ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ് 

മാനസിക പ്രശ്നങ്ങൾ മൂലം വ്യക്തികൾ സൃഷ്ടിക്കുന്ന പ്രശ്നങ്ങളിൽ ഇനി ഇടപെടേണ്ടതില്ലെന്ന് മെറ്റ് പോലീസ് . ഓഗസ്റ്റ് 31 -ന് ശേഷമാണ് ഈ തീരുമാനം നടപ്പിൽ വരുക. മാനസികാരോഗ്യ പ്രശ്നമുള്ളവർ ഏതെങ്കിലും തരത്തിൽ മറ്റുള്ള വ്യക്തികളുടെ ജീവന് ഭീഷണി ഉയർത്തിയെങ്കിൽ മാത്രമേ ഇനി മുതൽ പോലീസ് ഇടപെടൽ ഉണ്ടാവുകയുള്ളൂ. കൂടുതൽ അടിയന്തര സ്വഭാവമുള്ള ക്രമസമാധാന പ്രശ്നങ്ങളിൽ ഇടപെടുന്നതിന് ഈ നീക്കം പോലീസിനെ സഹായിക്കുമെന്നാണ് കരുതുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ഗ്രേറ്റ് ബ്രിട്ടനിൽ ഉടനീളമുള്ള പോലീസ് സേന കഴിഞ്ഞ അഞ്ചു വർഷമായി കൈകാര്യം ചെയ്ത മാനസികാരോഗ്യ സംഭവങ്ങളിൽ ഗണ്യമായ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. പ്രശ്നമുണ്ടാകുമ്പോൾ പരിഹാരത്തിനായി പോലീസിനെ ആശ്രയിക്കുന്നത് ജനങ്ങളുടെ മനോഭാവം മൂലമാണ് ഇതെന്നാണ് വിലയിരുത്തുന്നത്. എന്നാൽ പലപ്പോഴും ഈ രീതിയിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ പോലീസിന് മതിയായ പരിശീലനം ലഭിച്ചിട്ടില്ലെന്നുള്ളതാണ് യാഥാർത്ഥ്യം.

പോലീസ് ഉദ്യോഗസ്ഥർ തങ്ങളുടെ സമയത്തിന്റെ 20- 40% വരെ ഇത്തരത്തിലുള്ള കേസുകൾ കൈകാര്യം ചെയ്യാൻ വിനിയോഗിക്കുന്നതായാണ് കോളേജ് ഓഫ് പോലീസിന്റെ കണ്ടെത്തൽ . ഇത്തരം കേസുകൾ പോലീസ് കൈകാര്യം ചെയ്യുന്നതിന് പകരം പരിശീലനം സിദ്ധിച്ച മാനസികാരോഗ്യ വിദഗ്ധരുടെ ഇടപെടൽ നടപ്പിലാക്കുന്ന പദ്ധതി മെറ്റ് പോലീസ് അംഗീകരിച്ചിട്ടുണ്ട്