വടക്കുകിഴക്കൻ സംസ്ഥാനങ്ങളായ ത്രിപുര, മേഘാലയ, നാഗാലാൻഡ് എന്നിവിടങ്ങളിലേക്കു നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഫലം പ്രഖ്യാപിക്കുന്നു. ത്രിപുരയിലും നാഗാലാൻഡിലും ബിജെപിക്കാണ് ലീഡ്. മേഘാലയയിൽ എൻപിപിയാണ് മുന്നിൽ. അക്രമം ഒഴിവാക്കാൻ വൻ സുരക്ഷ ഒരുക്കിയിട്ടുണ്ട്. ത്രിപുരയിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ നേതൃത്വത്തിൽ കഴിഞ്ഞ ദിവസം സമാധാന സമ്മേളനം നടത്തിയിരുന്നു. ത്രിപുരയിൽ ഫ്രെബ്രുവരി 16നും മേഘാലയയിലും നാഗാലാൻഡിലും ഫ്രെബ്രുവരി 27നുമായിരുന്നു വോട്ടെടുപ്പ്. ഈ വർഷം നടക്കുന്ന 9 നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ആദ്യ മൂന്നെണ്ണമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നടന്നത്. അരുണാചൽ പ്രദേശിലെ ലുംല, ജാർഖണ്ഡിലെ രാംഗഡ്, തമിഴ്നാട്ടിലെ ഈറോഡ് ഈസ്റ്റ്, ബംഗാളിലെ സാഗർദിഗി, മഹാരാഷ്ട്രയിലെ കസ്ബ പേത്ത്, ചിഞ്ച്‌വാഡ് നിയമസഭാ സീറ്റുകളിലേക്കുള്ള ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലും പുരോഗമിക്കുന്നു.

60 നിയമസഭാ സീറ്റുകളിൽ ബിജെപി, സിപിഎം-കോണ്‍ഗ്രസ്, തിപ്ര മോത്ത പാര്‍ട്ടി എന്നിവർ തമ്മിലുള്ള ത്രികോണ മത്സരത്തിനാണ് ത്രിപുര സാക്ഷ്യം വഹിക്കുന്നത്. കാല്‍നൂറ്റാണ്ടു നീണ്ട സിപിഎം ഭരണം അവസാനിപ്പിച്ച് 2018ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍, 60 നിയമസഭാ സീറ്റുകളില്‍ 36 സീറ്റില്‍ വിജയിച്ചാണ് ബിജെപി അധികാരത്തിലെത്തിയത്. 2021 ഏപ്രിലിലെ ത്രിപുര ട്രൈബല്‍ ഏരിയ ഡിസ്ട്രിക്ട് ഓട്ടോണമസ് കൗണ്‍സില്‍ തിരഞ്ഞെടുപ്പില്‍ തിപ്ര മോത്ത പാര്‍ട്ടി സിപിഎമ്മിനെയും ബിജെപിയെയും നിലംപരിശാക്കിയിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അരങ്ങേറ്റം കുറിക്കുന്ന തിപ്ര മോത്ത പാര്‍ട്ടി 42 സീറ്റിൽ സ്ഥാനാര്‍ഥികളെ നിര്‍ത്തിയത് എന്‍ഡിഎ, ഇടതു–കോൺഗ്രസ് സഖ്യങ്ങളെ കൂടുതല്‍ പ്രതിരോധത്തിലാക്കി. ബിജെപി 55 സീറ്റിലും സഖ്യകക്ഷിയായ ഇന്‍ഡിജിനസ് പീപ്പിള്‍സ് ഫ്രണ്ട് ഓഫ് ത്രിപുര (ഐപിഎഫ്ടി) 6 സീറ്റിലും മത്സരിക്കുന്നു. സിപിഎമ്മിന്റെ 43 സ്ഥാനാർഥികളും കോൺഗ്രസിന്റെ 13 സ്ഥാനാർഥികളുമാണ് ജനവധി തേടുന്നത്. തൃണമൂൽ കോൺഗ്രസിന്റെ 28 സ്ഥാനാർഥികളും