ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ നാല് മുതിർന്ന സഹായികൾ വ്യാഴാഴ്ച രാജി വെച്ചിരിക്കുകയാണ്. പോളിസി ഹെഡ് മുനിറ മിർസ, ചീഫ് ഓഫ് സ്റ്റാഫ് ഡാൻ റോസൻഫീൽഡ്, പ്രിൻസിപ്പൽ പ്രൈവറ്റ് സെക്രട്ടറി മാർട്ടിൻ റേയ്നോൾഡ്സ്, കമ്മ്യൂണിക്കേഷൻസ് ഡയറക്ടർ ജാക്ക് ഡോയിൽ എന്നിവരാണ് രാജിവച്ചത്. ലോക്ക് ഡൗൺ കാലത്ത്, രാജ്യത്തെങ്ങും നിയന്ത്രണങ്ങൾ ഉള്ളപ്പോൾ ഡൗണിങ് സ്ട്രീറ്റിൽ പാർട്ടി നടത്തിയത് സംബന്ധിച്ചുള്ള വിവാദത്തിലാണ് ഇവരുടെ രാജി. എന്നാൽ തന്റെ രാജിയുടെ കാരണം ലേബർ പാർട്ടി നേതാവ് ആയിരിക്കുന്ന കെയർ സ്റ്റാർമറെ സംബന്ധിച്ചുള്ള പ്രധാനമന്ത്രി ബോറിസ് ജോൺസന്റെ വിവാദപരമായ പ്രസ്താവന ആണെന്ന് പോളിസി ഹെഡ് മുനിറ മിർസ വ്യക്തമാക്കി. സ്റ്റാർമർ പബ്ലിക് പ്രോസിക്യൂഷൻസ് ഡയറക്ടർ ആയിരുന്ന സമയത്ത്, കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമ കുറ്റത്തിന് അറസ്റ്റിലായ ജിമ്മി സാവിലിന് തക്കതായ ശിക്ഷ നൽകുന്നതിൽ പരാജയപ്പെട്ടന്നാണ് തിങ്കളാഴ്ച പ്രധാനമന്ത്രി ബോറിസ് ജോൺസൺ നടത്തിയ വിവാദപരമായ പ്രസ്താവന. എന്നാൽ പ്രധാനമന്ത്രിയുടെ പ്രസ്താവന തികച്ചും തെറ്റാണെന്നും, അത്തരത്തിലൊരു പ്രസ്താവനയ്ക്ക് ആവശ്യമായ യാതൊരു അടിസ്ഥാനപരമായ തെളിവുകളില്ലെന്നും മുനീറ വ്യക്തമാക്കി. ഇതോടൊപ്പംതന്നെ തന്റെ പ്രസ്താവനയ്ക്ക് ബോറിസ് ജോൺസൻ മാപ്പ് പറഞ്ഞതുമില്ലെന്ന് മുനീറ പറഞ്ഞു. ചാൻസിലർ റിഷി സുനകും പ്രധാനമന്ത്രിയുടെ പ്രസ്താവനയോടുള്ള തന്റെ അതൃപ്തി പ്രകടിപ്പിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇതിനിടെയാണ് പാർട്ടി വിവാദത്തിൽ മറ്റ് മൂന്ന് പേരും കൂടി രാജിവെക്കുന്നത്. നാലുപേരുടെയും രാജി ബോറിസ് ജോൺസന്റെ ഗവൺമെന്റിനെ ബാധിക്കുമോ എന്ന ആശങ്കയിലാണ് പാർട്ടി പ്രവർത്തകർ. പ്രധാനമന്ത്രി മാപ്പ് പറയണമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, അത് അദ്ദേഹത്തിന്റെ തീരുമാനമാണ് എന്നതായിരുന്നു ചാൻസിലറുടെ മറുപടി. എന്നാൽ പ്രധാനമന്ത്രിയുടെ ഈ പ്രസ്താവന തികച്ചും ന്യായമാണെന്ന് ട്രഷറി ചീഫ് സെക്രട്ടറി ചാനൽ 4 ന്യൂസിനോട് വ്യക്തമാക്കി. മുനിറ മിർസയുടെ രാജിയും, ചാൻസലറുടെ പ്രസ്താവനയുമെല്ലാം ബോറിസ് ജോൺസനെതിരെയുള്ള ശക്തമായ നീക്കമാണോ എന്നതു സംബന്ധിച്ചുള്ള ചർച്ചകളും ഉയർന്നു വരുന്നുണ്ട്. ബോറിസ് ജോൺസന്റെ നേതൃത്വത്തെ സംബന്ധിച്ച ആശങ്കകളും വിവിധ ചർച്ചകളിൽ ഉയരുന്നുണ്ട്. എന്നാൽ പാർട്ടി വിവാദത്തെ തുടർന്ന് പ്രധാനമന്ത്രി തന്നെയാണ് തന്റെ സ്റ്റാഫുകളുടെ രാജിക്ക് പിന്നിലെന്ന് അദ്ദേഹത്തെ പിന്തുണയ്ക്കുന്ന ടോറി എംപിമാർ വ്യക്തമാക്കി. ഒരു തരത്തിലുള്ള മാറ്റങ്ങൾ കൊണ്ടും നിലവിൽ ഉണ്ടായിരിക്കുന്ന വിവാദത്തെ ഒഴിവാക്കാനാവില്ലെന്ന് ലേബർ പാർട്ടി ഡെപ്യൂട്ടി നേതാവ് എയ്ഞ്ചല റേയ്നർ വ്യക്തമാക്കി.