളായ ബിബിൻ വർഗീസ്, റോബിൻ ഡേവിഡ് എന്നിവർക്ക് മാവേലിക്കര അഡീ. ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്. കൊല്ലം സ്വദേശിയായ ഡെസ്റ്റമൺ 2015 ഏപ്രിൽ 13 ന് കൊല്ലപ്പെട്ട കേസിലാണ് വിധി.
ബാന്റ് സംഘത്തിലെ അംഗമായിരുന്ന 28 കാരാനായ കൊല്ലം പള്ളിത്തോട്ടക്കര സ്വദേശി ഡെസ്റ്റമൺ മറ്റൊരു ബാന്റ് സംഘത്തിന്റെ പരിപാടി കാണുന്നതിനാണ് മാവേലിക്കരയിൽ എത്തിയത്. സുഹൃത്തുക്കൾക്ക് ഒപ്പം ബൈക്കിൽ മടങ്ങവേ കൊച്ചാലം മൂട്ടിലുള്ള പമ്പിൽ ഇന്ധനം നിറയ്ക്കാൻ കയറി. ആ സമയം പ്രതികളായ ബിബിൻ വർഗീസും റോബിൻ ഡേവിഡും അവിടെ കാറിൽ എത്തിയിരുന്നു. പെട്രോൾ പമ്പിൽവച്ച് പ്രതികളുടെ കാറിന്റെ ഡിക്കി തുറന്നിരിക്കുന്നത് ഡെസ്റ്റമണും സുഹൃത്തും ചൂണ്ടിക്കാണിച്ചു. അസഭ്യം പറഞ്ഞതാണെന്നു തെറ്റിദ്ധരിച്ച പ്രതികൾ ഡെസ്റ്റമണിന്റെ ബൈക്കിനെ പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. അഞ്ച് കുത്തേറ്റ ഡെസ്റ്റമൺ ആശുപത്രിയിലെത്തും മുൻപേ മരിച്ചു.
പ്രതികളിൽ നിന്നും ഈടാക്കുന്ന പിഴ തുക ഡെസ്റ്റമണിന്റെ അർബുദ രോഗിയായ അമ്മയ്ക്ക് നൽകണമെന്നും കോടതി വിധിച്ചിട്ടുണ്ട്.വിധി കേൾക്കാൻ അന്വേഷണ ഉദ്യോഗസ്ഥരും കോടതിയിൽ എത്തിയിരുന്നു.അതേ സമയം വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ അറിയിച്ചു.
	
		

      
      



              
              
              




            
Leave a Reply