ജോൺ കുറിഞ്ഞിരപ്പള്ളി

കഥ ഇതുവരെ.

ആയിരത്തി എണ്ണൂറ്റിമുപ്പത്തിനാല് ഏപ്രിൽ പതിനൊന്ന്.
ഫ്രെയ്‌സർ എന്ന ബ്രിട്ടീഷ് കേണൽ ഒരു ബറ്റാലിയൻ പട്ടാളക്കാരുമായി കുടക്‌ (കൊടഗ്) ആക്രമിച്ചു. കുടകിലെ രാജാവ് ചിക്ക വീരരാജാ ബന്ദിയാക്കപ്പെട്ടു.കേണൽ ഫ്രെയ്‌സർ കുടക് പ്രദേശം ഈസ്റ്റ് ഇന്ത്യ കമ്പനിയെ ഏൽപ്പിച്ചു.കുടകിൻ്റെ ഭരണകാര്യങ്ങൾ മൈസൂറിലെ റസിഡൻറ് ആണ് നടത്തി വന്നിരുന്നത്.എന്നാൽ മൈസൂർ ഭരിച്ചിരുന്നത് ബ്രിട്ടീഷ് നിയന്ത്രണത്തിൽ വടയാർ രാജാക്കന്മാരും.
ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കീഴിൽ കുടക് അഭിവൃദ്ധി പ്രാപിച്ചു.
കുടകിലെ പതിനായിരക്കണക്കിന് ഏക്കർ വരുന്ന വനഭൂമിയിലെ അമൂല്യമായ വനസമ്പത്തുകൾ ,കരി വീട്ടി,തേക്ക്,ചന്ദനം തുടങ്ങിയവ ഇംഗ്ലണ്ടിലേക്ക് കടത്തുന്നതിനായി അവർ പദ്ധതിയിട്ടു.
അത് അടുത്ത തുറമുഖമായ തലശ്ശേരിയിൽ എത്തിക്കുവാൻ തലശ്ശേരി മൈസൂർ ഒരു റോഡും റെയിൽവേ ലൈനും പണിയുവാൻ ആലോചനയായി.
പ്രാരംഭ നടപടിയായി തലശ്ശേരിയിൽ സർവ്വേ ഡിപ്പാർട്മെന്റിൽ ജോലി ചെയ്തുകൊണ്ടിരുന്ന ജെയിംസ് ബ്രൈറ്റ് എന്ന ബ്രിട്ടീഷ് എഞ്ചിനിയറെ ചുമതലപ്പെടുത്തി.
ജെയിംസ് ബ്രൈറ്റിൻ്റെ അസിസ്റ്റൻറ് ആയ ശങ്കരൻ നായരുടെ സഹായത്തോടെ പ്രാരംഭപ്രവർത്തനങ്ങൾ നടന്നു വന്നു. നാട്ടുകാരായ തൊഴിലാളികളുടെ അഭാവത്തിൽ ആദിവാസികളെ ആശ്രയിക്കാൻ തീരുമാനിച്ചു.
യാദൃച്ഛികമായി മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനെ പരിചയപ്പെടുന്നു.
എന്നാൽ ജെയിംസ് ബ്രൈറ്റിൻ്റെ ക്രൂരതയും കുടുംബപ്രശനങ്ങളും തൊഴിലാളികളോടുള്ള മോശം പെരുമാറ്റവും കൊണ്ട് കാര്യങ്ങൾ ഇഴഞ്ഞു നീങ്ങി.കുഞ്ചുവിൻറെ കൊലപതാകവും ആൻ മരിയയുടെ ആത്മഹത്യയും ജോലിക്കാരെ ബ്രൈറ്റിൽ നിന്നും അകറ്റി നിർത്തി.
അവസാനം മേമൻ എന്ന ആദിവാസി ചെറുപ്പക്കാരനേയും അവൻ്റെ നായ ബൂ വിനേയും ഉപയോഗിച്ചു ഒരു റോഡിൻ്റെ രൂപ രേഖ ഉണ്ടാക്കുന്നതിനു ബ്രൈറ്റിന്റെ അസിസ്റ്റൻറ് ശങ്കരൻ നായർ ശ്രമിക്കുന്നു.
