ലേബര്‍ പാര്‍ട്ടിക്കു വേണ്ടി നേതാവ് ജെറമി കോര്‍ബിന്‍ നല്‍കിയ ബ്രെക്‌സിറ്റ് നിര്‍ദേശങ്ങള്‍ പ്രധാനമന്ത്രി തെരേസ മേയ് നിരസിച്ചു. സമവായത്തിലൂന്നിയ ഈ നിര്‍ദേശങ്ങള്‍ ബ്രെക്‌സിറ്റ് കടുത്തതാകുന്നതിനെ തടയുന്നത് ലക്ഷ്യമിട്ടായിരുന്നു സമര്‍പ്പിക്കപ്പെട്ടത്. ബ്രിട്ടന്‍ കസ്റ്റംസ് യൂണിയനില്‍ തുടരണമെന്ന നിര്‍ദേശം തള്ളിക്കൊണ്ട്, അത് സ്വന്തമായി വ്യാപാരക്കരാറുകളില്‍ ഏര്‍പ്പെടുന്നതില്‍ നിന്ന് ബ്രിട്ടനെ തടയുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. കോര്‍ബിന് എഴുതിയ മറുപടിക്കത്തിലാണ് മേയ് വിശദീകരണവുമായി രംഗത്തെത്തിയത്. ഇതോടെ മുന്നറിയിപ്പുമായി വ്യവസായ ലോകവും രംഗത്തെത്തിയിട്ടുണ്. 50 ദിവസത്തില്‍ താഴെ മാത്രമാണ് ഇനി ബ്രെക്‌സിറ്റിന് ഉള്ളത്. അതുകൊണ്ടു തന്നെ ഒരു എമര്‍ജന്‍സി സോണിലാണ് തങ്ങള്‍ ഇപ്പോള്‍ ഉള്ളതെന്നും പ്രതിസന്ധികള്‍ ഉറപ്പാണെന്നും വ്യവസായികള്‍ മുന്നറിയിപ്പ് നല്‍കുന്നു.

പരിസ്ഥിതി, തൊഴിലാളി അവകാശങ്ങളില്‍ മേയ് ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്. ഇത് ചില കാര്യങ്ങളില്‍ യൂറോപ്യന്‍ നിലവാരത്തോട് ചേര്‍ന്നു പോകണമെന്ന കോര്‍ബിന്റെ നിര്‍ദേശത്തെ മറികടക്കാനുള്ള നീക്കമായാണ് വിലയിരുത്തുന്നത്. ബ്രെക്‌സിറ്റ് ഉടമ്പടിയില്‍ മാറ്റങ്ങള്‍ വരുത്തി അവതരിപ്പിക്കുമെന്നാണ് മേയ് അവകാശപ്പെടുന്നതെങ്കിലും ഫെബ്രുവരിയില്‍ ഇത് സാധ്യമാകുമോ എന്ന കാര്യം സംശയത്തിലാണ്. ഫെബ്രുവരി 27നു മുമ്പായി അന്തിമ ഉടമ്പടി മേയ് അവതരിപ്പിച്ചില്ലെങ്കില്‍ നോ ഡീല്‍ ബ്രെക്‌സിറ്റ് നടപ്പാകുന്നത് എതിര്‍ക്കാനായി എംപിമാര്‍ വീണ്ടും കോമണ്‍സില്‍ നീക്കം നടത്തുമെന്ന് കമ്യൂണിറ്റീസ് സെക്രട്ടറി ജെയിംസ് ബ്രോക്കണ്‍ഷയര്‍ പറഞ്ഞു. ഫലപ്രദമായ ഉടമ്പടി സാധ്യമായില്ലെങ്കില്‍ പാര്‍ലമെന്റിന് ഇതിനുള്ള അവസരം ലഭ്യമാകുമെന്ന് അദ്ദേഹം ബിബിസി 1ന്റെ ആന്‍ഡ്രൂ മാര്‍ ഷോയില്‍ പറഞ്ഞു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

തന്റെ പദ്ധതികള്‍ അട്ടിമറിച്ച ടോറി ബാക്ക്‌ബെഞ്ചര്‍മാരുടെയും സഖ്യകക്ഷിയായ ഡിയുപി എംപിമാരുടെയും പിന്തുണ ആര്‍ജ്ജിക്കുന്നതിനായി ഐറിഷ് ബാക്ക്‌സ്റ്റോപ്പ് ഉള്‍പ്പെടെയുള്ള വിഷയങ്ങളില്‍ ഭേദഗതികള്‍ വരുത്താനുള്ള കഠിന ശ്രമത്തിലാണ് പ്രധാനമന്ത്രി. അതേസമയം കഴിഞ്ഞയാഴ്ച ഇതിനായി നടത്തിയ ബ്രസല്‍സ് സന്ദര്‍ശനം കാര്യമായ പ്രതീക്ഷ നല്‍കിയതുമില്ല. ഈ സാഹചര്യത്തില്‍ കോര്‍ബിന്റെ അഞ്ചിന നിര്‍ദേശങ്ങള്‍ മേയ് സ്വീകരിച്ചേക്കുമെന്ന അഭ്യൂഹങ്ങളുണ്ടായിരുന്നു. പക്ഷേ നിര്‍ദേശങ്ങള്‍ മേയ് തള്ളുകയായിരുന്നു.