ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു എസ് :- യുഎസിന്റെ 47-ാമത് പ്രസിഡൻ്റായി സത്യപ്രതിജ്ഞ ചെയ്ത് മിനിറ്റുകൾക്കകം തന്നെ ഓൺലൈൻ അപ്പോയിൻ്റ്മെൻ്റിലൂടെ ഏകദേശം 1 ദശലക്ഷം കുടിയേറ്റക്കാർക്ക് നിയമപരമായ പ്രവേശനം നൽകാൻ സഹായിച്ച സി ബി പി വൺ ആപ്പ് റദ്ദാക്കിയിരിക്കുകയാണ് ഡൊണാൾഡ് ട്രംപ്. യുഎസ് കസ്റ്റംസ് ആൻഡ് ബോർഡർ പ്രൊട്ടക്ഷൻ (സി ബി പി )നൽകുന്ന വിവിധ സേവനങ്ങൾ ആളുകളിലേയ്ക്ക് എത്തിക്കുവാൻ ഈ ആപ്പ് സഹായകരമായിരുന്നു. ബൈഡൻ സർക്കാർ ഈ ആപ്പ് വളരെ ഫലപ്രദമായി പ്രാവർത്തികത്തിലാക്കിയിരുന്നു . എല്ലാ നിയമവിരുദ്ധമായ പ്രവേശനങ്ങളും നിർത്തലാക്കുമെന്നും ദശലക്ഷക്കണക്കിന് ക്രിമിനലുകളായ കുടിയേറ്റക്കാരെ നാടുകടത്തുമെന്നും ട്രംപ് തന്റെ ഉദ്ഘാടന പ്രസംഗത്തിൽ വ്യക്തമാക്കി. മെക്‌സിക്കൻ മയക്കുമരുന്ന് കാർട്ടലുകളെ ഭീകര സംഘടനകളായി പ്രഖ്യാപിക്കുന്ന ഉത്തരവിലും അദ്ദേഹം ഒപ്പുവച്ചു. വാഷിംഗ്ടണിലെ ക്യാപിറ്റൽ വൺ അരീനയിൽ നടന്ന ഒരു പരിപാടിയിൽ, ട്രംപ് ബൈഡൻ ഭരണകൂടം നടപ്പിലാക്കിയ 80 ഓളം എക്സിക്യൂട്ടീവ് നടപടികൾ ഔപചാരികമായി പിൻവലിക്കുകയും ചെയ്തു. ഭീഷണികളിൽ നിന്നും അധിനിവേശങ്ങളിൽ നിന്നും നമ്മുടെ രാജ്യത്തെ സംരക്ഷിക്കുന്നതിനേക്കാൾ ഉയർന്ന മറ്റൊരു ഉത്തരവാദിത്തം തനിക്ക് ഇല്ലെന്ന സന്ദേശം ആണ് ട്രംപ് ആവർത്തിച്ച് വ്യക്തമാക്കിയത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


ജനനാവകാശ പൗരത്വം അവസാനിപ്പിക്കാൻ ട്രംപ് പദ്ധതിയിടുന്നതായുള്ള റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്. ഇതിൻ പ്രകാരം, യുഎസിൽ താമസിക്കുന്ന രേഖകളില്ലാത്ത കുടിയേറ്റക്കാരുടെ കുട്ടികൾ ഇനി സ്വയമേവ യുഎസ് പൗരന്മാരായി പരിഗണിക്കപ്പെടില്ല. എന്നിരുന്നാലും, ജന്മാവകാശ പൗരത്വം യുഎസ് ഭരണഘടനയിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാൽ, അത് മാറ്റുന്നതിന് കോൺഗ്രസിൻ്റെ ഇരുചേമ്പറുകളിലും മൂന്നിൽ രണ്ട് വോട്ട് ആവശ്യമാണ്. സി ബി പി ആപ്പ് വഴി നിലവിൽ ഷെഡ്യൂൾ ചെയ്യപ്പെട്ട അപ്പോയ്മെന്റുകളും റദ്ദാക്കിയതായാണ് ആപ്പിൽ വിവരങ്ങൾ വ്യക്തമാക്കുന്നത്. ഇത് നിരവധി കുടിയേറ്റക്കാരെയാണ് കണ്ണീരിൽ ആഴ്ത്തിയത്. ഇനി മുന്നോട്ടും കുടിയേറ്റക്കാർക്കെതിരെയുള്ള നിയമങ്ങൾ കഠിപ്പിക്കും എന്ന സന്ദേശമാണ് ട്രംപ് ഇതിലൂടെ നൽകിയിരിക്കുന്നത്.