രണ്ട് നൂറ്റാണ്ടുകൾക്ക് മുൻപ് യാത്ര സൗകര്യങ്ങളോ റോഡുകളോ ഒന്നും ഇല്ലാതിരുന്ന ഒരു കാലഘട്ടത്തിൽ കൊടും വനത്തിലൂടെ ഒരു റോഡും റയിൽവേ ലൈനും നിർമ്മിക്കുന്നതിനുള്ള സർവ്വേ നടത്തുക എന്നത് നിസ്സാര കാര്യമായിരുന്നില്ല.
കൂട്ടുപുഴ മുതൽ വീരരാജ്പേട്ട വരെയുള്ള ജോലി മേമൻറെ സഹായത്തോടെ പൂർത്തിയാക്കാൻ ശങ്കരൻ നായർക്ക് കഴിഞ്ഞു.
പക്ഷെ നിർഭാഗ്യവശാൽ മേമൻ രോഗബാധിതനായി.
ഇനി വായിക്കുക

.
മേമനെകൊല്ലി-8

കാപ്പി പൂക്കളുടെ സുഗന്ധം നിറഞ്ഞു നിന്ന കുടകിലെ തണുത്ത കാറ്റിലും ശങ്കരൻ നായർ വിയർത്തു കുളിച്ചു.പ്രഭാതത്തിൽ തോട്ടങ്ങളിൽ ജോലിക്കുപോകുന്ന തൊഴിലാളികൾ മേമനെ നോക്കി എന്തോ പറഞ്ഞു ചിരിച്ചു് കടന്നുപോയി.കോടമഞ്ഞിൻ്റെ മുഖാവരണം തള്ളി മാറ്റി കുടക് മലനിരകൾ ഉണർന്നുകഴിഞ്ഞു.
മേമൻ അനക്കമില്ലാതെ കിടക്കുകയാണ് .കണ്ടാൽ ഭയം തോന്നും .എന്ത് ചെയ്യണം എന്നറിയാതെ ശങ്കരൻ നായർ കുഴങ്ങി.
ഒറ്റക്ക് നടുക്കടലിൽ തുഴയേണ്ടി വരുന്ന ആളിൻ്റെ അവസ്ഥയിൽ ആയി ശങ്കരൻ നായർ.ഉടനെ എന്തെങ്കിലും ചെയ്തേ പറ്റൂ.
കേട്ടറിവ് വച്ച് അപസ്മാരം പോലെ തോന്നുന്നു.
കൂട്ടത്തിൽ എന്തെങ്കിലും അഭിപ്രായം പറയാൻ കഴിവുള്ളതു നാരായണൻ മേസ്ത്രിക്കാണ്.പക്ഷെ മേസ്ത്രിയെ മൈസൂറിന് അയച്ചിരിക്കുകയാണ്.ശങ്കരൻനായർ സ്വയം പഴിച്ചു, വേണ്ടിയിരുന്നില്ല ഈ പരീക്ഷണം. ആ പാവത്തിന് എന്തെങ്കിലും സംഭവിച്ചാൽ?
നായരുടേതായിരുന്നു ആശയം.
എപ്പോഴും മേമൻ്റെ പുറകെ നടക്കുന്ന ബൂ മേമനെ അന്വേഷിച്ചു കണ്ടുപിടിക്കും. എന്നാൽ അവരെ വേർതിരിച്ചാൽ ബൂ മേമനെ തേടി ഓടിയെത്തും എന്നത് ഉറപ്പാണ് . അങ്ങിനെയെങ്കിൽ ബൂ നെ മൈസൂർ കൊണ്ടുപോയി വിട്ടാൽ അവൻ മേമനെ തേടി വരും.കാട്ടിൽകൂടി അവൻ പോകുന്ന വഴി അടയാളപ്പെടുത്തിയാൽ ഒരു ഏകദേശരൂപം എളുപ്പത്തിൽ കണ്ടുപിടിക്കാൻ കഴിഞ്ഞേക്കാം.
