ജോൺ കുറിഞ്ഞിരപ്പള്ളി

നേരം പുലരുന്നതേയുള്ളു.

പതിവിന് വിപരീതമായി നാരായണൻ മേസ്ത്രി ബംഗ്ലാവിൻ്റെ പിൻഭാഗത്തെ വാതിൽക്കൽ മുഖം കാണിച്ചു

ജെയിംസ് ബ്രൈറ്റിനെ മൈസൂരിലേക്ക് റസിഡൻറ് വിളിപ്പിച്ചിരിക്കുന്നു.അദ്ദേഹത്തിൻ്റെ കൂടെ മൈസൂരിലേക്ക് പോകണം എന്ന് ശങ്കരൻ നായർ പറഞ്ഞു ഏല്പിച്ചിട്ടുണ്ട്.

ശങ്കരൻ നായരുടെ നിർദ്ദേശം അനുസരിച്ചു് തൊഴിലാളികളെ നിയന്ത്രിക്കുകയാണ് നാരായണൻ മേസ്ത്രിയുടെ ജോലി.മൂന്നു മേസ്ത്രിമാരിൽ സീനിയർ നാരായണൻ മേസ്ത്രിയാണ്.കുഞ്ചുവും ഗോപിയും പ്രായംകൊണ്ടും പരിചയംകൊണ്ടും നാരായണൻ മേസ്ത്രിയെക്കാൾ പിന്നിൽ ആയിരുന്നു.അതുകൊണ്ട് ജെയിംസ് ബ്രൈറ്റിൻ്റെ കൂടെ പോകുവാൻ ശങ്കരൻ നായർ,തിരഞ്ഞെടുത്തത് നാരായണൻ മേസ്ത്രിയെയാണ് . മിക്കവാറും ഇങ്ങനെയുള്ള അവസരങ്ങളിൽ ശങ്കരൻ നായരാണ് കൂടെ പോകുക.

കുറെ അധികം ജോലികൾ ചെയ്തു തീർക്കാനുണ്ട് എന്ന് പറഞ്ഞു നായർ ഇത്തവണ ഒഴിവായി.

ജോലിയെക്കാൾ കൂടുതലായി മകളെ ഒറ്റക്ക് വിട്ടിട്ടു പതിനഞ്ചു ദിവസത്തോളം മാറിനിൽക്കാൻ ഭയമായിരുന്നു നായർക്ക് .മകളുടെ ആഗ്രഹപ്രകാരമാണ് ശങ്കരൻ നായർ തലശ്ശേരിയിലേക്കു താമസം മാറ്റിയത്.തലശ്ശേരിയിലും പരിസരപ്രദേശങ്ങളിലും ഏതാനും പുതിയ സ്‌കൂളുകൾ അക്കാലത്തു ബാസൽ മിഷൻ തുടങ്ങിയിരുന്നു.ഗീതക്ക് അവിടെ ഒരു ജോലി ശരിയാകുമോ എന്ന് അറിയുകയുക ആയിരുന്നു ലക്‌ഷ്യം.

മൈസൂർ വരെപോയി തിരിച്ചുവരുന്നതിന് പതിനഞ്ചു ദിവസത്തോളം വേണ്ടിവരും.കാട്ടിൽകൂടി നടന്നും കുതിരവണ്ടിയിലും മറ്റുമുള്ള യാത്ര വളരെ കഠിനവും ക്ലേശകരവും ആണ്.

ബ്രൈറ്റിൻ്റെ കൂടെ സേവകരായി കുറേ ആളുകൾ കാണും.ബോഡിഗാർഡ്, പാചകക്കാർ, ഇടക്ക് താമസിക്കുന്നതിന് ടെൻറ് തയ്യാറാക്കാൻ ഏതാനുംപേർ ,അങ്ങിനെ പതിനഞ്ചോളം ആളുകൾ.

ജെയിംസ് ബ്രൈറ്റിൻ്റെ വിശ്വസ്ത സേവകരിൽ ഒരാളാണ് നാരായണൻ മേസ്ത്രി.

ബ്രൈറ്റ് ഇംഗ്ലണ്ടിൽ നിന്നും കൊണ്ടുവരുന്ന മദ്യവും സിഗരറ്റും നാരായണനും കൊടുക്കും.എന്നാൽ കുഞ്ചുവിനും ഗോപിക്കും ഇത്തരം കാര്യങ്ങളിൽ താല്പര്യം ഉണ്ടായിരുന്നില്ല.സൂത്രശാലിയായിരുന്ന ബ്രൈറ്റ് ഈ തരത്തിലുള്ള സ്നേഹപ്രകടനങ്ങളിൽകൂടി നാരായണനെ വരുതിയിലാക്കി.

