ബ്രസല്‍സില്‍ യൂറോപ്യന്‍ യൂണിയന്‍ നേതാക്കളുടെ ആശീര്‍വാദത്തോടെ ബ്രെക്‌സിറ്റ് ഡീലിന് അംഗീകാരം നേടിയ പ്രധാനമന്ത്രി തെരേസ മേയ്ക്ക് ബ്രിട്ടീഷ് പാര്‍ലമെന്റില്‍ നേരിടേണ്ടി വന്നത് കനത്ത പ്രതിഷേധം. ബ്രെക്‌സിറ്റ് ധാരണയ്ക്ക് പിന്തുണ നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസാരിച്ച പ്രധാനമന്ത്രിയെ കോമണ്‍സിന്റെ നാലുപാടു നിന്നും വിമര്‍ശനങ്ങള്‍ കൊണ്ട് എംപിമാര്‍ പൊതിയുകയായിരുന്നു. രണ്ടര മണിക്കൂറോളം പ്രതിനിധികള്‍ പ്രധാനമന്ത്രിയെ നിര്‍ത്തിപ്പൊരിച്ചു. അടുത്ത മാസം ബ്രെക്‌സിറ്റ് ധാരണ സംബന്ധിച്ചു നടക്കുന്ന വോട്ടെടുപ്പില്‍ സര്‍ക്കാര്‍ പരാജയപ്പെടുമെന്ന സൂചനയാണ് കോമണ്‍സില്‍ ഇന്നലെയുണ്ടായ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. ബ്രെക്‌സിറ്റ് ധാരണയില്‍ ഇടഞ്ഞു നില്‍ക്കുന്ന ടോറി അംഗങ്ങളായ ബോറിസ് ജോണ്‍സണ്‍, ഡേവിഡ് ഡേവിസ്, ഇയാന്‍ ഡങ്കന്‍ സ്മിത്ത് എന്നിവരും ആക്രമണത്തിന് മുന്‍നിരയിലുണ്ടായിരുന്നു.
വിഷയത്തില്‍ ദേശീയ താല്‍പര്യം പരിഗണിക്കണമെന്നും വോട്ടര്‍മാരുടെ അഭിപ്രായത്തിന് വിലകൊടുക്കണമെന്നും തെരേസ മേയ് പറഞ്ഞിട്ടും ആക്രമണത്തിന് കുറവൊന്നും ഉണ്ടായില്ല. ഡിസംബര്‍ 11നാണ് വിഷയത്തില്‍ പാര്‍ലമെന്റ് വോട്ട് ചെയ്യുന്നത്. അതിനു മുമ്പായി അഞ്ചു ദിവസം ഇത് ചര്‍ച്ച ചെയ്യും. ഇത് പാര്‍ലമെന്റില്‍ പരാജയപ്പെടുമെന്ന് തന്നെയാണ് ടോറികളും പ്രധാനമന്ത്രിക്ക് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഭരണപക്ഷത്തെ സഖ്യകക്ഷിയായ ഡിയുപിയും ധാരണയിലെ ബാക്ക്‌സ്റ്റോപ്പിനെ വിമര്‍ശിക്കുന്നു. ആരെയും തൃപ്തിപ്പെടുത്തുന്ന ധാരണയല്ല പ്രധാനമന്ത്രി കൊണ്ടുവന്നിരിക്കുന്നതെന്നാണ് ലേബര്‍ നേതാവ് ജെറമി കോര്‍ബിന്‍ പ്രതികരിച്ചത്.
മുന്‍ മന്ത്രിയും ഭരണപക്ഷാനുകൂലിയുമായ സര്‍ മൈക്കിള്‍ ഫാലന്‍ ഉള്‍പ്പെടെയുള്ളവരും ഡീലിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. ഏകദേശം ഒരു മണിക്കൂര്‍ നീണ്ട നിലയ്ക്കാത്ത വിമര്‍ശനങ്ങള്‍ക്കൊടുവിലാണ് പ്രധാനമന്ത്രിക്ക് ആശ്വാസമായി ഒരാള്‍ പിന്തുണയുമായെത്തിയത്. നിക്കി മോര്‍ഗന്‍ ആണ് കോമണ്‍സില്‍ മേയ്ക്ക് ആദ്യ പിന്തുണ പ്രഖ്യാപിച്ചത്. ധാരണയുടെ കരട് രൂപീകരിച്ചപ്പോള്‍ തന്നെ ടോറികളില്‍ രൂപപ്പെട്ട കലാപം അടുത്ത മാസം നടക്കുന്ന വോട്ടെടുപ്പില്‍ പ്രതിഫലിച്ചാല്‍ വലിയ രാഷ്ട്രീയ പ്രത്യാഘാതങ്ങളുണ്ടാകുമെന്നാണ് കരുതുന്നത്. കരട് പ്രമേയത്തില്‍ ടോറി എംപിമാരില്‍ ചിലര്‍ മേയ്‌ക്കെതിരെ അവിശ്വാസം അറിയിച്ചിരുന്നു.
Leave a Reply