ഇതായിരുന്നു ആശയം..
രാത്രിയിൽ മേമൻ്റെ നായ ബൂവിൻ്റെ ഭക്ഷണത്തിൽ അല്പം മയക്കു മരുന്ന് കൂടി ചേർത്തു.മേമൻ ഉറങ്ങിക്കഴിഞ്ഞപ്പോൾ മയങ്ങിക്കിടന്ന അവൻ്റെ നായയെ ബന്ധിച്ചു.കാടിനു പുറത്തു കൊണ്ടുവന്നു.
ബൂ വിനെയും കൊണ്ട് നാരായണൻ മേസ്ത്രിയുടെ നേതൃത്വത്തിൽ കുറച്ചു് പേർ മൈസൂർക്ക് പുറപ്പെടുകയായിരുന്നു.
അത് ഒരു പരീക്ഷണം മാത്രമാണ്.
ഒരു വഴി കണ്ടുപിടിക്കാൻ ഇത്തരത്തിലുള്ള മാർഗ്ഗം ലോകത്തിൽ ആരും പരീക്ഷിച്ചിട്ടുണ്ടാകില്ല പരാജയപെട്ടാൽ താൻ ഒരു മണ്ടൻ ആണ് എന്നേ ആളുകൾ ചിന്തിക്കുകയുള്ളു.
ഏതായാലും ജോലിക്കാർ നായർ പറഞ്ഞതുപോലെ ചെയ്തു.
“ബൂ” വിനേയും കൊണ്ട് പോയിരിക്കുന്ന ജോലിക്കാരുടെ യാതൊരു വിവരവും അവർ തിരിച്ചുവരുന്നതുവരെ അറിയാൻ മാർഗ്ഗമില്ല .
നായർ ആകെ അങ്കലാപ്പിലായി.
വിര രാജ് പെട്ട ചന്തയിൽ ഒരു ചെറിയ ചായക്കട കണ്ടിരുന്നു.അവിടെ കട്ടൻ കാപ്പിയും പരിപ്പുവടയും കിട്ടും. വല്ലപ്പോഴും ഒന്നോ രണ്ടോ ആളുകൾ കടയിൽ വന്നാൽ ആയി.നാട്ടു ചികിത്സ നടത്തുന്ന ആരെങ്കിലും അടുത്തെങ്ങാനും ഉണ്ടോ എന്ന് അവിടെ ചോദിച്ചു നോക്കാം.
ഒരു കട്ടനും കുടിച്ചു് വർത്തമാനം പറഞ്ഞുവന്നപ്പോൾ കടക്കാരൻ കുഞ്ഞിരാമേട്ടൻ തലശ്ശേരിക്കാരൻ ആണ്.
ഒരു നൂലുപോലെ നേർത്ത ശരീരമുള്ള കുഞ്ഞിരാമേട്ടൻ ചോദിച്ചു.
“നിങ്ങ പറയുന്നത് ഒരു പട്ടിയെയും കൊണ്ട് നടക്കുന്ന ആദിവാസി പയ്യനെക്കുറിച്ചാണോ?”
“അതെ”.
“ഓൻ അപസ്മാര രോഗിയാണ്.ഈടെ ചന്തയിൽ പല തവണ അപസ്മാരം വന്നു വീണിരിക്കുണു. ഓൻ്റെ കൂടെ ഒരു നായ കാണും .അത് ഏടുത്തു?”തനി മലബാർ ഭാഷയിലാണ് സംസാരം.
“അറിയില്ല”
“സാധാരണ ഓൻ വീണാൽ ആ പട്ടി അടുത്തുനിന്നും മാറില്ല.ഇടക്കിടക്ക് ഓനെ അത് നക്കികൊണ്ടിരിക്കും.കുറച്ചു കഴിയുമ്പോൾ എണീറ്റുപോകുന്നത് കാണാം”.
“ബൂ” എപ്പോൾ തിരിച്ചെത്തും എന്ന് പറയാൻ കഴിയില്ല.
