ന്യൂസ് ഡെസ്ക് , മലയാളം യുകെ
യു കെ :- ഇംഗ്ലണ്ടിൽ ദിനംപ്രതി കൊറോണ കേസുകളുടെ എണ്ണം വർധിച്ചുവരുന്ന സാഹചര്യത്തിൽ, മന്ത്രിമാർ അടിയന്തരയോഗം ചേർന്നു സാഹചര്യങ്ങൾ വിലയിരുത്തി. ഇനി ഒരു ലോക്ക്ഡൗൺ കൂടി നടപ്പിലാക്കാൻ താൻ ആഗ്രഹിക്കുന്നില്ലെന്ന പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ പ്രസ്താവനയെ തുടർന്നാണ് യോഗം. ഈ സാഹചര്യത്തോട് ഗവൺമെന്റ് അടിയന്തരമായി പ്രതികരിക്കണമെന്ന് മുൻ ആരോഗ്യമന്ത്രി ജെറെമി ഹണ്ട് ആവശ്യപ്പെട്ടിരുന്നു. ഇംഗ്ലണ്ടിന്റെ തെക്ക്- കിഴക്കൻ പ്രവിശ്യയിൽ വളരെ വേഗമാണ് രോഗബാധ പടർന്നത്. ഇതിന് കാരണം കൊറോണ വൈറസിന് ജനിതകമാറ്റം സംഭവിച്ചതാകാം എന്നും ശാസ്ത്രജ്ഞർ വിലയിരുത്തുന്നു. കെന്റ് പ്രവിശ്യയിലെ ആശുപത്രികൾ എല്ലാം തന്നെ അടിയന്തരമല്ലാത്ത ശസ്ത്രക്രിയകളും മറ്റും നടത്തുന്നില്ല. കൊറോണ രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്ന സാഹചര്യത്തിലാണ് ഈ നടപടി.
ഇംഗ്ലണ്ടിന്റെ തെക്കൻ പ്രവിശ്യയിൽ കൊറോണ വൈറസിന് ജനിതക മാറ്റം സംഭവിച്ചതായി യൂറോപ്യൻ മോളികുലർ ബയോളജി ലബോറട്ടറി ഡെപ്യൂട്ടി ഡയറക്ടർ ഇവാൻ ബിർണി അറിയിച്ചു. എന്നാൽ ഇതുകൊണ്ട് മാത്രം രോഗബാധ കൂടുന്നതായി പറയാൻ സാധിക്കുകയില്ല എന്നും അദ്ദേഹം വ്യക്തമാക്കി. ആരോഗ്യ സെക്രട്ടറി മാറ്റ് ഹാൻകോക്കും ഈ വാർത്ത സ്ഥിരീകരിച്ചു. ക്രിസ്മസ് കാലത്ത് അനുവദിച്ച ഇളവുകളും രോഗ വർദ്ധനവിന് കാരണമായതായി ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നു. സാഹചര്യം വിലയിരുത്തുന്നതിനായി വെള്ളിയാഴ്ച മന്ത്രിമാർ അടിയന്തരയോഗം കൂടി. എന്നാൽ നിലവിൽ നിബന്ധനകൾ കർശനമാക്കുന്നത് സംബന്ധിച്ച് തീരുമാനമായിട്ടില്ല.
നോർത്തേൺ അയർലൻഡിലും, വെയിൽസിലും ക്രിസ്മസിനു ശേഷം ലോക്ക്ഡൗൺ ഏർപ്പെടുത്താനുള്ള തീരുമാനം സർക്കാർ കൈക്കൊണ്ടിട്ടുണ്ട്. ഇംഗ്ലണ്ടിൽ 90% ആശുപത്രികളിലെയും കിടക്കകൾ രോഗികൾ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. ക്രിസ്മസ് ആഘോഷിക്കുമ്പോഴും എല്ലാവരും ജാഗ്രത പാലിക്കണമെന്ന നിർദേശം പ്രധാനമന്ത്രി ബോറിസ് ജോൺസൺ നൽകി. വെള്ളിയാഴ്ച മാത്രം യുകെയിൽ 28,507 കേസുകളാണ് രേഖപ്പെടുത്തിയത്. ഈ വർഷം അവസാനത്തോടെ ഓക്സ്ഫോർഡ് വാക്സിനും അനുമതി ലഭിക്കുമെന്നാണ് ആരോഗ്യ വിദഗ്ധർ വിലയിരുത്തുന്നത്. ഇത് സാഹചര്യങ്ങൾ നേരിടുവാൻ കൂടുതൽ എളുപ്പമാക്കുമെന്നും വിലയിരുത്തപ്പെടുന്നു.
Leave a Reply