സൗമ്യയെ കൊലപ്പെടുത്താൻ അജാസെത്തിയത് പ്രത്യേകം പണിയിച്ച ആയുധങ്ങളുമായി, വ്യക്തമായ ആസൂത്രണത്തോടെയെന്ന് പൊലീസ് നിഗമനം. അജാസ് ഉപയോഗിച്ച കൊടുവാളും കത്തിയും വിപണിയിൽ കിട്ടുന്ന വിധമുള്ളതല്ല. സാധാരണ കത്തിയേക്കാൾ നീളമുണ്ട്. കൊടുവാളിനും നല്ല നീളവും മൂർച്ചയുമുണ്ട്.

സൗമ്യയെ അപായപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ അജാസ് പറഞ്ഞു പണിയിച്ച ആയുധങ്ങളാകാം ഇവയെന്നാണു പൊലീസിന്റെ നിഗമനം. അതേസമയം അജാസ് എറണാകുളത്തുനിന്നാണു കൊടുവാൾ വാങ്ങിയതെന്നും ചില സൂചനകളുണ്ട്. കൃത്യമായി ജോലിക്കു ഹാജരായിരുന്ന അജാസ് കഴിഞ്ഞ കുറച്ചുനാളുകളായി ഇടയ്ക്കു അവധിയെടുത്തിരുന്നു

കഴിഞ്ഞ ദിവസങ്ങളിൽ തുടർച്ചയായി ലീവിലായിരുന്നെന്നും സൂചനയുണ്ട്. അവധിയെടുത്ത് സൗമ്യയെ നിരീക്ഷിക്കുകയായിരുന്നു എന്നാണു പൊലീസ് ന‍ിഗമനം. അജാസ് സൗമ്യയെ ഇടിച്ചിട്ട കാറിനുള്ളിൽ കൊടുവാളും കത്തിയും രണ്ടു കുപ്പി പെട്രോളും രണ്ടു സിഗരറ്റ് ലൈറ്ററും സൂക്ഷിച്ചിരുന്നു. ഏതുവിധത്തിലും കൊലപ്പെടുത്തണമെന്നു തീരുമാനിച്ചതിന്റെ സൂചനയാണിത്. ഒരു കുപ്പി പെട്രോളോ ഒരു ലൈറ്ററോ നഷ്്ടമായാലും ലക്ഷ്യം നടപ്പാക്കാനാണ് ഓരോന്നുകൂടി സൂക്ഷിച്ചതെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ക്ലാപ്പനയിലെ കുടുംബവീട്ടിൽ നിന്നു മക്കളെയും കൊണ്ട് വള്ളികുന്നത്തെ വീട്ടിലേക്കുള്ള യാത്ര സൗമ്യയ്ക്കു പതിവാണ്. മക്കൾ അമ്മയെ ചേർന്നിരിക്ക‍ാറുള്ള ആ സ്കൂട്ടറില‍ിടിച്ചു വീഴ്ത്തിയ ശേഷമാണ് ഇന്നലെ സൗമ്യയെ അജാസ് കൊലപ്പെടുത്തിയത്. കൊല്ലം ക്ലാപ്പന തണ്ടാശേരിൽ പുഷ്പാകരന്റെയും ഇന്ദിരയുടെയും മൂത്ത മകളാണ് സൗമ്യ. ഇന്ദിര രാപകൽ തയ്യൽ ജോലി ചെയ്താണ് സൗമ്യയെയും സഹോദരിയെയും പഠിപ്പിച്ചത്. പുഷ്പാകരൻ വർഷങ്ങളായി തളർന്നു കിടപ്പാണ്. ബിരുദം പാസായ സൗമ്യ കഠിനപരിശ്രമത്തിലൂടെ പൊലീസിൽ ജോലി നേടി

സൗമ്യയുടെ മൂന്നു മക്കളിൽ ഇളയവളായ 4 വയസ്സുകാരി ഋതിക ക്ലാപ്പനയിലെ വീട്ടിൽ അമ്മൂമ്മയ്ക്കൊപ്പമാണ്. സൗമ്യ ജോലിക്കു പോകുന്നതിനാൽ അങ്കണവാടിയിൽ പോകാനുള്ള സൗകര്യത്തിനാണ് കുട്ടിയെ അമ്മയുടെ അടുത്തു നിർത്തുന്നത്. മിക്കപ്പോഴും ജോലി കഴിഞ്ഞു സൗമ്യ ക്ലാപ്പനയിലെത്തി മകളെ വള്ളികുന്നത്തേക്ക് കൂട്ടിക്കൊണ്ടുപോകും. നാലു ദിവസം മുൻപും സൗമ്യ വന്നിരുന്നതായി അച്ഛനുമമ്മയും നിറകണ്ണുകളോടെ പറയുന്നു. സൗമ്യയും കുടുംബവും അടുത്തിടെയാണ് വള്ളികുന്നത്തെ പുതിയ വീട്ടിലേക്കു താമസം മാറ്റിയത്.

പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. ഇന്നലെ മജിസ്ട്രേട്ട് മൊഴിയെടുക്കാൻ ശ്രമിച്ചെങ്കിലും പ്രതിയുടെ സംസാരത്തിൽ അവ്യക്തതയുണ്ടായിരുന്നതിനാൽ സാധിച്ചില്ല. ഇന്നു വീണ്ടും മൊഴിയെടുക്കാൻ ശ്രമിക്കുമെന്നു പൊലീസ് പറഞ്ഞു