കുഞ്ഞിരാമേട്ടൻ പറഞ്ഞു,”ഇങ്ങള് ബേജാറാവണ്ടിരി,ഓൻ കൊറച്ചു കഴിയുമ്പ എണീയ്ക്കും .ഓൻ ലോകം മുഴുവൻ ചുറ്റുന്ന പാർട്ടിയാ “.നായർക്ക് സമാധാനമായി.
“ഇങ്ങള് സായിപ്പിൻ്റെ കൂടെ ജോലിയാ?”
“ഉം “.
“ആടെ എന്താ ഇങ്ങക്ക് ജോലി?”
ഇനി ഇവിടെ നിന്നാൽ ചോദ്യങ്ങൾക്കു ഉത്തരം പറഞ്ഞു മടുക്കും.
നായർ തിരിച്ചു ടെൻറിൽ വരുമ്പോൾ മേമൻ എഴുന്നേറ്റിരുന്നു.
നടന്ന സംഭവങ്ങളൊന്നും അവൻ അറിഞ്ഞ ലക്ഷണമില്ല.
അവൻ നായരുടെ അടുത്തുവന്നു.എന്തോ ചോദിച്ചു.രണ്ടു മൂന്നു തവണ ആവർത്തിച്ചിട്ടും നായർക്ക് ഒന്നുംമനസ്സിലായില്ല.മേമൻ്റെ ഭാഷ മനസിലാകുന്ന ജോലിക്കാരിൽ ഒരാൾ പറഞ്ഞു,” അവൻ്റെ നായയെ എവിടെ കൊണ്ടുപോയിരിക്കുന്നു?എന്തിനാണ് കൊണ്ടുപോയത് ?”എന്നാണ് അവൻ ചോദിക്കുന്നത്.
“അവനോടു കാര്യങ്ങൾ പറഞ്ഞേക്കൂ.” നായർ പറഞ്ഞു.
അയാൾ എല്ലാം വിശദീകരിച്ചുകൊടുത്തു
മേമൻ നായരോട് പറഞ്ഞു ,”പാം”
മൈസൂർക്ക് പോകാം എന്നാണ് അവൻ പറയുന്നത് നായർക്ക്.അബദ്ധം മനസ്സിലായി.മേമൻ ഒരു വിവരമില്ലാത്തവൻ ആയിരിക്കുമെന്നും അവന് മൈസൂർ എവിടെയാണെന്ന് അറിയില്ലെന്നും കരുതിയത് മണ്ടത്തരം ആയിപ്പോയി.
ഏതായാലും ചായക്കടക്കാരൻ നൂലുപോലത്തെ കുഞ്ഞിരാമേട്ടനെ പരിചയപ്പെട്ടത് ഭാഗ്യമായി. അവരുടെ താമസത്തിനും ഭക്ഷണത്തിനുമായി കൊണ്ടുവന്ന ഒരുപാടു സാധനങ്ങൾ ഉണ്ട്.അത്യാവശ്യം വേണ്ട സാധനങ്ങൾ എടുത്തിട്ടു ബാക്കിയുള്ളതു സൂക്ഷിക്കാൻ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ചു.
“തിരിച്ചുവരുമ്പോൾ എല്ലാം എടുത്തോളാം.”
“ഓ,അയിനെന്താ?”.
കുഞ്ഞിരാമേട്ടൻ സന്തോഷത്തോടെ ആ ജോലി ഏറ്റെടുത്തു
മേമൻ കാണിച്ചുകൊടുത്ത വഴിയിലൂടെ അവർ മൈസൂർക്ക് യാത്ര തിരിച്ചു.വിര രാജ്‌പേട്ടയിൽ നിന്നും മൈസൂർക്ക് അൽപ ദൂരം പോയിക്കഴിഞ്ഞപ്പോൾ ഭൂപ്രകൃതിയിൽ കാര്യമായ മാറ്റങ്ങൾ കണ്ടുതുടങ്ങി.
