ന്യൂസ് ഡെസ്ക് മലയാളം യുകെ

ലണ്ടൻ : യുകെയിൽ കോവിഡ് 19 മൂലമുള്ള പ്രതിസന്ധി ഏറ്റവും കൂടുതൽ ബാധിച്ച ഒരു മേഖലയാണ് വിദ്യാഭ്യാസ മേഖല. വൈറസ് ബാധ രൂക്ഷമായ സ്ഥലങ്ങളിൽ അധ്യാപനവും പരീക്ഷകളും എങ്ങനെ ഫലപ്രദമായി നടത്തിയെടുക്കും എന്നത് പ്രതിസന്ധിയുടെ ആഴം കൂട്ടുന്നു. ഈ സാഹചര്യത്തിലാണ് പ്രൈമറി സ്കൂൾ വിദ്യാർത്ഥികളും, ജി സി എസ് ഇ, എ ലെവൽ വിദ്യാർത്ഥികളും സ്കൂളുകളിലേയ്ക്ക് മടങ്ങിയെത്തണമെന്നും ജനുവരി 4 മുതൽ സ്കൂളുകൾ തുറന്ന് പ്രവർത്തിക്കുമെന്നും മൈക്കൽ ഗോവ് പ്രഖ്യാപിച്ചത്.എന്നാൽ ഈ തീരുമാനത്തെ അധ്യാപക യൂണിയനുകളും മാതാപിതാക്കളും നഖശിഖാന്തം എതിർക്കുകയാണ്. രോഗവ്യാപനഭീതി ഉയരുന്ന ഈ സമയത്ത് ഇത്തരമൊരു പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന് യൂണിയനുകളും മാതാപിതാക്കളും അഭിപ്രായപ്പെട്ടു. എന്നാൽ പ്രധാന അധ്യാപകരുമായി സംസാരിക്കുമെന്നും കഴിയുന്നതും വേഗം കുട്ടികളെ സ്കൂളുകളിലേയ്ക്ക് തിരികെ കൊണ്ടുവരാൻ കഴിയുമെന്ന് ഉറപ്പാക്കേണ്ടതുണ്ടെന്നുമാണ് ഗവൺമെന്റിന് പ്രതിനിധീകരിച്ച് മൈക്കൽ ഗോവ് അറിയിച്ചത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ജനുവരിയിൽ സ്കൂളുകൾ വീണ്ടും തുറക്കുന്നതിനെക്കുറിച്ച് വിദ്യാഭ്യാസ സെക്രട്ടറി ഗാവിൻ വില്യംസൺ പ്രധാന അദ്ധ്യാപകരുമായും യൂണിയനുകളുമായും   ചർച്ച നടത്തുമെന്ന് ഗോവ് കൂട്ടിച്ചേർത്തു. അധ്യാപകർക്ക് പ്രതിരോധ കുത്തിവയ്പ്പ് സ്വീകരിക്കേണ്ടതിനാൽ ക്രിസ്മസ് അവധിക്കുശേഷം സെക്കൻഡറി സ്കൂൾ കുട്ടികൾക്ക് ഓൺലൈൻ ക്ലാസുകൾ തുടരണമെന്ന് ആവശ്യപ്പെട്ട അധ്യാപകരുടെയും യൂണിയനുകളുടെയും സമ്മർദത്തിന് സർക്കാർ വഴങ്ങിയിരുന്നു. ഇംഗ്ലണ്ടിലെ സ്കൂളുകൾ വീണ്ടും തുറക്കുന്നത് രണ്ടാഴ്ചയെങ്കിലും വൈകിവേണമെന്ന് ദേശീയ വിദ്യാഭ്യാസ യൂണിയൻ ജോയിന്റ് ജനറൽ സെക്രട്ടറി ഡോ. മേരി ബൂസ്റ്റെഡ് പറഞ്ഞു. ജനുവരി മുഴുവൻ സ്കൂളുകൾ അടച്ചിടണമെന്ന് സേജ് ശാസ്ത്രജ്ഞർ നിർദേശിച്ചു. നവംബറിൽ സ്കൂളുകൾ തുറന്ന സമയത്ത് ആർ റേറ്റ് ഒന്നിന് മുകളിൽ ആയിരുന്നു. അതിനാൽ ഇപ്പോൾ കർശനമായ ലോക്ക്ഡൗൺ ആവശ്യമാണെന്ന് ചീഫ് സയന്റിഫിക് അഡ്വൈസർ പാട്രിക് വാലൻസിന്റെ നേതൃത്വത്തിലുള്ള സേജ് സംഘം പ്രധാനമന്ത്രിയെ അറിയിച്ചിരുന്നു.

നിലവിലെ പദ്ധതികളനുസരിച്ച് എല്ലാ പ്രൈമറികളും സാധാരണ പോലെ ജനുവരി നാലിന് തുറക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. എന്നാൽ ടയർ 4 ലോക്ക്ഡൗണിന് കീഴിൽ കഴിയുന്ന കുട്ടികൾ ഫെബ്രുവരി പകുതിയോടുകൂടി മാത്രമേ സ്കൂളുകളിലേക്ക് തിരികെയെത്തുകയുള്ളൂ. അതേസമയം സേജ് ശാസ്ത്രജ്ഞരുടെ മുന്നറിയിപ്പ് കൂടി പ്രധാനമന്ത്രി കണക്കിലെടുക്കേണ്ടതുണ്ട്.