ന്യൂസ് ഡെസ്ക്, മലയാളം യുകെ

ലണ്ടൻ: ബ്രിട്ടനിലുടനീളം ശക്തമായ മഞ്ഞുവീഴ്ചയും അതിശക്തമായ കാറ്റും വാരി വിതച്ച് സ്റ്റോം ഗോറെട്ടി ജനജീവിതത്തെ സാരമായി ബാധിക്കുന്നതായുള്ള റിപ്പോർട്ടുകൾ ആണ് പുറത്തുവരുന്നത് . ജനുവരി 8, 9 തീയതികളിൽ വെയിൽസ്, മിഡ്‌ലാൻഡ്സ്, വടക്കൻ ഇംഗ്ലണ്ട് എന്നിവിടങ്ങളിൽ വ്യാപകമായ മഞ്ഞുവീഴ്ച ഉണ്ടാകുമെന്ന മുന്നറിയിപ്പ് മെറ്റ് ഓഫീസ് നൽകിയിരുന്നു . ചില പ്രദേശങ്ങളിൽ 10–15 സെ.മീ വരെ മഞ്ഞ് അടിഞ്ഞുകൂടാനുള്ള സാധ്യത ഉണ്ട് . പീക് ഡിസ്ട്രിക്ട്, വെയിൽസ് മലനിരകൾ എന്നിവിടങ്ങളിൽ 20–30 സെ.മീ വരെ മഞ്ഞുവീഴ്ച ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു. ഇതിനെ തുടർന്ന് പല മേഖലകളിലും ആംബർ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

മഞ്ഞുവീഴ്ചയെ തുടർന്ന് ഗതാഗത രംഗത്ത് വലിയ തടസ്സങ്ങളാണ് റിപ്പോർട്ട് ചെയ്യുന്നത്. മിഡ്‌ലാൻഡ്സിൽ നാഷണൽ ഹൈവേസ് ആംബർ അലർട്ട് പ്രഖ്യാപിച്ചു. പ്രധാന പാതയായ എ628 വുഡ്‌ഹെഡ് പാസ് വ്യാഴാഴ്ച രാത്രി 8 മുതൽ അടച്ചിടുമെന്ന് അറിയിച്ചു. റെയിൽ സർവീസുകളും കടുത്ത നിയന്ത്രണത്തിലായി; ചിൽറ്റേൺ റെയിൽവേസ് വെള്ളിയാഴ്ച പകുതി സർവീസുകൾ മാത്രമേ നടത്തുകയുള്ളൂ. ഷെഫീൽഡ്–മാഞ്ചസ്റ്റർ റൂട്ടിൽ ഈസ്റ്റ് മിഡ്‌ലാൻഡ്സ് റെയിൽവേ സർവീസ് ശനിയാഴ്ച വരെ നിർത്തിവച്ചു. കോർണ്വാൾ, ഡെവൺ മേഖലകളിൽ ഗ്രേറ്റ് വെസ്റ്റേൺ റെയിൽവേ വ്യാഴാഴ്ച വൈകുന്നേരം മുതൽ സർവീസ് നിർത്തി.

കാറ്റും കടുത്ത ഭീഷണിയാകുകയാണ്. ഐൽസ് ഓഫ് സില്ലി, വെസ്റ്റ് കോർണ്വാൾ മേഖലകളിൽ മണിക്കൂറിൽ 100 മൈലിന് മുകളിലേക്ക് കാറ്റുവേഗം ഉയരാൻ സാധ്യതയുള്ളതിനാൽ അപൂർവമായ റെഡ് വിൻഡ് വാർണിങ് പ്രഖ്യാപിച്ചു. കാലാവസ്ഥ വ്യോമ-കടൽ ഗതാഗതത്തെയും കാര്യമായി ബാധിച്ചു. ആംസ്റ്റർഡാം സ്‌കിപോൾ വിമാനത്താവളത്തിൽ 700ലധികം വിമാനങ്ങൾ റദ്ദാക്കി. യുകെയിലെ പല പ്രാദേശിക വിമാന സർവീസുകളും നിർത്തിവെച്ചിരിക്കുകയാണ് . ക്രോസ്-ചാനൽ ഫെറി സർവീസുകൾ റദ്ദാക്കുകയോ സമയക്രമം മാറ്റുകയോ ചെയ്തു. അതേസമയം, കടുത്ത തണുപ്പിനെ തുടർന്ന് ഇംഗ്ലണ്ടിലുടനീളം ജനുവരി 12 വരെ യുകെ ഹെൽത്ത് സെക്യൂരിറ്റി ഏജൻസിയുടെ ആംബർ കോൾഡ് വെതർ ഹെൽത്ത് അലർട്ട് തുടരുകയാണ്.