മലകൾക്കിടയിൽ വിസ്‌തൃതമായ നിരന്ന പ്രദേശങ്ങൾ ഇടക്കിടക്ക് കാണാം.മലകളുടെ ഉയരവും കുറഞ്ഞിരിക്കുന്നു.ചില ഭാഗങ്ങളിൽ കാട് തെളിച്ചു് ഗൗഡന്മാർ ഏതോ കാലത്തു് കൃഷി നടത്തിയിരുന്നതുകൊണ്ട് കുറ്റിക്കാടുകളാണ്..
മേമൻ്റെ നടത്തം വളരെ വേഗത്തിലാണ്.
പലപ്പോഴും അവൻ്റെ ഒപ്പമെത്താൻ അവർ കഷ്ടപ്പെട്ടു.
ഇതേസമയം ബൂ വിനേയും കൊണ്ടുപോയ നാരായണൻ മേസ്ത്രിയുടെയും സംഘത്തിൻ്റെയും കാര്യങ്ങൾ പരിതാപകരമായിരുന്നു.
അത്രയും വലിയ ഒരു നായയേയും കൊണ്ടുള്ള യാത്ര അസാധ്യമായിരുന്നു.
ആദ്യം അക്രമാസക്തനായ ബൂ കുറച്ചു കഴിഞ്ഞപ്പോൾ ശാന്തനായികാണപ്പെട്ടു. അവർ അവനു ഭക്ഷണവും വെള്ളവും കൊടുത്തു.കാട്ടിൽ ഒറ്റക്ക് യാത്ര ചെയ്യുന്നത് അപകടമാണ് എന്ന് അവന് അറിയാമെന്ന് തോന്നുന്നു.
അല്പം ദൂരം പോയതേയുള്ളു.അപ്പോൾ അവർ കണ്ടു,ശങ്കരൻ നായരും മേമനും കൂടെയുള്ളവരും നടന്നുവരുന്നു.
മേമന് വനത്തിലൂടെയുള്ള വഴികൾ നല്ല നിശ്ചയമായിരുന്നു.
ബൂ വിനെ കണ്ടപാടെ മേമൻ ഓടിച്ചെന്നു, അവനെ കെട്ടിപിടിച്ചു.അവർ തമ്മിലുള്ള സ്നേഹ പ്രകടനം കണ്ട് എല്ലാവരും അതിശയപ്പെട്ടു.
നായരുടെ പദ്ധതി നടപ്പാക്കേണ്ടി വന്നില്ല.
എന്താണ് സംഭവിച്ചത് എന്ന് മനസ്സിലായില്ലെങ്കിലും മേമൻ വളരെ ശാന്തനായി കാണപ്പെട്ടു.ശങ്കരൻ നായരോട് അവന് ഒരു പ്രത്യക സ്നേഹം തോന്നി തുടങ്ങിയിരുന്നു.
മൈസൂറിൽനിന്നും തിരിച്ചുവരുമ്പോൾ നായർ കണക്ക് കൂട്ടി ,” തലശ്ശേരി മൈസൂർ ദൂരം നൂറ്റി അമ്പതു മൈൽ.”
നായർ തിരിച്ചു് വീരരാജ്പേട്ട എത്തിയപ്പോൾ കുഞ്ഞിരാമേട്ടനെ ഏൽപ്പിച്ച സാധനങ്ങൾ വാങ്ങാൻ ചെന്നു. അയാൾ അപ്രത്യക്ഷനായി കഴിഞ്ഞിരുന്നു.
ബാക്കി വരുന്ന ഭക്ഷണസാധങ്ങളും മറ്റും മേമന് കൊടുക്കാം എന്ന് കരുതിയിരുന്നതാണ്.നൂൽ വണ്ണമുള്ള കുഞ്ഞിരാമേട്ടന് അപ്രത്യക്ഷനാകാൻ അധികം സ്ഥലം വേണ്ടല്ലോ.
മാക്കൂട്ടത്തിനടുത്തു എത്താറായപ്പോൾ മുൻപ് മേമനെ ആദ്യമായി കണ്ടു മുട്ടിയ പാറക്കൂട്ടങ്ങൾ കാണാം .