കാടിനു പുറത്തു് ഇടവഴികളിലൂടെയുള്ള യാത്ര വളരെ ദൈർഘ്യമേറിയതായിരുന്നു.അതുകൊണ്ടുതന്നെ നല്ല ക്ഷമയും കരുതലും ആവശ്യമാണ്. നാട്ടുകാരായ കർഷകർ കാടുവെട്ടിത്തെളിച്ചു് പലസ്ഥലങ്ങളിലും മഴയെ അടിസ്ഥാനമാക്കി മലമുകളിൽ നെല്ലും തുവരയും കൃഷി ചെയ്തുവരുന്നുണ്ട്.ഇങ്ങനെയുള്ള കൃഷി സ്ഥലങ്ങളുടെ അരികുപറ്റിയുള്ള ഇടവഴികളും മറ്റും ആശ്രയിക്കുമ്പോൾ യാത്രയുടെ സമയം വളരെ കൂടുതലാകും.

മൈസൂരിലേക്ക് ഏതാണ്ട് ഇരുന്നൂറ് മൈലിൽ കുറവ് ദൂരമേ തലശ്ശേരിയിൽനിന്നും കാണാൻ സാധ്യതയുള്ളു എന്ന നിഗമനത്തിൽ എത്തിയിരുന്നു ബ്രൈറ്റ്. എന്നാൽ കൃത്യമായ റോഡുകൾ ഇല്ലാത്തതുകൊണ്ട് മുന്നൂറോളം മൈൽ ദൂരം സഞ്ചരിക്കേണ്ടി വന്നേക്കാം.സർവ്വേ ജോലികളിൽ സമർത്ഥനായ ജെയിംസ് ബ്രൈറ്റിന് ദൂരവും വഴിയും കണ്ടുപിടിക്കാൻ അധികം വിഷമം ഒന്നുമില്ല.പ്രധാനമായും വനത്തിലെ അപകടം നിറഞ്ഞ ജോലി ചെയ്യാൻ തയ്യാറുള്ള ആളുകളെ കിട്ടാനില്ല എന്നാതാണ് പ്രശനം.

കീഴ്ക്കാംതൂക്കായികിടക്കുന്ന ഇടവഴികളും കാട്ടുചോലകളും വന്യമൃഗങ്ങളോടുള്ള ഭയവും എല്ലാം ചേർന്ന് യാത്ര വളരെ ദുഷ്കരമായിരുന്നതുകൊണ്ട് മൈസൂരിലേക്ക് ആരും തന്നെ ഈ റൂട്ടിൽ യാത്ര ചെയ്യാറില്ല.ജനവാസം വളരെ കുറഞ്ഞ പ്രദേശമായതുകൊണ്ട് റോഡിന്റെ ഉപയോഗവും കുറവാണ്.

യാത്ര കുതിരവണ്ടിയിലും പിന്നെ കാളവണ്ടിയിലും മറ്റുമായി കൂട്ടുപുഴ വരെ വലിയ കുഴപ്പമില്ലാതെ പോകാം.

കരിഗാസ് വണ്ടികൾ എന്ന് വിളിക്കുന്ന ഓമ്‌നി ബസ്സുകൾ തലശ്ശേരിയിലും ആരംഭിച്ചിരുന്നെങ്കിലും ഉൾപ്രദേശങ്ങളിലേക്കു വ്യാപിച്ചിരുന്നില്ല.

മൈസൂർക്കുള്ള യാത്രയിൽ ബ്രൈറ്റും കൂട്ടരും തലശ്ശേരിയിൽ നിന്നും ഇരിട്ടിയിൽ എത്തി വിശ്രമിച്ചു..കൂട്ടുപുഴ കഴിഞ്ഞപ്പോഴേക്കും ബ്രൈറ്റ് രോഗബാധിതനായി, യാത്ര ചെയ്യുവാൻ വയ്യാത്ത അവസ്ഥയിലായി. അവസാനം യാത്ര മതിയാക്കി തിരിച്ചുപോകാൻ അവർ തീരുമാനിച്ചു.

