ഫോര്‍മുല വണ്‍ ഇതിഹാസം മൈക്കിള്‍ ഷുമാക്കറിന്റെ ആരോഗ്യ നില മെച്ചപ്പെടാന്‍ പ്രാര്‍ത്ഥനകളുമായി പതിനായിരക്കണക്കിന് ആരാധകര്‍. അപകടത്തില്‍പ്പെട്ട് തലയ്ക്ക് മാരകമായ ക്ഷതമേറ്റ ഷുമാക്കര്‍ കഴിഞ്ഞ നാല് വര്‍ഷമായി ചികിത്സയിലാണ്. ലോകത്താകമാനം കോടിക്കണക്കിന് ആരാധകരുള്ള റേസിംഗ് ഇതിഹാസത്തിന്റെ രോഗം ഭേദമാകുന്നതിനായി നിരവധി പേരാണ് പ്രാര്‍ത്ഥനകളുമായി കാത്തിരിക്കുന്നത്. അദ്ഭുതങ്ങള്‍ സംഭവിക്കുമെന്നും തങ്ങളുടെ പ്രിയതാരം തിരിച്ചു വരുമെന്നും ആരാധകര്‍ പ്രതീക്ഷിക്കുന്നു. സ്വിറ്റ്‌സര്‍ലാണ്ടിലെ ലെയ്ക്ക് ജനീവയിലുള്ള കുടുംബ വീട്ടിലാണ് ഷുമാക്കര്‍ ഇപ്പോള്‍ ചികിത്സ തുടരുന്നത്. ട്രാക്കില്‍ അദ്ഭുതങ്ങള്‍ സൃഷ്ടിച്ചിട്ടുള്ള ഷുമാക്കര്‍ 7 തവണ ഫോര്‍മുല-1 ലോക ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയിട്ടുണ്ട്.
2013 ഡിസംബറിലാണ് ഷുമാക്കറിന്റെ ജീവിതത്തെ ദുരന്തത്തിലേക്ക് തള്ളിവിട്ട അപകടം നടക്കുന്നത്. ഫ്രാന്‍സിലെ പ്രമുഖ സ്‌കീ റിസോട്ടായ മെരിബലില്‍ വെച്ച് സ്‌കീങ് നടത്തുന്നതിനിടെ വീണ ഷുമാക്കറിന്റെ തലയ്ക്ക് മാരകമായ പരിക്കേറ്റു. സ്‌കീയിങിനിടെ നിലത്ത് വീണ താരത്തിന്റെ തല സമീപത്തുണ്ടായിരുന്ന പാറയിലിടിക്കുകയായിരുന്നു. തലയുടെ പിന്‍ഭാഗത്തേറ്റ ക്ഷതം ഗുരുതര പ്രശ്‌നങ്ങള്‍ക്ക് കാരണമായി. അപകടത്തിന് ശേഷം ഒരു വര്‍ഷം കോമയിലായിരുന്നു താരം. ട്രാക്കില്‍ നിരവധി അപകടങ്ങള്‍ പറ്റിയിട്ടുണ്ടെങ്കിലും അവയൊന്നും സാരമായ പ്രശ്ങ്ങള്‍ സൃഷ്ടിച്ചവയായിരുന്നില്ല. പക്ഷേ ഈ അപകടം ഷുമാക്കറിന്റെ ജീവിതം തന്നെ ദുരിതപൂര്‍ണമാക്കി. ആയിരക്കണക്കിന് ആരാധകരാണ് താരത്തിന്റെ ആരോഗ്യം മെച്ചപ്പെടുമെന്ന് പ്രത്യാശ പ്രകടിപ്പിച്ചുകൊണ്ട് ദിനം പ്രതി സോഷ്യല്‍ മീഡിയയില്‍ രംഗത്ത് വരുന്നത്.
ഷുമാക്കറിന്റെ ആരോഗ്യ നില സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ ആഗ്രഹങ്ങള്‍ അറിയിച്ചുകൊണ്ട് നിരവധിയാളുകളാണ് സോഷ്യല്‍ മീഡിയകളില്‍ രംഗത്ത് വന്നിരുന്നെങ്കിലും. വിവരങ്ങള്‍ പുറത്ത് വിടാന്‍ കുടുംബം തയ്യാറായിട്ടില്ല. അദ്ദേഹത്തിന്റെ ആരോഗ്യകാര്യങ്ങള്‍ പൊതു പ്രശ്‌നമല്ലെന്നാണ് കുടുബത്തിന്റെ കാഴ്ച്ചപ്പാട്. അതേസമയം ഒരു മിറക്കിളിനായി പ്രതീക്ഷിക്കാന്‍ അദ്ദേഹത്തിന്റെ മകള്‍ കുറച്ചു മാസങ്ങള്‍ക്ക് മുമ്പ് ആരാധകരോട് സോഷ്യല്‍ മീഡിയ സന്ദേശത്തില്‍ പറഞ്ഞിരുന്നു.
ആരാധകരുടെ പ്രാര്‍ത്ഥനകള്‍ക്കും ആശംസകള്‍ക്കും കുടുബം നന്ദി അറിയിച്ചിട്ടുണ്ട്. 20 വര്‍ഷത്തെ റേസിംഗ് കരിയറില്‍ 7 ലോക കീരിടങ്ങളും 91 റേസ് വീജയങ്ങളും ഷുമാക്കറിന്റെ പേരിലുണ്ട്. ജോര്‍ഡാന്‍ ഗ്രാന്‍ഡ്പ്രിക്‌സ്, ബെനട്ടണ്‍, ഫെറാറി എന്നിവര്‍ക്ക് വേണ്ടിയാണ് കരിയറിന്റെ ഭൂരിഭാഗവും ഷുമാക്കര്‍ കാറോടിച്ചത്. ഇവരെ കൂടാതെ മെഴ്‌സിഡസിന് വേണ്ടിയും ഷുമാക്കര്‍ മത്സരിച്ചിട്ടുണ്ട്.
Leave a Reply