ന്യൂസ് ഡെസ്ക് മലയാളം യുകെ

വാഷിങ്ടൺ : ബക്കിംഗ്ഹാം കൊട്ടാരത്തിലെ സുഖാനുഭവം വേണ്ടെന്ന് വെച്ച് അമേരിക്കയിലേയ്ക്ക് താമസം മാറിയ ഹാരിയുടെയും മേഗന്റെയും വെളിപ്പെടുത്തലിൽ ഞെട്ടി ബ്രിട്ടീഷ് ജനത. രാജകീയ ജീവിതത്തിന്റെ പിരിമുറുക്കവും ഒറ്റപ്പെടലും മൂലം അഞ്ചു മാസം ഗർഭിണിയായിരിക്കുന്ന സമയത്ത് ആത്മഹത്യയ്ക്ക് വരെ ശ്രമിച്ചെന്ന് മേഗൻ കണ്ണീരോടെ വെളിപ്പെടുത്തി. കറുത്ത വംശജയായ മേഗന്​ പിറക്കുന്ന കുഞ്ഞ്​ എന്തുമാത്രം കറുപ്പായിരിക്കുമെന്ന ചോദ്യം കൊട്ടാരത്തിൽ നിന്നുതന്നെ ഉയർന്നതായി ഓപ്ര വിൻഫ്രിക്ക്​ നൽകിയ അഭിമുഖത്തിൽ അവൾ പറഞ്ഞു. മകൻ ആർച്ചിക്ക് ‘രാജകുമാരന്‍’ എന്ന കൂട്ടുപേര് നല്‍കാത്തതിന്റെ കാരണം ഇതാണെന്നും അവര്‍ പറഞ്ഞു. ഹാരിക്കൊപ്പം ജീവിതം തുടങ്ങു​മ്പോൾ സ്വാഗതമോതിയ രാജ്​ഞിയും കുടുംബത്തിലെ മറ്റ് അംഗങ്ങളും പിന്നീട് കയ്യൊഴിയുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

2018 ല്‍ ഹാരി മേഗനെ വിവാഹംചെയ്തപ്പോള്‍ തന്നെ രാജകുടുംബത്തിനും വെളുത്തവര്‍ഗക്കാര്‍ക്കും വലിയ അതൃപ്തിയുണ്ടായിരുന്നു. ചില പത്രങ്ങള്‍ പോലും പരസ്യമായി വംശീയാധിക്ഷേപങ്ങൾ കുത്തിനിറച്ചിരുന്നു. കല്യാണം കഴിഞ്ഞ് കുറച്ചുകഴിഞ്ഞപ്പോള്‍ തന്നെ ഇരുവരും കൊട്ടാരം വിടുകയും യു.എസിലേക്ക് ജീവിതം മാറ്റുകയും ചെയ്തത് വലിയ വാർത്തയായിരുന്നു. “ഞാന്‍ ഗര്‍ഭിണിയായിരുന്ന മാസങ്ങളില്‍, ‘നിനക്ക് സുരക്ഷാ സംവിധാനം ലഭിക്കില്ല, രാജകുമാരന്‍, രാജകുമാരി എന്ന നാമവും കിട്ടില്ല’ എന്നിങ്ങനെ കേള്‍ക്കുമായിരുന്നു. ജനിക്കുമ്പോള്‍ അവന്റെ നിറം എന്തായിരിക്കുമെന്ന ആശങ്കയും ഉയര്‍ത്തി.” മേഗന്‍ തന്റെ അനുഭവം തുറന്നുപറഞ്ഞു. എന്നാൽ ഇതാരാണ് പറഞ്ഞതെന്ന കാര്യം അവർ വെളിപ്പെടുത്തിയിട്ടില്ല.

“ഞാൻ ആ കുടുംബത്തിൽ ചേർന്ന സമയത്താണ് എന്റെ പാസ്‌പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, താക്കോലുകൾ എന്നിവ അവസാനമായി കാണുന്നത്. ലോസ് ഏഞ്ചൽസിലേക്ക് പോകാൻ സമ്മതിച്ചതിലൂടെ ഹാരി എന്റെ ജീവൻ രക്ഷിച്ചു. ” മേഗൻ പറഞ്ഞു. വിവാഹത്തിനു ശേഷം പിതാവ്​ ചാൾസ്​ രാജകുമാരൻ തന്‍റെ ഫോൺ വിളികൾ എടുക്കാതായതോടെ ഇനിയും കുടുംബത്തിന്റെ ഭാഗമായി തുടരുന്നതിൽ അർത്ഥമില്ലെന്ന ചിന്തയാണ് തന്നെ മാറിതാമസിക്കാൻ പ്രേരിപ്പിച്ചതെന്ന് ഹാരി വെളിപ്പെടുത്തി. എന്നാൽ തന്റെ ഏറ്റവും അടുത്ത ആളുകളിൽ ആദ്യത്തെയാൾ പിതാവാണെന്നും എത്രയും വേഗം തർക്കം പരിഹരിക്കാൻ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദീർഘമായ അഭിമുഖം ലോകം കണ്ടതോടെ ബ്രിട്ടനിൽ അനുകൂലിച്ചും പ്രതികൂലിച്ചും വാർത്തകൾ വന്നു. 1995 ൽ ഡയാന രാജകുമാരി ബിബിസിയുടെ മാർട്ടിൻ ബഷീറുമായി സംസാരിച്ചതിന് ശേഷമുള്ള ഏറ്റവും അസാധാരണമായ രാജകീയ അഭിമുഖത്തിൽ വംശീയാധിക്ഷേപം അടക്കമുള്ള തുറന്നുപറച്ചിൽ നടന്നതോടെ കൊട്ടാരം സ്വീകരിക്കുന്ന നിലപാടറിയാൻ കാത്തിരിക്കുകയാണ് ജനങ്ങൾ. ‘അപകീർത്തിപ്പെടുത്തുന്ന’ വിവരങ്ങൾ താൻ പങ്കിടുന്നില്ലെന്നും എന്നാൽ ‘ആളുകൾ സത്യം മനസിലാക്കേണ്ടത് വളരെ പ്രധാനമാണെന്നും’ മേഗൻ പറഞ്ഞു. അഭിമുഖം ആരംഭിക്കുന്ന സമയത്ത് ഓപ്ര ഒരു സുഹൃത്തായി ഡച്ചസിനെ സ്വാഗതം ചെയ്യുകയും അവളുടെ വളർന്നുവരുന്ന കുഞ്ഞിനെ അഭിനന്ദിക്കുകയും ചെയ്തു. ചോദ്യങ്ങളൊന്നും മുൻകൂട്ടി പങ്കിട്ടിട്ടില്ലെന്നും അവർ അറിയിച്ചു.