ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്
യു കെ :- ഡച്ചസ് ഓഫ് സസെക്സ് ആയിരിക്കുന്ന ഹാരി രാജകുമാരന്റെ ഭാര്യ മേഗൻ മാർക്കിളിനെ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള കമന്റുകൾ വാട്സ്ആപ്പ് ഗ്രൂപ്പിൽ പ്രചരിപ്പിച്ച രണ്ട് മെട്രോ പോലീസ് ഓഫീസർമാരെ ജോലിയിൽ നിന്ന് പുറത്താക്കിയിരിക്കുകയാണ്. ഈസ്റ്റ് ലണ്ടനിലെ ബെത്നൽ ഗ്രീൻ പൊലീസ് സ്റ്റേഷനിലെ പോലീസ് കോൺസ്റ്റബിൾമാരായ സുഖ്ദേവ് ജീർ, പോൾ ഹെഫോർഡ് എന്നിവരെയാണ് ട്രിബ്യൂണൽ പുറത്താക്കിയിരിക്കുന്നത്. 2018ലാണ് കേസിന് ആസ്പദമായ തരത്തിൽ വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ ഇവർ വംശീയപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ഗ്രൂപ്പ് ചാറ്റിൽ പ്രചരിപ്പിച്ചത്. തികച്ചും മോശമായ തരത്തിലുള്ള പെരുമാറ്റമാണ് ഇരുവരുടെ ഭാഗത്ത് നിന്നും ഉണ്ടായതെന്ന് ട്രിബ്യൂണൽ വിലയിരുത്തി. സംരക്ഷിക്കേണ്ട ജനങ്ങളെ കളിയാക്കുന്ന തരത്തിലുള്ള മെസ്സേജുകൾ ആണ് ഇവർ ഇരുവരും പ്രചരിപ്പിച്ചതെന്ന് ഹിയറിങ് സമയത്ത് ഇവർക്കെതിരെ ശക്തമായ ആരോപണം ഉണ്ടായി. ഹാരി രാജകുമാരനുമായുള്ള വിവാഹത്തിന് തൊട്ടു മുൻപുള്ള സമയത്താണ് മേഗനെ സംബന്ധിച്ച കമന്റുകൾ ഇവർ ഇരുവരും ഗ്രൂപ്പിൽ ഇട്ടിരിക്കുന്നത്. ഇതോടൊപ്പം തന്നെ വംശീയമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള മെസ്സേജുകളും ഇവർ ഗ്രൂപ്പിൽ പങ്കുവെച്ചിട്ടുണ്ട്.
ഇവർ പ്രവർത്തിക്കുന്ന ഡിപ്പാർട്ട്മെന്റിനു കൂടി അപമാനം ഉണ്ടാക്കുന്ന തരത്തിലാണ് ഇരുവരുടെയും പ്രവർത്തി ഉണ്ടായിരിക്കുന്നതെന്ന് ട്രിബ്യുണൽ ഹെഡ് മോറിസ് കോഹെൻ വ്യക്തമാക്കി. കുറേ നാളുകൾ ഇവർ ഇത്തരത്തിൽ മെസ്സേജുകൾ പ്രചരിപ്പിച്ചെന്ന് ട്രിബ്യുണൽ കണ്ടെത്തി. ഈ വാർത്ത സമൂഹത്തിൽ ഉണ്ടാക്കിയ സ്വാധീനം വളരെ വലുതാണെന്നും, അതിനാൽ തന്നെ ഇരുവരുടെയും പുറത്താക്കൽ അനിവാര്യമാണെന്നും മെട്രോപൊളിറ്റൻ പോലീസിനെ പ്രതിനിധീകരിച്ച് വിശാൽ മിശ്ര വ്യക്തമാക്കി.
Leave a Reply