“സമയം സന്ധ്യ ആകുന്നു.അതുകൊണ്ട് ടെൻറ് തയ്യാറാക്കി ഇവിടെ താമസിച്ചിട്ടു കാലത്തു് തിരിച്ചു യാത്ര ചെയ്യാം”. നാരായണൻ മേസ്ത്രി പറഞ്ഞു.

ബ്രൈറ്റ് സമ്മതിച്ചു. എല്ലാവരും യാത്രചെയ്ത് ക്ഷീണിച്ചിരുന്നു.

രണ്ടുപേരെ അവരുടെ ടെന്റിനു കാവൽ നിർത്തി ബാക്കിയുള്ളവർ ഉറങ്ങാൻ കിടന്നു.

ചീവുടുകളുടെ സംഗീതവും വീശിയടിക്കുന്ന തണുത്തകാറ്റും അതിഥികളായി എത്തിയേക്കാവുന്ന കാട്ടാനകളെക്കുറിച്ചുള്ള ഭയവും മൂലം അവർക്ക് ശരിക്കും ഉറങ്ങാൻ കഴിഞ്ഞില്ല.കാടിന്റെ സംഗീതം ഭയപ്പെടുത്തുന്നത് തന്നെയാണ് എന്ന് അവർ തിരിച്ചറിഞ്ഞു.

പുലർച്ചെ എല്ലാം പായ്ക്ക് ചെയ്‌ത്‌ തിരിച്ചുപോകാൻ തുടങ്ങുമ്പോഴാണ് അവരുടെ ടെൻറിനടുത്തുള്ള ഒരു വലിയ പാറക്കെട്ടിന് മുകളിൽ ഒരാളും അയാളുടെ നായയും കിടന്നുറങ്ങുന്നത് അവർ കാണുന്നത്.

അതുകണ്ട നാരായണൻ മേസ്ത്രി വിളിച്ചു.

“പൂ…… ഹോയ്”

രണ്ടുമൂന്നു തവണ വിളിച്ചപ്പോൾ അയാൾ ഒന്ന് എഴുന്നേറ്റു നോക്കിയിട്ടു വീണ്ടും കിടന്നുറക്കമായി .പിന്നെ എത്ര ശബ്ദം ഉണ്ടാക്കിയിട്ടും അയാൾ അനങ്ങിയതേയില്ല.അത് ആരാണെന്ന് അറിയണമെന്നുണ്ട്.പക്ഷേ ഉറങ്ങുന്ന ആൾ എഴുന്നേറ്റ് വന്നതേയില്ല.

ഇതെല്ലം കണ്ടുനിന്നിരുന്ന ബ്രൈറ്റ് തൻ്റെ തോക്കും എടുത്ത് പാറക്കൂട്ടത്തിന് അടുത്തേക്ക് ചെന്നു.നാരായണനും ഏതാനും ജോലിക്കാരും ബ്രൈറ്റിനെ അനുഗമിച്ചു.ആൾ സഞ്ചാരമില്ലാത്ത ഈ പ്രദേശത്തുകണ്ട മനുഷ്യൻ ആരാണ് എന്ന് അറിയണമല്ലോ.

പാറക്കൂട്ടത്തിന് അടുത്തുചെന്ന ബ്രൈറ്റ് തൻ്റെ റിവോൾവർ എടുത്തു മുകളിലേക്ക് വെടിവച്ചു.

കിടന്നുറങ്ങിക്കൊണ്ടിരുന്ന ആ മനുഷ്യനും നായയും പിടഞ്ഞെഴുന്നേറ്റു.

നാരായണൻ മേസ്ത്രി വിളിച്ചു പറഞ്ഞു,” വാ”

അയാൾക്ക് ഒന്നും മനസ്സിലായില്ല എന്ന് തോന്നുന്നു.വീണ്ടും വിളിച്ചു,

“വാ,താഴെ ഇറങ്ങി വാ”

അനക്കമില്ലാതെ അയാൾ അവിടെത്തന്നെ നിന്നു.നാരായണൻ മേസ്ത്രി കൈകൊണ്ട് ആംഗ്യം കാണിച്ചു,താഴേക്ക് വരാൻ.

ആ മനുഷ്യൻ തൻ്റെ നായയേയും കൂട്ടി താഴേക്ക് വന്നു.അസാമാന്യ വലിപ്പവും ഭംഗിയുമുള്ള ആ നായ അവർക്കെല്ലാം ഒരു അത്ഭുതമായി തോന്നി..

“എന്താ നിൻ്റെ പേര്?”

?

