ന്യൂസ് ഡെസ്ക്, മലയാളം യുകെ
സാമ്പത്തിക പരിമിതികൾ മൂലം വ്യാപകമായ രീതിയിൽ ജീവനക്കാരെ കുറവ് വരുത്തുന്നത് മെട്രോപൊളിറ്റൻ പോലീസ് നടപടി സ്വീകരിച്ചതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നു. 1700 ജീവനക്കാരെയും ഉദ്യോഗസ്ഥരെയും കുറയ്ക്കാനുള്ള പദ്ധതിയാണ് തയ്യാറാക്കിയിരിക്കുന്നത്. അനുവദിച്ചിരിക്കുന്ന ബഡ്ജറ്റിലെ 260 മില്യൺ പൗണ്ട് കുറവ് മൂലമാണ് കടുത്ത നടപടിക്ക് പോലീസ് സേന നിർബന്ധിതമായിരിക്കുന്നത് എന്നാണ് അറിയാൻ കഴിഞ്ഞത്.
കഴിഞ്ഞവർഷം അവസാനം സേനയിൽ നിന്ന് ജീവനക്കാരെ വെട്ടിക്കുറയ്ക്കുന്ന നടപടി ഉണ്ടാകുമെന്ന് മെറ്റ് കമ്മീഷണർ സർ മാർക്ക് റൗളി സൂചന നൽകിയിരുന്നു. അന്ന് ഡിപ്പാർട്ട്മെന്റിന് ഉദ്യോഗസ്ഥരെയും ജീവനക്കാരെയും ഉൾപ്പെടെ 2300 പേരുടെ നഷ്ടം ഉണ്ടാകുമെന്നാണ് കരുതിയിരുന്നത്. എന്നാൽ സർക്കാരിൽ നിന്നും മെറ്റക്ക് കൂടുതൽ ധനസഹായം ലഭിച്ചതോടെ ആ സാഹചര്യം ഒഴിവായിരുന്നു.
ആളുകളെ ജോലിയിൽനിന്ന് പിരിച്ചുവിടുന്നതിന് പകരം പുതിയതായി എടുക്കുന്നവരുടെ എണ്ണം കുറച്ചും സർവീസ് പൂർത്തിയാക്കാതെ പിരിഞ്ഞു പോകാൻ ആഗ്രഹിക്കുന്നവരെ അതിനായി അനുവദിച്ചും പരമാവധി പിടിച്ചു നിൽക്കാനാണ് നിലവിൽ തീരുമാനം എടുത്തിരിക്കുന്നത് .വെട്ടിക്കുറയ്ക്കലുകൾ ഉണ്ടെങ്കിലും പൊതുവായ സമാധാന പാലനം, സ്ത്രീകൾക്കും പെൺകുട്ടികൾക്കുമെതിരായ അതിക്രമങ്ങൾ കൈകാര്യം ചെയ്യൽ, സേനയെ പരിഷ്കരിക്കാനുള്ള ശ്രമങ്ങൾ തുടങ്ങിയ മുൻനിര സേവനങ്ങളെ സംരക്ഷിക്കുമെന്ന് മെട്രോപൊളിറ്റൻ പോലീസ് വക്താവ് പറഞ്ഞു.
Leave a Reply