ഷെറിൻ പി യോഹന്നാൻ

കോളേജ് പഠനകാലത്ത് മതം വിഷമാണെന്ന് പറഞ്ഞു നടന്ന ദസ്തക്കീർ ഒരപകടത്തെ തുടർന്ന് കടുത്ത വിശ്വാസിയായി മാറുന്നു. പിതാവിന്റെ സൂപ്പർമാർക്കറ്റ് ഏറ്റെടുത്തു നടത്തി യുഎഇയിൽ സ്ഥിരതാമസമാക്കിയിരിക്കുകയാണ് അദ്ദേഹമിപ്പോൾ. ദസ്തക്കീറിന്റെ മുൻകോപം കാരണം ഭാര്യ സുലു സ്വന്തം വീട്ടിലേക്ക് പോയി. മൂന്നു മക്കളും ഡ്രൈവർ ചന്ദ്രനുമാണ് ഇപ്പോൾ അദ്ദേഹത്തിന്റെ ആശ്രയം. ഭാര്യ വീട് വിട്ടിറങ്ങിയതോടെ ദസ്തക്കീറിന്റെ ജീവിതത്തിൽ പല പ്രശ്നങ്ങൾ ഉടലെടുത്തു.

അറബിക്കഥ, ഡയമണ്ട് നെക്ക്‌ലേസ്, വിക്രമാദിത്യന്‍ എന്നീ സിനിമകള്‍ക്ക് ശേഷം ലാല്‍ ജോസും ഇക്ബാല്‍ കുറ്റിപ്പുറവും ഒന്നിച്ച ചിത്രമാണ് ‘മ്യാവൂ’. ദസ്തക്കീറിന്റെ കുടുംബത്തിൽ നിന്നുകൊണ്ട് നിരവധി വിഷയങ്ങൾ സംസാരിക്കാൻ ശ്രമിച്ച് പാളിപ്പോയ ചിത്രമാണിത്. യുഎഇ മലയാളിയുടെ ജീവിതം, സാമ്പത്തിക പ്രശ്നങ്ങൾ, അമ്മയെ പിരിഞ്ഞു കഴിയേണ്ടി വരുന്ന മക്കളുടെ അവസ്ഥ, മതവിശ്വാസം, ഗൾഫ് രാജ്യങ്ങളിൽ അനധികൃതമായി കഴിയുന്നവർ നേരിടുന്ന പ്രശ്നങ്ങൾ തുടങ്ങിയവ അവതരിപ്പിക്കാൻ ചിത്രം ശ്രമിച്ചിട്ടുണ്ട്. എന്നാൽ വ്യക്തമല്ലാത്ത കഥാസന്ദർഭങ്ങളാണ് ഏറെയും.

നായകന്റെ കുടുംബജീവിതമാണ് ആദ്യ പകുതിയിൽ നിറഞ്ഞു നിൽക്കുന്നത്. വീട്ടുജോലിക്കാരിയായി ജമീല എത്തുന്നതോടെ കഥയിൽ കാര്യമായ പുരോഗതി ഉണ്ടാവുന്നു. എന്നാൽ ആ സബ്പ്ലോട്ട് മികച്ചതാക്കാൻ തിരക്കഥാകൃത്തിന് കഴിഞ്ഞിട്ടില്ല. ക്ലൈമാക്സിൽ മിക്ക കഥാപാത്രങ്ങളും അപ്രസക്തമാകുന്ന കാഴ്ചയാണ്; എങ്ങനെയെങ്കിലും സിനിമ തീർക്കണമെന്നുള്ളതുപോലെ…

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

വലിയ സന്ദേശം നൽകാനെന്നോണം കഥയിൽ ഉൾപ്പെടുത്തിയ പൂച്ചയുടെ സാന്നിധ്യം ചിത്രത്തിന്റെ നീളം കൂട്ടുക മാത്രമാണ് ചെയ്യുന്നത്. പ്രകടനങ്ങളിൽ ദസ്തക്കീറിന്റെ മക്കളായി അഭിനയിച്ചവരും ഹരിശ്രീ യൂസഫും നന്നായിരുന്നു. പതിവ് സംസാര ശൈലിയും പ്രകടനവുമാണ് സൗബിനിൽ നിന്ന് ലഭിക്കുക. മംമ്തയുടെ കഥാപാത്രം രണ്ടാം പകുതിയിൽ മിസ്സിംഗ്‌ ആണ്. താല്പര്യമുണർത്തുന്ന പശ്ചാത്തലസംഗീതവും ചിത്രത്തിൽ ഇല്ല. ആദ്യപകുതിയിൽ ഇടയ്ക്കിടെ എത്തുന്ന തമാശകളാണ് ആകെയുള്ള ആശ്വാസം.

മുൻകോപക്കാരനായ, സ്ത്രീവിരുദ്ധ പെരുമാറ്റമുള്ള ദസ്തക്കീറിൽ നിന്ന് ഒരു ബ്രേക്ക്‌ എടുക്കാനാണ് സുലേഖ തന്റെ വീട്ടിലേക്ക് പോകുന്നത്. എന്നാൽ ക്ലൈമാക്സിൽ സുലേഖയുടെ വെളിപ്പെടുത്തൽ കേൾക്കുമ്പോൾ ‘അയ്യേ!’ എന്ന് പറയാൻ തോന്നും. സുലേഖയുടെ കഥാപാത്ര സൃഷ്ടി അവിടെ തകരുന്നു. മക്കളെ പ്രസവിച്ച് അവരുടെ കാര്യങ്ങൾ നോക്കുന്നതും ഭക്ഷണം ഉണ്ടാക്കുന്നതുമാണ് സ്ത്രീയുടെ പ്രധാന ജോലിയെന്ന് ലാൽ ജോസ് പറയാതെ പറയുന്നു.

Last Word – ബലമില്ലാത്ത തിരക്കഥയിൽ പുതിയതൊന്നും ഓഫർ ചെയ്യാത്ത ലാൽ ജോസ്‌ ചിത്രം. ദസ്തക്കീറിന്റെ ജീവിതത്തിലൂടെ പറയുന്ന പല വിഷയങ്ങൾക്കും പ്രാധാന്യം നഷ്ടപ്പെടുന്നുണ്ട്. നായകന്റെ തിരിച്ചറിവുകളും പ്രേക്ഷകനെ സ്വാധീനിക്കുന്നില്ല. അതുകൊണ്ട് തന്നെ ‘മ്യാവൂ’ തിയേറ്റർ വാച്ച് അർഹിക്കുന്നില്ല.