അയാൾക്ക് നാരായണൻ മേസ്ത്രി പറയുന്നതൊന്നും മനസ്സിലാകുന്നില്ല എന്ന് എല്ലാവർക്കും ബോദ്ധ്യമായി. സംഭാഷണം ആംഗ്യ ഭാഷയിൽ ആയി.അവസാനം അവൻ പേര് പറഞ്ഞു.

“മേമനെ ”

“മേമൻ?”

“ഉം”

ആദിവാസികളെ പരിചയമുള്ള ഒരു ജോലിക്കാക്കരൻ പറഞ്ഞു,”അയാൾ ആദിവാസിയാണ്.ഡോംബ വിഭാഗത്തിൽപെട്ടതാണെന്ന് തോന്നുന്നു.”

അരമണിക്കൂർ നേരത്തെ പരിശ്രമംകൊണ്ട് അവർക്കു മനസ്സിലായത് അവൻ്റെ പേര് “മേമൻ”,നായയുടെ പേര് “ബൂ”.

എങ്ങിനെയെങ്കിലും ഇവനെ വശത്താക്കണം എന്ന ചിന്തയിൽ ബ്രൈറ്റ് പോക്കറ്റിൽ നിന്നും ഒരു കുപ്പി മദ്യം പുറത്തെടുത്തു,അവൻ്റെ നേരേ നീട്ടി.

ഭാഷ അറിയാവുന്ന ജോലിക്കാരൻ “വാങ്ങിക്കോളൂ”, എന്ന് പറഞ്ഞു പ്രോത്സാഹിപ്പിച്ചു. സംശയിച്ചു് സംശയിച്ചു് സാവകാശം അവൻ അടുത്തുവന്നു.

അവന് ഇരുപത്തഞ്ച് വയസ്സുകാണും പ്രായം .കരിങ്കല്ലിൻ്റെ നിറവും ഉറപ്പുമുള്ള ശരീരം.മുഷിഞ്ഞു നാറിയ ഒരു തുണി ഉടുത്തിരിക്കുന്നു എന്ന് വേണമെങ്കിൽ പറയാം.കഴുത്തിൽ മാലയായി കുറെ ഇലകൾ തൂങ്ങിക്കിടക്കുന്നുണ്ട് .അവൻ്റെ നായയുടെ കഴുത്തിലും അതുപോലെ ഇലകൾകൊണ്ട് ഉണ്ടാക്കിയ ഒരു മാല തൂങ്ങിക്കിടക്കുന്നു .ദേഹത്ത് എന്തൊക്കെയോ അരച്ച് പുരട്ടിയിട്ടുണ്ട്.ഒരു വല്ലാത്ത ഗന്ധം അവൻ്റെ ശരീരത്തിൽ നിന്നും അവിടെ പരന്നു.

“ഇവൻ കുളിച്ചിട്ട് ഒരു വർഷമെങ്കിലും ആയിട്ടുണ്ടാകും”നാരായണൻ മേസ്ത്രി പറഞ്ഞു.

“അവൻ്റെ ദേഹത്ത് അരച്ചുപുരട്ടിയിരിക്കുന്ന മരത്തൊലിയുടെ മണമാണത്” ജോലിക്കാരിൽ ഒരാൾ പറഞ്ഞു.

മേമൻ,ജെയിംസ് ബ്രൈറ്റ് കൊടുത്ത മദ്യക്കുപ്പി വാങ്ങി.തിരിച്ചും മറിച്ചും നോക്കി.

.”കുടിച്ചോളൂ”, എന്ന് നാരായണൻ മേസ്ത്രി ആംഗ്യം

കാണിച്ചു.അവൻ മടിച്ചു് മടിച്ചു് പതുക്കെ കുപ്പി തുറന്നു,മണത്തുനോക്കി. പിന്നെ ഒറ്റവലിക്ക് മുഴുവനും അകത്താക്കി.

മേമൻ പറയുന്നത് അൽപ സ്വല്പം മനസ്സിലാകുന്ന ജോലിക്കാരൻ വിശദീകരിച്ചു.

“അവൻ്റെ കഴുത്തിൽ കിടക്കുന്നത് നാഗമരത്തിൻ്റെ ഇലകളാണ് .അത് ധരിച്ചാൽ പാമ്പുകൾ ഉപദ്രവിക്കില്ല”.

അവർ സംസാരിച്ചുകൊണ്ടു നിൽക്കുന്ന പാറയുടെ അടുത്തുതന്നെ ഒരു വലിയ പെരുമ്പാമ്പ്‌ അനക്കമില്ലാതെ കിടക്കുന്നത് അപ്പോഴും അവർ കണ്ടില്ല.

