ന്യൂസ് ഡെസ്ക് മലയാളം യുകെ
നോർത്തേൺ അയർലൻഡിൻ്റെ ആദ്യ നാഷണലിസ്റ്റ് ഫസ്റ്റ് മിനിസ്റ്റർ ആയി നിയമിതയായി സിൻ ഫെയ്‌നിൻ്റെ മിഷേൽ ഒ നീൽ. ഡെമോക്രാറ്റിക് യൂണിയണിസ്റ്റ് പാർട്ടിയുടെ എമ്മ ലിറ്റിൽ-പെംഗല്ലിയെയും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററായി നിയമിച്ചു. ബ്രെക്‌സിറ്റിനു ശേഷമുള്ള വ്യാപാര നിയമങ്ങളിൽ ഡെമോക്രാറ്റിക് യൂണിയനിസ്റ്റ് പാർട്ടി (ഡിയുപി) ബഹിഷ്‌കരണം അവസാനിപ്പിച്ചതിനെ തുടർന്നാണ് അധികാരം പങ്കിടലിൻ്റെ ഈ തിരിച്ചുവരവ്.
നോർത്തേൺ അയർലൻഡിനും ഗ്രേറ്റ് ബ്രിട്ടനുമിടയിൽ പോകുന്ന ചരക്കുകളുടെ ബ്രെക്‌സിറ്റിനു ശേഷമുള്ള പരിശോധനകളെച്ചൊല്ലി ഡിയുപി രണ്ട് വർഷത്തേക്ക് സർക്കാരിനെ ബഹിഷ്‌കരിച്ചിരിക്കുകയായിരുന്നു. ഗവൺമെൻ്റുമായി ഒരു പുതിയ കരാറുണ്ടാക്കിയതിന് പിന്നാലെയാണ് അധികാരം പങ്കിടുന്നതിലേയ്ക്ക് മടങ്ങാൻ പാർട്ടി സമ്മതിച്ചത്. നോർത്തേൺ അയർലണ്ടിലെ വികസിത ഗവൺമെൻ്റിന് യൂണിയനിസ്റ്റുകളുടെയും നാഷണലിസ്റ്റുകളുടെയും പങ്കാളിത്തത്തോടെ മാത്രമേ ക്രോസ്-കമ്മ്യൂണിറ്റി അടിസ്ഥാനത്തിൽ പ്രവർത്തിക്കാൻ കഴിയൂ.
വെസ്റ്റ്മിൻസ്റ്ററിലെ കാബിനറ്റിന് സമാനമായി നോർത്തേൺ അയർലൻഡ് എക്സിക്യൂട്ടീവ് ആണ് ഇവിടുത്തെ കാര്യങ്ങൾ തീരുമാനിക്കുന്നത്. മിഷേൽ ഒ നീൽ, ലിറ്റിൽ-പെംഗല്ലി കൂടാതെ നവോമി ലോംഗ് (അലയൻസ്), കോനോർ മർഫി (സിൻ ഫെയിൻ), പോൾ ഗിവൻ (ഡി.യു.പി), ഗോർഡൻ ലിയോൺസ് (ഡി.യു.പി), റോബിൻ സ്വാൻ, (അൾസ്റ്റർ യൂണിയനിസ്റ്റ് പാർട്ടി (യു.യു.പി)), ജോൺ ഒഡൗഡ് (സിൻ ഫെയിൻ), കയോംഹെ ആർക്കിബാൾഡ് (സിൻ ഫെയിൻ), ആൻഡ്രൂ മുയർ (അലയൻസ്) എന്നിവർ നീതിന്യായം, സാമ്പത്തികം, വിദ്യാഭ്യാസം, കമ്മ്യൂണിറ്റി, ആരോഗ്യം,ഇൻഫ്രാസ്ട്രക്ചർ, ധനകാര്യം, കൃഷി, പരിസ്ഥിതി, റൂറൽ അഫേഴ്സ് എന്നീ മേഖലകളിൽ ചുമതലയേറ്റു.
Leave a Reply