ജനവിധി തേടുന്നു. ത്രിപുരയിൽ ബിജെപി വീണ്ടും അധികാരത്തിലെത്തുമെന്നായിരുന്നു എക്സിറ്റ് പോൾ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ബഹുകോണ മത്സരത്തിനാണ് മേഘാലയ സാക്ഷ്യം വഹിക്കുന്നത്. കോൺഗ്രസ്, ബിജെപി, കോൺറാഡ് സാങ്മയുടെ എൻപിപി (നാഷനൽ പീപ്പിൾസ് പാർട്ടി), ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ തൃണമൂൽ കോൺഗ്രസ് എന്നിവയാണ് മത്സരരംഗത്തുള്ളത്. കോൺറാഡ് സാങ്മയുടെ എൻപിപിയുമായുള്ള ഭിന്നതയെ തുടർന്ന് ബിജെപി ഒറ്റയ്ക്ക് മത്സരിക്കുന്നു. 2018ൽ ബിജെപിക്ക് രണ്ട് സീറ്റുകൾ മാത്രമേ ലഭിച്ചുള്ളൂവെങ്കിലും എൻപിപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ സാധിച്ചു. അഴിമതിയാരോപണങ്ങളുടെ പേരിൽ സാങ്മയുടെ പാർട്ടിയുമായുള്ള ഭിന്നതയെ തുടർന്നാണ് ബിജെപി ഇത്തവണ 60 സീറ്റുകളിൽ സ്ഥാനാർഥികളെ നിർത്തിയിരിക്കുന്നത്. മുൻ മുഖ്യമന്ത്രി മുകുൾ സാംഗ്മയുടെയും മറ്റ് നിരവധി കോൺഗ്രസ് എംഎൽഎമാരുടെയും കൂറുമാറ്റത്തെ തുടർന്ന് സംസ്ഥാനത്തെ ഏറ്റവും വലിയ പ്രതിപക്ഷ പാർട്ടിയായി തൃണമൂൽ മാറിയിരുന്നു. 60 നിയമസഭാ സീറ്റുള്ള മേഘാലയയിൽ എൻപിപിയുടെ 57 ഉം തൃണമൂൽ കോൺഗ്രസിന്റെ 56 ഉം കോൺഗ്രസിന്റെ 60 ഉം ബിജെപിയുടെ 60 ഉം സ്ഥാനാർഥികളാണ് ജനവിധി തേടുന്നത്. സ്ഥാനാർഥി മരിച്ചതിനാൽ മേഘാലയയിൽ ഒരു സീറ്റിൽ വോട്ടെടുപ്പ് മാറ്റിവച്ചിരുന്നു.

നാഗാലാൻഡിലെ 60 നിയമസഭാ മണ്ഡലങ്ങളിൽ 59 എണ്ണത്തിലും ത്രികോണ മത്സരമാണ് നടക്കുന്നത്. 2018ൽ സംസ്ഥാനത്തെ 60 സീറ്റുകളിൽ 12ലും വിജയിച്ച ബിജെപി എൻഡിപിപിയുമായി (നാഷണലിസ്റ്റ് ഡെമോക്രാറ്റിക് പ്രോഗ്രസീവ് പാർട്ടി) സഖ്യത്തിലാണ് മത്സരിക്കുന്നത്. സീറ്റ് വിഭജന കരാർ പ്രകാരം എൻഡിപിപി 40 സീറ്റിലും ബിജെപി 20 സീറ്റിലുമാണ് മത്സരിക്കുന്നത്. പ്രതിപക്ഷമായ കോൺഗ്രസ് 23 സീറ്റിലും നാഗാ പീപ്പിൾസ് ഫ്രണ്ടും 22 സീറ്റുകളിലാണ് മത്സരിക്കുന്നത്. നാലു വനിതാ സ്ഥാനാർഥികളും ഇത്തവണ നാഗാലാൻഡിൽ ജനവിധി തേടുന്നു. നാഗാലാൻഡിൽ ബിജെപി ഇതിനകം ഒരിടത്ത് വിജയിച്ചു. എതിർ സ്ഥാനാർഥി സ്ഥാനാർഥിത്വം പിൻവലിച്ചതിനെത്തുടർന്ന് അകുലുട്ടോ നിയമസഭാ മണ്ഡലത്തിൽ ബിജെപി സ്ഥാനാർഥി കഷെറ്റോ കിനിമി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു.