ന്യൂസ് ഡെസ്ക്
ആന്റി ടെററിസം പോലീസും Ml5ഉം സംയുക്തമായി നടത്തിയ റെയ്ഡിൽ ഭീകരാക്രമണ ഭീഷണിയുമായി ബന്ധപ്പെട്ട് നാല് പേർ അറസ്റ്റിലായി. ഇന്റലിജൻസ് നല്കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് നടപടി. ഷെഫീൽഡിലും ചെസ്റ്റർഫീൽഡിലുമാണ് വീടുകളിൽ റെയ്ഡ് നടന്നത്. റെയ്ഡിനെത്തുടർന്ന് ഷെഫീൽഡിൽ മൂന്നു പേരും ചെസ്റ്റർഫീൽഡിൽ ഒരാളും അറസ്റ്റിലായി.അറസ്റ്റിലായ യുവാക്കൾ 22, 31,36, 41 വയസുള്ളവരാണ്. ചെസ്റ്റർഫീൽഡിലെ വീട്ടിലേയ്ക്ക് ആർമി ബോംബ് സ്ക്വാഡിനേയും അടിയന്തരമായി എത്തിച്ചു. വീട്ടിനുള്ളിൽ സ്ഫോടകവസ്തുക്കൾ നിർമ്മിച്ച് സൂക്ഷിച്ചിട്ടുണ്ട് എന്ന അനുമാനത്തിലാണ് ബോംബ് സ്ക്വാഡ് എത്തിയത്. അറസ്റ്റിലായവരെ വെസ്റ്റ് യോർക്ക് ഷയറിലെ പോലീസ് സ്റ്റേഷനിൽ ചോദ്യം ചെയ്തു വരികയാണ്.
ചെസ്റ്റർഫീൽഡിലെ അറസ്റ്റിനെ തുടർന്ന് സമീപ വീടുകളിലെ താമസക്കാരെയെല്ലാം ഒഴിപ്പിച്ചു. റോഡുകളും ബ്ലോക്ക് ചെയ്തു. വൻ പോലീസ് സന്നാഹത്തെത്തുടർന്ന് ജനങ്ങളും ആശങ്കയിലായി. സമയാസമയങ്ങളിൽ റെയ്ഡിന്റെ പുരോഗതി സംബന്ധിച്ച വിവരങ്ങൾ പോലീസ് ജനങ്ങളുമായി പങ്കുവെച്ചിരുന്നു. ബ്രിട്ടണിലെ ക്രിസ്മസ് മാർക്കറ്റുകളിൽ സ്ഫോടനം നടത്താനുള്ള ഇസ്ളാമിക് സ്റ്റേറ്റിന്റെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് റെയ്ഡ് നടന്നത്. റെയ്ഡ് നടന്നത് ഏറ്റവും നിർണായകമായ സമയത്താണെന്ന് പോലീസ് കരുതുന്നു. മാർക്കറ്റുകളിൽ ബോംബ് സ്ഫോടനം നടത്താനുള്ള പദ്ധതിയാണ് പോലീസ് തകർത്തത്.
Leave a Reply