ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെയിൽ, പോലീസ് സേനകൾ, പ്രത്യേകിച്ച് മെട്രോപൊളിറ്റൻ പോലീസ്, ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (LFR) ഉപയോഗിക്കുന്നുണ്ട്. ഗുരുതരമായ കുറ്റകൃത്യങ്ങൾക്ക് തിരയുന്ന ആളുകളെ പോലീസ് ഡേറ്റാബേസുകളിലെ ചിത്രങ്ങളുമായി താരതമ്യം ചെയ്ത് തിരിച്ചറിയുന്നതിനാണ് ഇത് പ്രധാനമായും ഉപയോഗിക്കുന്നത്. ഇതിനകം തന്നെ ഈ സാങ്കേതിക വിദ്യ ഉപയോഗിച്ച് മെറ്റ് പോലീസ് 1,000 അറസ്റ്റുകൾ നടത്തിയിട്ടുണ്ട്. ഇപ്പോഴിതാ മെട്രോപൊളിറ്റൻ പോലീസ്, ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ (LFR) സാങ്കേതികവിദ്യയുടെ ഉപയോഗം വർദ്ധിപ്പിക്കുമെന്ന് അറിയിച്ചിരിക്കുകയാണ്.
ബജറ്റ് ക്ഷാമം കാരണം സേന പുനഃക്രമീകരിക്കുന്നതിനിടെ 1,400 ഉദ്യോഗസ്ഥരെയും 300 ജീവനക്കാരെയും സേന വെട്ടി കുറച്ചിരുന്നു. നിലവിൽ രണ്ട് ദിവസങ്ങളിലായി ആഴ്ചയിൽ നാല് തവണ ഉപയോഗിക്കുന്ന ലൈവ് ഫേഷ്യൽ റെക്കഗ്നിഷൻ അഞ്ച് ദിവസങ്ങളിലായി ആഴ്ചയിൽ 10 തവണ വരെ ഉപയോഗിക്കും. ആഗസ്റ്റ് മാസത്തെ ബാങ്ക് അവധി കാലത്ത് വരാനിരിക്കുന്ന നോട്ടിംഗ് ഹിൽ കാർണിവലിലും ഇതായിരിക്കും ഉപയോഗിക്കുക.
എന്നാൽ പോലീസ് സേനയുടെ പുതിയ നീക്കത്തിനെതിരെ മനുഷ്യാവകാശ സംഘടനകൾ ആശങ്കകൾ ഉന്നയിച്ചിട്ടുണ്ട്. സാങ്കേതികവിദ്യയ്ക്ക് ശരിയായ നിയന്ത്രണമില്ലെന്നും ഇത് ജനങ്ങളുടെ അവകാശങ്ങളെ ബാധിക്കുമെന്നും ലിബർട്ടിയിൽ നിന്നുള്ള ചാർലി വെൽട്ടൺ പറഞ്ഞു. പൊതു ക്രമസമാധാന കുറ്റകൃത്യ വിഭാഗത്തിലെ ഉദ്യോഗസ്ഥരുടെ എണ്ണം 48 ൽ നിന്ന് 63 ആയി പോലീസ് വർദ്ധിപ്പിച്ചിട്ടുണ്ട്. ഇസ്രായേൽ-പാലസ്തീൻ പ്രശ്‌നങ്ങളുമായും പരിസ്ഥിതി ആക്ടിവിസവുമായും ബന്ധപ്പെട്ട പ്രതിഷേധങ്ങളിലെ കുറ്റകൃത്യങ്ങളുടെ വർദ്ധനവാണ് ഈ നടപടിക്ക് കാരണം.
Leave a Reply