“ആദിവാസികളുടെ സഹായമുണ്ടെങ്കിൽ മൈസൂറിലേക്ക് എളുപ്പവഴി കണ്ടുപിടിക്കാൻ സാധിച്ചേക്കും”, എന്ന് ശങ്കരൻ നായർ പറഞ്ഞത് ജെയിംസ് ബ്രൈറ്റ് ഓർമ്മിച്ചു.

കുറെ തൊഴിലാളികളെയും കൂട്ടി വേണ്ടത്ര ആയുധങ്ങളും മറ്റുമായി കാട്ടിൽ പോകാം എന്നതായിരുന്നു ജെയിംസ് ബ്രൈറ്റിൻ്റെ പ്ലാൻ.എന്നാൽ ഈ ജോലിക്കു നാട്ടുകാരായ ജോലിക്കാരെ കിട്ടില്ല എന്നതിരിച്ചറിവിൽ ബ്രൈറ്റിന് നായർ പറഞ്ഞത് സമ്മതിക്കേണ്ടി വന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഇവനെ എങ്ങിനെയെങ്കിലും പാട്ടിലാക്കണം.

ബ്രൈറ്റ് ഭാഷ അറിയുന്ന ജോലിക്കാരനോട് പറഞ്ഞു ,അവനോടു” കൂടെ പോരാൻ പറ്റുമോ” എന്ന് ചോദിക്കാൻ. മേമൻ നിഷേധാർത്ഥത്തിൽ തലകുലുക്കിഎന്തോ പറഞ്ഞു.

അയാൾ പറഞ്ഞു, “പറ്റില്ല എന്നാണ് അവൻ പറയുന്നത്,ഇവൻ ഡോംബ തന്നെ”

“എന്താണ് ഡോംബ?”നാരായണൻ മേസ്ത്രി അയാളോട് ചോദിച്ചു.അയാൾ വിശദീകരിച്ചു.

ഡോംബകൾ വേദിക് കാലഘട്ടത്തിൽ, വടക്കേ ഇന്ത്യയിൽ നിന്നും കുടിയേറിയതായി കണക്കാക്കപ്പെടുന്ന ആദിവാസികൾ ആണ്.അവർ സംസാരിക്കുന്നത് ഹിന്ദുസ്ഥാനി പോലുള്ള ഒരു തരം ഭാഷയാണ്.

ഡോംബ ആദിവാസികൾ ആക്രമണ സ്വഭാവമുള്ളവരും ഒറ്റ തിരിഞ്ഞു യാത്ര ചെയ്യുന്നവരുമാണ്.ഇവർ മറ്റുള്ള ആദിവാസികളെ പോലെ കൂട്ടം ചേർന്ന് നടക്കാത്തതുകൊണ്ട് കൂടുതൽ അപകടങ്ങളിൽ ചെന്നുചാടും

വളരെ കുറച്ചു ആളുകളെ ഈ വിഭാഗത്തിൽ പെട്ടവർ ഇപ്പോൾ ജീവിച്ചു് ഇരിപ്പുള്ളൂ.നാട്ടിൻ പുറങ്ങളിലേക്ക് ഇവർ അധികം വരാറില്ല.

ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവർക്ക് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യവും അറിവും ഉണ്ട്.

അവനോടു “എവിടെയാണ് നീ ഉറങ്ങാറുള്ളത്”, എന്ന് ചോദിച്ചപ്പോൾ അവൻ്റെ പാറയാണ് ഇത് എന്ന് മറുപടി. മേമനെ കൂട്ടിക്കൊണ്ടുപോകാൻ കഴിയില്ല എന്ന് അറിഞ്ഞപ്പോൾ ജെയിംസ് ബ്രൈറ്റിന് ദേഷ്യം വന്നു.അവനെ ഒന്ന് വിരട്ടി നോക്കാം എന്ന ചിന്തയിൽ തോക്കെടുത്തു അലറി.

” നടക്കടാ .”അവൻ അത് കേട്ടതായി ഭാവിച്ചതേയില്ല

സംഗതി വഷളാകും എന്നുതോന്നിയ നാരായണൻ മേസ്ത്രി ബ്രൈറ്റിനെ സമാധാനിപ്പിച്ചു.

