ലണ്ടൻ: 2023 മാർച്ച് അവസാനത്തോടുകൂടി ലണ്ടനിൽനിന്നും കൊച്ചിയിലേക്കുള്ള എയർഇന്ത്യയുടെ വിമാനസർവീസ് റദ്ദാക്കുമെന്നും പിന്നീട് നടത്തുന്ന യാത്രകളിൽ ബോംബെയിലോ ഡൽഹിയിലോ വിമാനമിറങ്ങി മാത്രമേ യുകെ മലയാളികൾക്ക് ജന്മനാട്ടിൽ എത്തുവാൻ സാധിക്കുന്ന സ്ഥിതിവിശേഷമാണ് സംജാതമാകുന്നതെന്നുമാണ് അറിയുവാൻ കഴിഞ്ഞത്. അതുകൊണ്ട് ലണ്ടൻ-കൊച്ചി വിമാന സർവീസ് നിർത്തലാക്കുവാനുള്ള തീരുമാനം ഉപേക്ഷിക്കണമെന്നാവശ്യപ്പെട്ട് എയർ ഇന്ത്യ അധികൃതർക്ക് യുകെയിലെ ലോക കേരളസഭാംഗങ്ങൾ നിവേദനം നൽകി. ഇക്കാര്യത്തിൽ കേരള മുഖ്യമന്ത്രിയുടെയും കേരളത്തിൽ നിന്നുമുള്ള എംപിമാരുടെയും സഹായവും അഭ്യർത്ഥിച്ചു.
എയർ ഇന്ത്യയുടെ ലണ്ടൻ- കൊച്ചി വിമാന സർവ്വീസ് തുടങ്ങിയ നാൾ മുതൽ വളരെ ലാഭത്തിലാണ് പ്രവർത്തിച്ചുകൊണ്ടിരിക്കുന്നത്. യുകെ മലയാളി സമൂഹത്തിന്റെ യാത്ര ക്ലേശങ്ങൾക്ക് ഈ സർവ്വീസ് ഒരു പരിധിവരെയെങ്കിലും ആശ്വാസം നൽകുന്ന ഒന്നായിരുന്നു. ഈ വിമാന സർവ്വീസ് നിർത്തലാക്കാനുള്ള ശ്രമങ്ങളിൽ നിന്നും എയർ ഇൻഡ്യാ അധികൃതരെ പിന്തിരിപ്പിക്കാൻ കേരള മുഖ്യമന്ത്രി,കേരളത്തിൽ നിന്നുള്ള എംപിമാർ തുടങ്ങിയവർ കൂട്ടായി ശ്രമിക്കണമെന്ന് അഭ്യർത്ഥിച്ചുകൊണ്ടാണ് യുകെയിൽ നിന്നുമുള്ള ലോക കേരള സഭാ അംഗങ്ങൾ കത്ത് അയച്ചത്. (കത്തിന്റെ പൂർണ്ണ രൂപം ചുവടെ ചേർത്തിട്ടുണ്ട്). എയർ ഇന്ത്യയുടെ അന്തർദേശീയ സർവീസുകളിൽ കൂടുതൽ ലാഭകരമായ ലണ്ടൻ കൊച്ചി സർവീസ് നിർത്തലാക്കാനുള്ള തീരുമാനത്തിന് പിന്നിൽ പ്രത്യേക ലോബികളുടെ ബാഹ്യമായ ഇടപെടലുകൾ ഉണ്ടോ എന്നും സംശയിക്കുന്നു.
ഇക്കഴിഞ്ഞ ഒക്ടോബറിൽ ലണ്ടനിൽ വച്ച് നടന്ന ലോക കേരള സഭ യുകെ-യൂറോപ്പ് മേഖലാ സമ്മേളനത്തിൽ യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗങ്ങൾ ബഹു കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിൽപെടുത്തിയതിനെതുടർന്ന് ഇപ്പോൾ ആഴ്ചയിൽ മൂന്നുദിവസമായി ഷെഡ്യൂൾ ചെയ്തു ലണ്ടനിൽനിന്നും കൊച്ചിയിലേക്ക് സർവീസ് നടത്തുന്ന എയർ ഇന്ത്യ വിമാനം ആഴ്ചയിൽ അഞ്ച് ദിവസം സർവീസ് നടത്തുവാൻ ശ്രമിക്കുന്നതാണെന്നും മുഖ്യമന്ത്രി അറിയിച്ചിരുന്നു. അതുകൊണ്ട് കൂടിയാണ് എയർ ഇന്ത്യ അധികൃതർക്ക് നൽകിയതിനോടൊപ്പം തന്നെ കേരള മുഖ്യമന്ത്രിയെയും കേരളത്തിൽ നിന്നുമുള്ള മുഴുവൻ എംപിമാരെയും ഇക്കാര്യം അറിയിച്ചു കൊണ്ട് കത്ത് നൽകുവാൻ യുകെയിൽ നിന്നുമുള്ള ലോക കേരള സഭ അംഗങ്ങൾ തീരുമാനിച്ചത്.
