എം.ബി.ബി.എസ്. വിദ്യാര്‍ഥിനി ഊഷ്മള്‍ ഉല്ലാസ് ജീവനൊടുക്കിയതിന്റെ കാരണം കണ്ടെത്താന്‍ ഫെയ്‌സ്ബുക്കും മൊെബെല്‍ നമ്പറും പോലീസ് പരിശോധിക്കുന്നു. ഡെന്റല്‍ കോളജ് കെട്ടിടത്തില്‍നിന്നു ചാടി ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മള്‍ ആരോടോ ഫോണില്‍ കയര്‍ത്തു സംസാരിച്ചതിന് ഹോസ്റ്റലിലെ സെക്യൂരിറ്റി ജീവനക്കാരന്‍ സാക്ഷിയാണ്. ജീവനൊടുക്കുന്നതിനുമുമ്പ് ഊഷ്മളിന് ഫോണ്‍ കോള്‍ വന്നിരുന്നതായി സഹപാഠികള്‍ മൊഴി നല്‍കിയിട്ടുമുണ്ട്. കെട്ടിടത്തില്‍നിന്നു ചാടുംമുമ്പ് ഊഷ്മള്‍ ഫോണ്‍ എറിഞ്ഞുടച്ചിരുന്നു. തൃശൂര്‍ ഇടത്തിരുത്തി പുളിയന്‍ചോട് ഇയ്യാനിവീട്ടില്‍ ഉല്ലാസിന്റെയും ബേട്ടിയുടെയും മകള്‍ ഊഷ്മള്‍ ബുധനാഴ്ച അഞ്ചിനാണ് മുക്കം മണാശ്ശേരി കെ.എം.സി.ടി. ഡെന്റല്‍ കോളജിന്റെ മുകളിലെ നിലയില്‍നിന്നു ചാടി ജീവനൊടുക്കിയത്. കെ.എം.സി.ടി. മെഡിക്കല്‍ കോളജിലെ നാലാം വര്‍ഷ എം.ബി.ബി.എസ്. വിദ്യാര്‍ഥിനിയാണ് ഊഷ്മള്‍. സഹപാഠികളുമായുണ്ടായ എന്തോ തര്‍ക്കത്തെക്കുറിച്ചാണ് ഊഷ്മളിന്റെ ഒടുവിലത്തെ ഫെയ്‌സ്ബുക്ക് കുറിപ്പ് സൂചിപ്പിക്കുന്നത്. 13-ന് രാത്രി 10.54-നാണ് ഊഷ്മള്‍ ഫെയ്‌സ്ബുക്കില്‍ ഏറ്റവും ഒടുവില്‍ കുറിപ്പെഴുതുന്നത്. കെ.എം.സി.ടി കണ്‍ഫെഷന്‍ എന്ന ഫെയ്‌സ്ബുക്ക് പേജില്‍ തന്റെ മുന്‍ പോസ്റ്റിലുള്ള കമന്റ് ഇപ്പോഴാണ് കാണാനിടയായത് എന്നു പറഞ്ഞാണു കുറിപ്പ് തുടങ്ങുന്നത്. ആരെങ്കിലും എന്തെങ്കിലും പേജില്‍ എഴുതുമ്പോള്‍ നിങ്ങള്‍ ഇരയാക്കപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നിയാല്‍ ആ സമയത്ത് എന്തുകൊണ്ടാണ് ഇങ്ങനെ തോന്നിയതെന്ന് നിങ്ങള്‍ ഒരു പക്ഷേ ചിന്തിച്ചേക്കാം. തന്റെ ബാച്ചിനോടോ മറ്റേതെങ്കിലും ബാച്ചിനോടോ തനിക്ക് തോന്നുന്ന ദേഷ്യവും സ്‌നേഹവും നിങ്ങളെ ബാധിക്കുന്നതല്ലെന്നു’മാണ് ഊഷ്മള്‍ അവസാനമായി ഫെയ്‌സ് ബുക്കില്‍ കുറിച്ചത്. പോസ്റ്റില്‍ പരാമര്‍ശിക്കുന്ന കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടും ഊഷ്മള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഈ പോസ്റ്റിന് വന്ന കമന്റുകളും പോലീസ് പരിശോധിക്കുന്നുണ്ട്. സഹപാഠികളുമായി എന്തൊക്കെയോ തര്‍ക്കങ്ങള്‍ നിലനിന്നിരുന്നതായി പോലീസിന് ബോധ്യമായിട്ടുണ്ട്. സുഹൃത്തക്കളേയും സഹപാഠികളേയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. പോലീസ് ഹോസ്റ്റലില്‍ വിശദമായ പരിശോധന നടത്തിയെങ്കിലും പ്രത്യേകിച്ച് ഒന്നും കണ്ടെത്താനായിരുന്നില്ല. അച്ഛനും അമ്മയ്ക്കുമായി ഒരു കത്ത് എഴുതി വച്ചിട്ടുണ്ടായിരുന്നു. ഇതില്‍ നിന്നു കാര്യമായ സൂചനകളൊന്നും പോലീസിന് ലഭിച്ചിട്ടില്ല. പരീക്ഷയായതിനാല്‍ നാലുമാസത്തോളം മണാശ്ശേരിയിലെ വീട്ടില്‍ അമ്മയ്‌ക്കൊപ്പമായിരുന്നു ഊഷ്മള്‍ താമസിച്ചിരുന്നത്. കഴിഞ്ഞ മാസമാണ് ഹോസ്റ്റലില്‍ തിരിച്ചെത്തിയത്. തിങ്കളാഴ്ചയാണ് അവസാനമായി നാട്ടില്‍ പോയി മടങ്ങിയെത്തിയത്.
Leave a Reply