ന്യൂസ് ഡെസ്ക് മലയാളം യുകെ

വെറും 15 ശതമാനം അതിജീവന സാധ്യതയോടെ 23 ആഴ്ചയിൽ ജനിച്ച കുഞ്ഞിന് ഇനി വീട്ടിൽ പോകാം. ഒക്ടോബർ 16 ന് ലിവർപൂൾ വിമൻസ് ഹോസ്പിറ്റലിലാണ് വെറും 539 ഗ്രാം ഭാരം മാത്രമുള്ള ലൂക്കസ് ജനിച്ചത് . സെപ്‌സിസ്, തകർന്ന ശ്വാസകോശം തുടങ്ങിയ സങ്കീർണതകളുമായി മല്ലിട്ട് ഏകദേശം അഞ്ച് മാസത്തോളം വാർഡിൽ ചെലവഴിച്ചതിന് ശേഷമാണ് വീട്ടിലേക്കുള്ള ലുക്കസിൻെറ വരവ്. “ലിറ്റിൽ മിറക്കിൾ” എന്നാണ് കുട്ടിയുടെ അമ്മ സാറാ ചിയാൽട്ടൺ കുഞ്ഞിനെ അഭിസംബോധന ചെയ്‌തത്‌. കുട്ടിയുടെ ജീവൻ രക്ഷിച്ചതിന് ആശുപത്രിയിലെ മെഡിക്കൽ സ്റ്റാഫുകളോടുള്ള നന്ദി അവർ അറിയിക്കുകയും ചെയ്തു.

മെർസിസൈഡിലെ ലിതർലാൻഡിൽ നിന്നുള്ള സാറാ ചിയാൽട്ടൺ തന്റെ ഗർഭം സാധാരണ നിലയിലായിരുന്നുവെന്നും എന്നാൽ 23 ആഴ്ച ആയപ്പോൾ അസാധാരണമായ ദ്രാവകം തൻെറ ശരീരത്തിൽ നിന്ന് പോകുന്നത് ശ്രദ്ധയിൽപ്പെട്ട് ചെക്കപ്പിനായി ആശുപത്രിയിൽ എത്തിയപ്പോഴാണ് തനിക്കു വേദനയൊന്നും തന്നെ അനുഭവപ്പെട്ടിട്ടില്ലായിരുന്നെങ്കിലും അവർ രണ്ട് സെന്റീമീറ്ററോളം ഡയലേറ്റ് ആയി എന്ന് ആശുപത്രി അധികൃതർ അറിയിച്ചത്.

കുട്ടിയുടെ അതിജീവനത്തിന് 15 ശതമാനം സാധ്യത മാത്രമാണ് തുടക്കത്തിൽ ഉണ്ടായിരുന്നത്. ഒരു ബൈറോ പേനയുടെ അത്ര വലുപ്പം മാത്രമാണ് വെറും 23 ആഴ്ച 4 ദിവസത്തിലും ജനിച്ച ലൂക്കസിന് ഉണ്ടായിരുന്നത്. തുടക്കത്തിൽ കുട്ടിയുടെ അവസ്ഥ മോശമായതിനാൽ തന്നോട് സ്വയം തയ്യാറാകുവാൻ ഡോക്ടർമാർ പറഞ്ഞതായും അമ്മ സാറാ ഓർക്കുന്നു. വ്യത്യസ്ത സങ്കീർണതകളെ നേരിട്ട് 142 ദിവസം ആശുപത്രിയിൽ ചികിത്സ സ്വീകരിച്ചതിന് ശേഷം ഇപ്പോൾ ലൂക്കസിന് 3.7 കിലോഗ്രാം ഭാരം ആണ് ഉള്ളത്.