ലണ്ടൻ-കൊച്ചി ഡയറക്റ്റ് സർവ്വീസ് കേരളത്തിലെ ടുറിസം മേഖലയെ വിപ്ലവകരമായ മാറ്റത്തിന് സാഹായിക്കാൻ കെല്പുള്ള ഒന്നാണ് എന്ന കാര്യം നിസ്തർക്കമാണ്.കാരണം കേരളം എന്ന ഡെസ്റ്റിനേഷനിൽ ഒരു ഇംഗ്ലീഷ് ടുറിസ്റ്റിന് എത്തിച്ചേരണമെങ്കിൽ രാജ്യത്തിനുള്ളിൽ തന്നെ പല കടമ്പകൾ കടക്കണം എന്ന സ്ഥിതി ഇപ്പോൾ ഇല്ല. മാത്രമല്ല കേരളത്തിന്റെ ടുറിസം സർവ്വീസ് ഉൽപ്പന്നങ്ങളെ നേരിട്ട് മാർക്കെറ്റ് ചെയ്യണമെങ്കിൽ നേരിട്ടുള്ള വിമാന സർവ്വീസും ആവശ്യമാണ്.
കൂടാതെ ,ചെറുകിട കയറ്റുമതിയ്ക്കും ഈ സർവ്വീസ് വളരെ വലിയ സംഭാവന ചെയ്യാൻ കഴിയുന്ന ഒന്നാണ്.യുകെ അവധിക്കാലത്ത് കേരളം സന്ദർശിക്കുന്ന യുകെ മലയാളികൾ കേരള സമ്പദ് വ്യവസ്ഥയ്ക്ക് വളരെ പ്രസ്കതമായ സംഭവാനയും നൽകുന്നുണ്ട്. കോവിഡ് കാലത്തിന്റെ പരിണിത ഫലം അനുഭവിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലെ കലാ ഉല്പന്നങ്ങളുടെ കയറ്റുമതി വിപണിയിലും ഇത്തരം സർവ്വീസുകൾ വഹിക്കുന്ന പങ്ക് ചെറുതല്ല. വസ്തുതകൾ ഇതായിരിക്കെ ലണ്ടൻ കൊച്ചി സർവ്വീസ് നിർത്തലാക്കാനുള്ള മൗഡ്യം നിറഞ്ഞ തീരുമാനത്തിലേയ്ക്ക് എയർ ഇന്ത്യ അധികൃതർ എത്തിച്ചേർന്നാൽ അത് കേരള സമ്പദ് വ്യവസ്ഥയ്ക്ക് തന്നെ എതിരായ തീരുമാനം ആകും.
യുകെ മലയാളികളുടെ ജന്മ നാട്ടിലേക്ക് നേരിട്ടുള്ള വിമാനയാത്രയെ പ്രതികൂലമായി ബാധിക്കുന്ന ഈ തീരുമാനം എയർ ഇന്ത്യ അധികൃതർ തിരുത്തണമെന്നും കേരളത്തിൽ നിന്നുമുള്ള മുഴുവൻ എംപിമാരുടെയും ജനപ്രതിനിധികളുടെയും സഹായം ഇക്കാര്യത്തിൽ തേടുമെന്നും വസ്തുതകളുടെയും, ബിസിനസ് സാധ്യതകളുടെയും,ഡാറ്റകളുടെയും അടിസ്ഥാനത്തിൽ എയർ ഇന്ത്യ അധികൃതരെ ബോധ്യപ്പെടുത്തുവാൻ ചർച്ചയ്ക്ക് തയ്യാറാണെന്നും ലോക കേരള സഭ അംഗങ്ങളായ എസ് ശ്രീകുമാർ, സി എ ജോസഫ്, നിധിൻ ചന്ദ്, ആഷിക് മുഹമ്മദ് നാസർ, ജയപ്രകാശ് സുകുമാരൻ, സുനിൽ മലയിൽ, അഡ്വ.ദിലീപ് കുമാർ, ഷാഫി റഹ്മാൻ, ലജീവ് കെ രാജൻ, ജയൻ ഇടപ്പാൾ എന്നിവർ അറിയിച്ചു.
Leave a Reply