“ഉൾവനങ്ങളിലേക്കു യാത്ര ചെയുന്ന ഇവന് വനങ്ങളെക്കുറിച്ചു നല്ല ഗ്രാഹ്യം ഉണ്ട്.ഇവനെ നമുക്ക് പതുക്കെ നമ്മുടെ വരുതിയിലാക്കാം.ഇപ്പോൾ അവനെ ശല്യം ചെയ്യേണ്ട”.

ജെയിംസ് ബ്രൈറ്റിന് അത് സമ്മതിക്കേണ്ടി വന്നു.

പെട്ടന്ന് എന്തോ പുലമ്പിക്കൊണ്ട് മേമൻ ബ്രൈറ്റിൻ്റെ നേരെ വിരൽ ചൂണ്ടി.അവൻ വിരൽ ചൂണ്ടിയ ഭാഗത്തേക്ക് നോക്കിയ അവർ അലറി വിളിച്ചു പോയി.ഒരു പെരുമ്പാമ്പ് അവരുടെ അടുത്തേക്ക് പതുക്കെ ഇഴഞ്ഞുവരുന്നു.

ബ്രൈറ്റ് റിവോൾവർ എടുത്ത് രണ്ട് റൌണ്ട് വെടിവച്ചു.

പാമ്പിന് കാര്യമായി ഒന്നും സംഭവിച്ചില്ല.ആ ബഹളത്തിനിടയിൽ വേദനകൊണ്ടുപുളഞ്ഞ പാമ്പിൻ്റെ വളരെ അടുത്തായിപ്പോയി ബ്രൈറ്റ്.

ഇത് കണ്ടു നിന്നിരുന്ന മേമൻ അരയിൽ തൂക്കിയിട്ടിരുന്ന മഴു കയ്യിലെടുത്തു.അവരോട് മാറിനിൽക്കാൻ കൈകൊണ്ട് ആംഗ്യം കാണിച്ചു.കയ്യിലെടുത്ത മഴു ഒന്ന് വട്ടം കറക്കി പാമ്പിന്റെ നേരെ വലിച്ചെറിഞ്ഞു.അത് പാമ്പിന്റെ തലയുംമുറിച്ചു് അടുത്തുള്ള മരത്തിൽ തറച്ചു നിന്നു…

“ഇവൻ ആള് കൊള്ളാമല്ലോ”നാരായണൻ മേസ്ത്രി പറഞ്ഞു.അവൻ്റെ മെയ് വഴക്കവും കൃത്യതയും കണ്ടു അവർ ആശ്ചര്യപ്പെട്ടു.

ഇവനെ എങ്ങിനെയും വശത്താക്കണം ,നാരായണൻ മേസ്ത്രി വിചാരിച്ചു.പക്ഷെ അതിന് എന്താണ് ഒരു മാർഗ്ഗം?മദ്യത്തോടുള്ള അവൻ്റെ ആർത്തി എല്ലാവർക്കും ബോധ്യപ്പെട്ടിരുന്നു.അത് തന്നെ പരീക്ഷിച്ചുനോക്കാൻ നാരായണൻ മേസ്ത്രി തീരുമാനിച്ചു.

ഇതിനിടയിൽ ജെയിംസ് ബ്രൈറ്റിൻ്റെ കൂടെവന്ന ജോലിക്കാർ ആ പാറക്ക് ചുറ്റും നടന്നു നോക്കി.അവൻ അവിടെയാണ് സ്ഥിരമായി ഉറങ്ങാറുള്ളത് എന്നുപറഞ്ഞത് സത്യമാണ് എന്നുറപ്പാക്കി..

ടെൻറിലേക്ക് തിരിച്ചുപോയ ജെയിംസ് ബ്രൈറ്റ് ഏതാനും ബോട്ടിൽ മദ്യവും കുറെ ബിസ്കറ്റ് പാക്കുകളും ജോലിക്കാരുടെ കയ്യിൽ അവന് കൊടുത്തുവിട്ടു.

“പിന്നീട് അവനെ വന്ന് കാണാം,പതുക്കെ ഭയം മാറ്റിയെടുത്തു അവൻ്റെ വിശ്വാസം നേടിയെടുക്കാം”, നാരായണൻ മേസ്ത്രി പറഞ്ഞത് ബ്രൈറ്റ് സമ്മതിച്ചു.

മേമൻ്റെ ഭാഷ അല്പസ്വല്പം മനസ്സിലാകുന്ന ആ ജോലിക്കാരനെക്കൊണ്ട് നാരായണൻ മേസ്ത്രി പറയിച്ചു.