അവൻ നായരോട് പറഞ്ഞു ,ഊരിലെക്ക് പോകുകയാണെന്ന്.
നായർ വെറുതെ ചോദിച്ചു,”നിൻെറ ഉരിലേക്ക് ഞങ്ങൾ വരട്ടെ?”
സന്തോഷം കൊണ്ട് അവൻ്റെ കണ്ണുകൾ തിളങ്ങി.
“വേണ്ട”,എന്ന് അവൻ പറയുമെന്നാണ് നായർ കരുതിയത്.
ഇനി”വരാൻ പറ്റില്ല “,എന്ന് എങ്ങിനെ പറയും?
കാട്ടിലൂടെ രണ്ടു മൈൽ നടന്ന് അവൻ്റെ ഊരിൽ എത്തി.
ആരുടെയും ഹൃദയം തകർക്കുന്ന കാഴ്ചകളായിരുന്നു അവിടെ അവരെ കാത്തിരുന്നത്..
നൂറോളം കുടിലുകൾ. പലതും നിലം പൊത്താറായ അവസ്ഥയിലായിരുന്നു.ചിലത് മേൽക്കൂര തകർന്ന നിലയിലാണ്.
ഓടപ്പായ കൊണ്ട് മേഞ്ഞ ആ കുടിലുകൾ എല്ലാം മഴയിൽ നനഞ്ഞൊലിക്കുന്ന അവസ്ഥയിൽ ആണ്. അടുത്തകാലത്തൊന്നും അവ മേഞ്ഞിരുന്നില്ല എന്ന് ഒറ്റ നോട്ടത്തിൽ മനസ്സിലാകും.വനത്തിലുള്ള ഈറ്റയുടെ ഇലകൾ കെട്ടുകളാക്കി അടുക്കി വച്ചാണ് ആദിവാസികൾ വീട് മേയുക.എല്ലാം തകർന്ന് പൊളിഞ്ഞു നാശമായി കിടക്കുന്നു.
അകെ ആറേഴു കുടിലുകളിലായി ഇരുപതിൽ താഴേ ആളുകൾമാത്രമേ അവിടയുള്ളു. ബാക്കിയുള്ളതിൽ ആൾ താമസമില്ല.
മൂപ്പൻ്റെ മകളാണ് മിന്നി,മേമൻ്റെ പെണ്ണ്.
കുടിലിനു മുൻപിൽ കുറെ കുപ്പികൾ ചിതറി കിടപ്പുണ്ട്എല്ലാം ബ്രൈറ്റിൻ്റെ മദ്യക്കുപ്പികൾ. അവൻ കൊണ്ടുവന്ന് മൂപ്പന് കൊടുത്തതാണ്. ഊരുമൂപ്പൻ തളർന്നു കിടപ്പിലാണ്.
” ഈ ഊരിലെ ബാക്കി ആളുകൾ എവിടെ?”
മേമൻ കുറച്ചകലേക്ക് വിരൽ ചൂണ്ടി. അവിടെ നൂറുകണക്കിന് കുഴിമാടങ്ങൾ.എല്ലാം അധികം പഴക്കമില്ലാത്തവ.
ഇളകിയ മണ്ണ്.
അവർ ശാന്തമായി ഉറങ്ങുന്നു.
എന്തെങ്കിലും പകർച്ചവ്യധി പിടിപെട്ട് മരിച്ചുപോയതാകാം.
അവൻ പാടിയ പാട്ട് നായർ ഓർമ്മിച്ചു,
എൻ്റെ കൂരയിൽ മഴപെയ്തു
മഴയ്ക്ക് എന്നോടിഷ്ടം…………
അവരെ ഞെട്ടിപ്പിച്ചുകളഞ്ഞ വിവരമായിരുന്നു ആ ആദിവാസി കൂട്ടത്തിൽ ആരോഗ്യമുള്ളവർ മേമനും മിന്നിയും രണ്ടു മൂന്ന് കുട്ടികളും മാത്രമാണ് എന്നത്.
