ന്യൂസ് ഡെസ്ക്, മലയാളം യുകെ
ബ്രിട്ടനിൽ കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾ അരങ്ങ് തകർക്കുകയാണ്. അതേ സമയത്ത് അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരുന്ന ഹോട്ടലിൽ ലൈംഗികാതിക്രമം നടത്തിയതിന് ഒരാൾക്കെതിരെ കേസെടുത്തു. കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങൾക്ക് കൂടുതൽ ആവേശം പകരുന്നതാണ് പുറത്തുവരുന്ന വിവരങ്ങൾ. എസ്സെക്സിലെ എപ്പിങ്ങിലുള്ള ദി ബെൽ ഹോട്ടലിൽ താമസിക്കുന്ന സിറിയൻ പൗരനായ മുഹമ്മദ് ഷർവാർഖ് (32) ക്കെതിരെയാണ് കുറ്റം ചുമത്തിയിരിക്കുന്നത്.
എപ്പിങ്ങിലെ ബെൽ ഹോട്ടലിലാണ് ഇയാൾ താമസിച്ചിരുന്നത്. അടുത്തകാലത്ത് നിരവധി കുടിയേറ്റ വിരുദ്ധ പ്രക്ഷോഭങ്ങളാണ് മേൽപറഞ്ഞ ഹോട്ടലിന്റെ മുൻപിൽ നടന്നത്. ജൂലൈ 25 നും ഓഗസ്റ്റ് 12 നും ഇടയിൽ കുറ്റകൃത്യങ്ങൾ നടന്നതായി ആരോപിക്കപ്പെടുന്നതായി എസെക്സ് പോലീസ് പറഞ്ഞു. ചൊവ്വാഴ്ച ഇയാളെ അറസ്റ്റ് ചെയ്ത് കസ്റ്റഡിയിൽ വിട്ടു. കേസുമായി ബന്ധപ്പെട്ട് മറ്റ് പ്രതികളെ അന്വേഷിക്കുന്നില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. ബെൽ ഹോട്ടലിലെ ഒരു താമസക്കാരനെതിരെ ലൈംഗിക സ്വഭാവമുള്ള കുറ്റം ഉൾപ്പെടെ ഒന്നിലധികം ആക്രമണങ്ങൾക്ക് കേസെടുത്തിട്ടുണ്ടെന്ന റിപ്പോർട്ടുകളിൽ താൻ വളരെയധികം ആശങ്കാകുലനാണ് എന്ന് എപ്പിംഗ് ഫോറസ്റ്റിന്റെ കൺസർവേറ്റീവ് എംപിയായ ഡോ. നീൽ ഹഡ്‌സൺ പറഞ്ഞു.
അനധികൃത കുടിയേറ്റത്തിനെതിരെയുള്ള പ്രതിഷേധങ്ങൾ എല്ലാ പരിധിയും വിട്ട് യുകെയിൽ കത്തി പടരുകയാണ്. അനധികൃത കുടിയേറ്റക്കാരെ താമസിപ്പിച്ചിരിക്കുന്ന ഹോട്ടലുകളുടെ പുറത്ത് പ്രതിഷേധക്കാരും പോലീസും തമ്മിലുണ്ടായ ഏറ്റുമുട്ടലുകൾ നിരന്തരം മാധ്യമങ്ങളിൽ വാർത്തകൾ സൃഷ്ടിക്കുകയാണ്. അനധികൃത കുടിയേറ്റത്തെ കുറിച്ച് പുറത്തു വരുന്ന കണക്കുകളും ഇത്തരം പ്രതിഷേധങ്ങൾക്ക് എരിവ് പകരുന്നതാണ്. ലേബർ പാർട്ടി ജൂലൈ 4- ലെ പൊതു തെരഞ്ഞെടുപ്പിൽ അധികാരമേറ്റതിനുശേഷം യുകെയിൽ ചാനൽ കടന്നെത്തിയ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം 50,000 കടന്നതായുള്ള റിപ്പോർട്ടുകൾ ഇന്നലെ ഹോം ഓഫീസ് പുറത്തു വിട്ടിരുന്നു.
Leave a Reply