,”ഞങ്ങൾ ഇനിയും വരും,നിനക്ക് മദ്യവും ഭക്ഷണ സാധനങ്ങളും കൊണ്ടുവരാം”,എന്നെല്ലാം.

അവന് എന്തെങ്കിലും മനസ്സിലായോ എന്നറിയാൻ യാതൊരു മാർഗ്ഗവുമില്ല.ഒരു കാര്യം ബോധ്യപ്പെട്ടു,അവൻ്റെ ഭയം കുറഞ്ഞിരിക്കുന്നു.

ബ്രൈറ്റും സംഘവും തിരിച്ചുപോയി.

ഒരാഴ്ച്ചകഴിഞ്ഞു അവനെ വന്നു കാണാൻ നാരായണൻ മേസ്ത്രിയെ ബ്രൈറ്റ് ചുമതലപ്പെടുത്തി.

എന്നാൽ അവർ പോയ ഉടനെ തന്നെ മേമൻ തൻ്റെ നായ ബൂ വിനേയും കൂട്ടി അവിടം ഉപേക്ഷിച്ചുപോയി.

ഒരാഴ്ചക്കുശേഷം ബ്രൈറ്റ് പറഞ്ഞതുപോലെ രണ്ട് സഹായികളേയും കൂട്ടി നാരായണൻ മേസ്ത്രി മേമനെ അന്വേഷിച്ചു വന്നു.

പാറക്കൂട്ടങ്ങൾക്ക് ചുറ്റിനടന്ന് വെറുതെ സമയം കളഞ്ഞത് മിച്ചം.അവൻ എങ്ങോട്ടോ താമസം മാറിയിരിക്കുന്നു.”അവൻ്റെ താമസസ്ഥലം മറ്റുള്ളവർ കണ്ടുപിടിച്ചത് ഇഷ്ട്ടപ്പെട്ടില്ലന്ന് തോന്നുന്നു.”നാരായണൻ മേസ്ത്രി പറഞ്ഞു.എന്നാൽ അവൻ്റെ പെണ്ണും അവൻ്റെ കൂടെ ആ പാറക്കൂട്ടത്തിനുമുകളിൽ ഉണ്ടായിരുന്നു എന്നത് ആർക്കും മനസ്സിലായില്ല.ബ്രൈറ്റിൻ്റെ റിവോൾവറിൽ നിന്നുള്ള വെടിയുടെ ശബ്ദംകേട്ട് .പാറക്കൂട്ടത്തിന് മറഞ്ഞിരുന്ന അവളെ ബ്രൈറ്റും കൂടെയുള്ളവരും കാണുകയുണ്ടായില്ല.

സമയം ഇരുട്ടി തുടങ്ങിയതുകൊണ്ട് അവർക്ക് തിരിച്ചു പോവുകയേ മാർഗ്ഗമുള്ളു അവർ അവനുവേണ്ടിയുള്ള തിരച്ചിൽ മതിയാക്കി തിരിഞ്ഞുനടന്നു.ഇനി മേമനെ കണ്ടുകിട്ടും എന്ന് പറയാൻ കഴിയില്ല.കാട്ടിൽക്കൂടി അലഞ്ഞുനടക്കുന്ന ഏതോ ഒരു ആദിവാസി ചെറുപ്പക്കാരനെ കണ്ടുപിടിക്കുക അത്ര എളുപ്പമല്ല എന്ന യാഥാർത്യം അംഗീകരിക്കുക, അല്ലാതെ എന്തു ചെയ്യാനാണ്?

അവർ കുറച്ചുദൂരം നടന്നുകഴിഞ്ഞു പുറകിൽനിന്നും ഒരു ശബ്ദം കേട്ട് തിരിഞ്ഞുനോക്കി.

സന്ധ്യയുടെ മങ്ങിയ വെളിച്ചത്തിൽ വാരിക്കുന്തങ്ങളുമായി നാലഞ്ചുപേർ അവരുടെ മുൻപിലേക്ക് ചാടിവീണു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ നാരായണൻ മേസ്ത്രിക്കും കൂടെയുണ്ടായിരുന്നവർക്കും ഒന്നും ചെയ്യുവാൻ കഴിഞ്ഞില്ല.

