ന്യൂസ് ഡെസ്ക് മലയാളം യുകെ
യു കെ :- ബ്രിട്ടനിൽ ഉടനീളം വരും ദിവസങ്ങളിൽ മഞ്ഞു പെയ്യാനും, വെള്ളപ്പൊക്കം ഉണ്ടാവാനും സാധ്യത ഏറെയാണെന്ന് കാലാവസ്ഥ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഈ ദിവസങ്ങളിൽ സ് കോട്ട് ലൻഡിന്റെ വടക്കൻ ഭാഗങ്ങളിൽ ശക്തമായ മഞ്ഞ് പെയ്യലിന് സാധ്യതയുണ്ട്. ഇംഗ്ലണ്ടിന്റെ തെക്കു- കിഴക്കൻ ഭാഗങ്ങളിൽ ഞായറാഴ്ച മഞ്ഞു പെയ്യാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ബുധനാഴ്ച വരെ നീണ്ടു നിൽക്കുന്നതാണ് ഈ മുന്നറിയിപ്പുകൾ. സ് കോട്ട് ലൻഡിന്റെ ചിലയിടങ്ങളിൽ എട്ടു മുതൽ 12 ഇഞ്ച് വരെ കനത്തിൽ മഞ്ഞ് ഉണ്ടാകാൻ സാധ്യത ഏറെയാണ്. ശക്തമായി മഞ്ഞ് പെയ്യുന്നത് ഗതാഗത സംവിധാനത്തെയും കാര്യമായി ബാധിക്കുമെന്ന മുന്നറിയിപ്പുകളും അധികൃതർ നൽകുന്നുണ്ട്.
ചിലയിടങ്ങളിൽ മഞ്ഞിനോടൊപ്പം ശക്തമായ കാറ്റും ഉണ്ടാവാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. കാലാവസ്ഥയിലുണ്ടാകുന്ന പ്രതിസന്ധികൾ വാക്സിൻ വിതരണത്തെ തടസപ്പെടുത്തുമെന്ന് ആരോഗ്യ അധികൃതർ അറിയിച്ചു. റെയിൽവെ മേഖലയും ചിലയിടങ്ങളിൽ താറുമാറായി.
തെക്കുകിഴക്കൻ ഇംഗ്ലണ്ട്, വെയിൽസ്, വെസ്റ്റ് മിഡ്‌ലാൻഡ് എന്നിവിടങ്ങളിൽ യെല്ലോ അലർട്ട് നൽകി കഴിഞ്ഞു. കനത്ത മഞ്ഞ് വെള്ളപ്പൊക്കത്തിനും ഇടയാക്കുമെന്നാണ് അധികൃതരുടെ നിഗമനം. റോഡുകളിൽ വീണ മഞ്ഞ് നീക്കം ചെയ്യുന്നതിന് ഉടൻ നടപടികൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്. ജനങ്ങൾ എല്ലാവരും ജാഗ്രത പാലിക്കണമെന്ന കർശന നിർദ്ദേശം നൽകി കഴിഞ്ഞു.
Leave a Reply