ന്യൂസ് ഡെസ്ക്, മലയാളം യുകെ

ഇംഗ്ലണ്ടിലെ മെലനോമ രോഗികൾക്ക് പുതിയ ക്യാൻസർ വാക്സിൻ വികസിപ്പിച്ച് എൻഎച്ച്എസ്. അഡ്വാന്സ്ഡ് സ്കിൻ കാൻസറായ മെലനോമ രോഗികൾക്കാണ് എൻഎച്ച്എസ് പരീക്ഷണത്തിലൂടെ പുതിയ ക്യാൻസർ വാക്സിൻ ലഭ്യമാകുക. iSCIB1+ (ImmunoBody) എന്ന് വിളിക്കപ്പെടുന്ന ഈ വാക്സിൻ, രോഗപ്രതിരോധ സംവിധാനത്തെ ക്യാൻസർ കോശങ്ങളെ തിരിച്ചറിയാനും ആക്രമിക്കാനും സഹായിക്കും. എൻഎച്ച്എസ് ഇംഗ്ലണ്ടിന്റെ ക്യാൻസർ വാക്സിൻ ലോഞ്ച് പാഡിന്റെ (സിവിഎൽപി) ഭാഗമായാണ് പരീക്ഷണം നടക്കുന്നത്. കുടൽ ക്യാൻസർ വാക്സിനിനായുള്ള പരീക്ഷണങ്ങളിൽ ചേരാൻ നിരവധി രോഗികളെ സിവിഎൽപി ഇതിനോടകം സഹായിച്ചിട്ടുണ്ട്. ഈ സാഹചര്യത്തിലാണ് മെലാനോമയ്ക്കുള്ള പരീക്ഷണം ആരംഭിച്ചിരിക്കുന്നത്. 2030 ആകുമ്പോഴേക്കും ഇംഗ്ലണ്ടിലെ 10,000 രോഗികൾക്ക് വ്യക്തിഗത ക്യാൻസർ ചികിത്സകൾ നൽകുക എന്നതാണ് പരീക്ഷണത്തിൻെറ ലക്ഷ്യം.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇംഗ്ലണ്ടിലുടനീളമുള്ള ആശുപത്രികൾ ക്യാൻസർ വാക്സിൻ രോഗികൾക്ക് ലഭ്യമാക്കുന്നതിനായി ലൈഫ് സയൻസസ് കമ്പനിയായ സ്കാൻസെലിൻെറ പങ്കാളിത്തത്തോടെയാണ് എൻഎച്ച്എസ് പരീക്ഷണം നടത്തുന്നത്. ഇതിനോടകം തന്നെ ഏഴ് ആശുപത്രികൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഇവ അടുത്ത മാസം ആദ്യ രോഗികളെ റഫർ ചെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുകെയിലെ അഞ്ചാമത്തെ ഏറ്റവും സാധാരണമായ ക്യാൻസറാണ് മെലനോമ. അതായത്, പുതിയതായി രേഖപ്പെടുത്തുന്ന എല്ലാ പുതിയ ക്യാൻസർ കേസുകളിലും ഏകദേശം 4% ഇതാണ്. ത്വക്ക് കാൻസറിന് വിനാശകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കാൻ കഴിയുമെന്നും ക്യാൻസർ വാക്സിനുകൾക്ക് ക്യാൻസർ പരിചരണത്തിൽ വലിയ രീതിയിലുള്ള മാറ്റം വരുത്താൻ കഴിയുമെന്നും എൻഎച്ച്എസ് ദേശീയ ക്യാൻസർ ഡയറക്ടർ പ്രൊഫ. പീറ്റർ ജോൺസൺ പറഞ്ഞു. പുതിയ പരീക്ഷണം നിരവധി പേരുടെ ജീവൻ രക്ഷിക്കാൻ ഉതകുന്നതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രീക്ഷണങ്ങളിലേക്ക് കഴിയുന്നത്ര യോഗ്യരായ രോഗികളെ വേഗത്തിൽ എത്തിക്കുന്നതിന് എൻഎച്ച്എസ് വിവിധ വ്യവസായ പങ്കാളികളുമായി പ്രവർത്തിച്ച് വരികയാണ്.

പുതിയ ക്യാൻസർ വാക്സിൻ പോലുള്ള നൂതനാശയങ്ങൾ ജീവൻ രക്ഷിക്കുന്നവയാണെന്ന് പ്രധാനമന്ത്രി കെയർ സ്റ്റാർമർ പറഞ്ഞു. ക്ലിനിക്കൽ പരീക്ഷണങ്ങൾ വേഗത്തിലാക്കാൻ താൻ പരമാവധി ശ്രമിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇത്തരത്തിലുള്ള നേട്ടങ്ങൾ യുകെയെ വൈദ്യശാസ്ത്ര ഗവേഷണത്തിന് ലോകത്തിലെ ഏറ്റവും മികച്ച രാജ്യമാക്കി മാറ്റുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രോഗി പരിചരണം മെച്ചപ്പെടുത്താനും, രാജ്യത്തുടനീളം വളർച്ച ത്വരിതപ്പെടുത്താനും പുതിയ പരീക്ഷണം സഹായിക്കുമെന്ന് അദ്ദേഹം പറഞ്ഞു.