ആ പ്രദേശങ്ങളിൽ ചെറുകിട കൊള്ളസംഘങ്ങൾ ധാരാളം ഉണ്ട് എന്ന് കേട്ടിരുന്നുവെങ്കിലും തങ്ങൾക്ക് ഇത് സംഭവിക്കുമെന്ന് അവർ കരുതിയില്ല.ഇനി അവർ പറയുന്നത് അനുസരിക്കുകയേ മാർഗ്ഗമുള്ളു.ഈ അവസരത്തിൽ അവരെ എതിർത്ത് തോൽപ്പിക്കാൻ പറ്റില്ല.

മേമന് വേണ്ടികൊണ്ടുവന്ന മദ്യവും ബിസ്കറ്റ് പാക്കറ്റുകളും കയ്യിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും അവർ പിടിച്ചെടുത്തു.അവരിൽ ഒരാൾ നാരായണൻ മേസ്ത്രിയുടെ മുഖത്ത് സൂക്ഷിച്ചുനോക്കിയിട്ടു ഒന്നിച്ചുള്ളവരോട് എന്തോ പറഞ്ഞു.

അവരെ വെറുതെ വിട്ടാൽ അപകടമാണെന്ന് കൊള്ള സംഘം ചിന്തിച്ചിട്ടുണ്ടാകും.

അവരെ മൂന്നുപേരെയും ഒരു മരത്തിൽ കെട്ടിയിട്ട് അവർ കടന്നുകളഞ്ഞു

“ഞങ്ങളുടെ കയ്യിൽ ഉള്ളതെല്ലാം എടുത്തോളൂ.എന്നിട്ട് ഞങ്ങളെ അഴിച്ചുവിടൂ.”അവർ വിളിച്ചുപറഞ്ഞത് കൊള്ളക്കാർ ശ്രദ്ധിച്ചതേയില്ല.

രാത്രിയാകുമ്പോൾ കാടിറങ്ങുന്ന വന്യമൃഗംങ്ങളുടെ ആക്രമണത്തിൽ മരിക്കാനോ പെരുമ്പാമ്പുകൾ വിഴുങ്ങാനോ ആണ് തങ്ങളുടെ വിധി എന്ന് അവക്ക് തോന്നി.അവർ വിളിച്ചു കൂകി,”രക്ഷിക്കണേ ,രക്ഷിക്കണേ ….”

അവരുടെ രോദനം മലകളിൽ തട്ടി പ്രതിധ്വനിച്ചു.

കുടക് മലകളിൽനിന്നും ഒഴുകിവരുന്ന നീർച്ചോലകളുടെ ശബ്ദങ്ങളിൽ ചീവുടുകളുടെ ആക്രോശങ്ങളിൽ അവരുടെ നിലവിളികൾ അലിഞ്ഞുചേർന്നു.അത് കേൾക്കാൻ ആരും അവിടെ ഉണ്ടായിരുന്നില്ല.

ഇരുട്ടിൻ്റെ പുതപ്പ് അവരെ മൂടി.

പുഴയോരത്തെ മുളം കാടുകളിൽ കാറ്റടിച്ചു കേൾക്കുന്ന വലിയ മൂളലിനിടയിൽ ഒരനക്കം .ശബ്ദം കേട്ട ഭാഗത്തേക്ക് അവർ മൂവരും ഭയപ്പാടോടെ നോക്കി.ഒരു കൂട്ടം കടുവകൾ അവരുടെ അടുത്തേക്ക് വരുന്നു.

പേടിച്ചരണ്ട് അവർ നിലവിളിച്ചുകൊണ്ടിരുന്നു.

അവരുടെ നിലവിളി ആരുകേൾക്കാനാണ്?.

ഇനി ഒന്നുമാത്രം,സുനിശ്ചിതമായ മരണത്തിന് നിശ്ചലമായി നിന്നുകൊടുക്കുക.

ശ്വാസം അടക്കിപ്പിടിച്ചു് നിൽക്കുമ്പോൾ മരണത്തിൻ്റെ കാലൊച്ചകൾ അവർ തിരിച്ചറിഞ്ഞു.

കടുവകൾ ഒന്നും രണ്ടുമല്ല ഒരു കൂട്ടം അവരുടെ അടുത്തെത്തി.

അവ അവരെ കണ്ടുകഴിഞ്ഞു.

ഇപ്പോൾ മുളങ്കാടുകളിൽ കാറ്റടിച്ചുകേൾക്കുന്ന മൂളൽ ശബ്ദം മാത്രം.

(തുടരും)

പരാജിതൻ്റെ പകയുടെ നോട്ടമാണത് ശങ്കരൻ നായർ വിചാരിച്ചു.

ജോൺ കുറിഞ്ഞിരപ്പള്ളി