ലണ്ടന്‍: സാമൂഹികമായി ഒറ്റപ്പെടല്‍ ഭയന്ന് വെജിറ്റേറിയന്‍ ഭക്ഷണം തെരഞ്ഞെടുക്കാന്‍ ബ്രിട്ടീഷുകാര്‍ മടിക്കുന്നതായി ഗവേഷണ റിപ്പോര്‍ട്ട്. ഈ ആഴ്ച്ച നടന്ന റോയല്‍ ജിയോഗ്രഫിക്കല്‍ സൊസൈറ്റിയുടെ ആന്യൂല്‍ ഇന്റര്‍നാഷണല്‍ കോണ്‍ഫറന്‍സിലാണ് ഗവേഷണഫലം പുറത്തുവിട്ടിരിക്കുന്നത്. യു.കെയിലെ ഹോട്ടലുകളിലെത്തുന്ന മിക്കവരും സാമൂഹികമായി ഒറ്റപ്പെടുമോയെന്ന് ആലോചിച്ച് വെജിറ്റേറിയന്‍ ഭക്ഷണം മനപൂര്‍വ്വം മാറ്റി നിര്‍ത്തുന്നതായി പഠനം വ്യക്തമാക്കുന്നു. ഒരു വര്‍ഷത്തോളം നടത്തിയ ഗവേഷണത്തിന്റെ ഫലമായി സതാംപ്ട്ടണ്‍ യൂണിവേഴ്‌സിറ്റി ശാസ്ത്രജ്ഞന്‍മാരാണ് ജനങ്ങളില്‍ വെജിറ്റേറിയന്‍ വിരുദ്ധ നിലപാടുകള്‍ രൂപപ്പെട്ടതായി കണ്ടെത്തിയിരിക്കുന്നത്.

22 പേരിലാണ് ഗവേഷണം നടന്നത്. ഇവരുടെ സൗഹൃദങ്ങളും മറ്റു ചുറ്റുപാടുകളിലും നടന്ന അന്വേഷണത്തില്‍ ഇറച്ചിയുടെ ഉപയോഗം കുറച്ചു വരുന്നവര്‍ക്ക് സാമൂഹികമായ ഒറ്റപ്പെടല്‍ അനുഭവപ്പെട്ടതായി ഗവേഷണത്തിന് നേതൃത്വം നല്‍കിയവര്‍ വ്യക്തമാക്കുന്നു. ആരോഗ്യപരമായ കാരണങ്ങള്‍കൊണ്ട് ഒരുപക്ഷേ ഇറച്ചി ഒഴിവാക്കേണ്ടി വരുന്നവരുണ്ടാകും. എന്നാല്‍ ഇത്തരം സാമൂഹിക ഒറ്റപ്പെടലില്‍ നിന്ന് അവരും മുക്തരല്ലെന്ന് പഠനം വ്യക്തമാക്കുന്നു. ആരോഗ്യപരമായി കാരണങ്ങള്‍ വ്യക്തമാക്കിയാല്‍ പോലും സൗഹൃദ സദസുകള്‍ ഇത്തരക്കാരെ ഒറ്റപ്പെടുത്തുന്നതായി പഠനം ചൂണ്ടികാണിക്കുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കാന്‍ ആഗ്രഹിക്കുന്ന നിരവധി പേരുണ്ടെന്ന് പഠനത്തില്‍ വ്യക്തമായിരുന്നു. അവര്‍ക്ക് ആവശ്യം സാമൂഹികമായ അനുമതിയാണെന്ന് ഗവേഷകരിലൊരാളായ ഡോ. എമ്മ റോ പറഞ്ഞു. വെജിറ്റേറിയന്‍ ഭക്ഷണം കൂടുതലായി കഴിക്കുന്നത് മനുഷ്യന്റെ ശരീരഘടനയ്ക്കും ആരോഗ്യത്തിനും വളരെയേറെ ഉപകാരപ്രദമാണെന്ന് ഗവേഷകര്‍ ചൂണ്ടികാണിക്കുന്നു. ആളുകളുടെ തെരഞ്ഞെടുപ്പിനെതിരെ പ്രവര്‍ത്തിക്കുന്നത് ശരിയല്ലെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. നിലവില്‍ ഗവേഷകരുടെ കണ്ടെത്തലുകള്‍ സംബന്ധിച്ച പ്രാഥമിക വിവരങ്ങള്‍ മാത്രമെ ഇപ്പോള്‍ ലഭിച്ചിട്ടുള്ളു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാക്കുമെന്ന് അവര്‍ വ്യക്തമാക്കിയിട്ടുണ്ട്.