ന്യൂസ് ഡെസ്ക്, മലയാളം യുകെ

സൗത്ത് പോർട്ടിൽ മൂന്ന് പെൺകുട്ടികളെ 17 വയസ്സുകാരൻ കുത്തി കൊലപ്പെടുത്തിയതിനെ തുടർന്ന് യുകെയിൽ ഒട്ടാകെ ആളി പടർന്ന കുടിയേറ്റ വിരുദ്ധ ലഹളയിൽ ചുക്കാൻ പിടിച്ചവർക്ക് ശിക്ഷകൾ നടപ്പിലാക്കി തുടങ്ങി. രണ്ട് പേർക്ക് നിലവിൽ ലഭിച്ചിരിക്കുന്നതിൽ ഏറ്റവും കൂടിയ ശിക്ഷ ലഭിച്ചതാണ് ഇപ്പോൾ വൻ വാർത്താ പ്രാധാന്യം ലഭിച്ചിരിക്കുന്നത്. ഡേവിഡ് വിൽക്കിൻസൺ, ജോൺ ഹണി എന്നിവർക്കാണ് ഏറ്റവും കൂടുതൽ കാലയളവ് ശിക്ഷ ലഭിച്ചിരിക്കുന്നത്. റൊമാനിയൻ പൗരന്മാരുടെ കാർ ഹള്ളിൽ ആക്രമിച്ചതിന് ഇവർക്ക് 6 വർഷം തടവാണ് ലഭിച്ചിരിക്കുന്നത്.


ഇത് കൂടാതെ ജോൺ ഹണിക്ക് കടകൾ കൊള്ളയടിച്ചതിന് മറ്റൊരു നാല് വർഷവും എട്ട് മാസവും തടവ് ശിക്ഷയും ലഭിച്ചിട്ടുണ്ട്. വിവിധ സ്ഥലങ്ങളിൽ നടന്ന കലാപത്തിന്റെ പേരിൽ 1000 ലധികം ആളുകളാണ് അറസ്റ്റിലായിരിക്കുന്നത്. ഇതുവരെ 99 പേരെയെങ്കിലും വിവിധ കുറ്റങ്ങൾക്ക് ശിക്ഷ വിധിച്ചിട്ടുണ്ട്. ഹള്ളിൽ അതിക്രൂരമായാണ് റൊമാനിയൻ പൗരന്മാർ ആക്രമണത്തിന് ഇരയായത് . ഒടുവിൽ അവർ കാർ ഉപേക്ഷിച്ച് അടുത്തുള്ള ഹോട്ടലിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു.


യുകെയിലെ കലാപത്തിൽ പങ്കുവഹിച്ചവർക്ക് 5 വർഷത്തിന് പകരം 10 വർഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങൾ ചുമത്തണമെന്ന് പ്രോസിക്യൂഷൻമാരോട് ജഡ്ജി ജോൺ താക്കറെ ആവശ്യപ്പെട്ടിരുന്നു. ഹള്ളിലെ ആക്രമണത്തിനിരയായ വനിതാ പോലീസുകാരിയെ നിലത്തടിച്ചയാളെ കോടതിയിൽ ഹാജരാക്കിയപ്പോഴാണ് ജഡ്ജി ഈ നിർദേശം മുന്നോട്ടു വച്ചത്. അക്രമം, മോഷണം, സാമൂഹിക വിരുദ്ധ പെരുമാറ്റം തുടങ്ങിയ കുറ്റങ്ങളാണ് അറസ്റ്റിലായവരുടെ പേരിൽ ചുമത്തിയിരിക്കുന്നത്. കലാപത്തിന് ശ്രമിച്ചവർക്കെതിരെയുള്ള അന്വേഷണം മാസങ്ങളോളം നീണ്ടു നിന്നേക്കാമെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ സൂചിപ്പിക്കുന്നത്.