മേമൻ കാട്ടിൽ നിന്നും മാന്തിക്കുഴിച്ചു് എടുത്തുകൊണ്ടുവരുന്ന കാട്ടുകിഴങ്ങുകളും പുഴയരികിൽ നിന്നും പറിച്ചുകൊണ്ടുവരുന്ന ചേമ്പിൻ താൾ തകര ഇല തുടങ്ങിയവയും ആണ് അവരുടെ ഭക്ഷണം. മേമനാണ് അവരുടെ ആകെയുള്ള ആശ്രയം.
അവരുടെ ഊര് അവസാനിക്കുകയാണ് എന്ന് തോന്നുന്നു.
അതെ അവസാനത്തിൻ്റെ ആരംഭം.
എല്ലാം കണ്ട നാരായണൻ മേസ്ത്രി കരച്ചിലിൻ്റെ വക്കത്തു എത്തിയിരുന്നു. ഏതൊരു ശിലാഹൃദയനെയും കരയിപ്പിക്കുന്ന ആ കഴ്ചകൾ കണ്ടുനിൽക്കാൻ വയ്യ.
ആ പാവങ്ങൾക്ക് കൊടുക്കാൻ ഒന്നും കയ്യിലില്ല.
ഉണ്ടായിരുന്നതെല്ലാം വിര രാജ്‌പേട്ടയിലെ കുഞ്ഞിരാമേട്ടൻ കൊണ്ടുപോയി.
വീണ്ടും വരാം എന്നു പറഞ്ഞു പോരുമ്പോൾ പുറകിൽ മേമനും മിന്നിയും അവരെ നോക്കി നിൽക്കുകയായിരുന്നു.
മൈസൂരിൽ നിന്നും തിരിച്ചുവന്ന് ഒരാഴ്ച കഴിഞ്ഞു
ഒരു ദിവസം ശങ്കരൻ നായരെ അന്വേഷിച്ചു് മേമനും ബൂ വും നായരുടെ വീട്ടിൽ വന്നു.നായർ കാലത്തു ഓഫിസിൽ പോകുന്ന തിരക്കിൽ ആയിരുന്നു. മകൾ ഗീതയെ വിളിച്ചു് മേമന് എന്തെങ്കിലും കൊടുത്തു് വേണം വിടാൻ എന്ന് പറഞ്ഞിട്ട് പോയി.
നായർ ഉച്ചക്ക് ഊണുകഴിക്കാൻ വരുമ്പോൾ ഗീത വാതിൽ പടിയിൽ ഇരുന്ന് മേമനുമായി സംസാരിക്കുന്നു.അവൻ നിലത്തു് ചമ്രം പടിഞ്ഞിരുന്ന് അവൾ പറയുന്നത് കേട്ടുകൊണ്ടിരിക്കുകയും ചെയ്യുന്നു.
പരസ്പരം ഭാഷ അറിഞ്ഞുകൂടെങ്കിലും സഹാനുഭൂതിക്കും കരുണക്കും ലോകത്തിൽ എല്ലായിടത്തും ഒരേ ഭാഷയാണ് എന്ന് നായർക്ക് തോന്നി.ഗീത പറഞ്ഞു.
“അച്ഛനെ കത്ത് നിൽക്കുകയാണ് മേമൻ”
“എന്താ?നീ അവന്ഒന്നും കൊടുത്തില്ലേ?”
“അതല്ല.അവൻ അച്ഛനെ കണ്ടിട്ട് പൊയ്ക്കോളാം എന്ന് പറയുന്നു.”
മേമൻ പോയിക്കഴിഞ്ഞു ഗീത പറഞ്ഞു.
“പാവം,നിഷ്കളങ്കനായ ഒരു കൊച്ചുകുട്ടിയെപ്പോലെയാണ് മേമൻ”
നായർ മനസ്സിൽ വിചാരിച്ചു,പാവങ്ങൾ,ഇങ്ങനെയും മനുഷ്യർ ഉണ്ട്,ഈശ്വര അവരുടെ ഊര്,ഒന്നും വരുത്തല്ലേ.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

(തുടരും)

ജോൺ കുറിഞ്ഞിരപ്പള്ളി