ലണ്ടന്‍: മലിനമായ സാഹചര്യത്തില്‍ അന്തേവാസികളെ താമസിപ്പിച്ചിരുന്ന കെയര്‍ ഹോം ഉടമയ്‌ക്കെതിരെ നടപടിയുമായി നഴ്‌സിംഗ് ആന്‍ഡ് മിഡ്‌വൈഫറി കൗണ്‍സില്‍. സുന്ദരേശന്‍ കൂപ്പന്‍ എന്ന മൗറീഷ്യസ് വംശജന്റെ ഉടമസ്ഥതയിലുള്ള മൂന്ന് കെയര്‍ ഹോമുകളിലെ അന്തേവാസികളെയാണ് ദയനീയ സാഹചര്യങ്ങളില്‍ കണ്ടെത്തിയത്. സറേയിലുള്ള മൂന്ന് കേന്ദ്രങ്ങളില്‍ കെയര്‍ ക്വാളിറ്റി കമ്മീഷന്‍ നടത്തിയ പരിശോധനയിലാണ് ഇതേക്കുറിച്ച് വ്യക്തമായത്. അന്തേവാസികളെ ദുരിതത്തില്‍ വിട്ടശേഷം ഇയാളും ഭാര്യ മാലിനിയും കുടുംബവും മൗറീഷ്യസില്‍ ആഘോഷങ്ങളിലായിരുന്നുവെന്ന് കണ്ടെത്തി. കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കെയര്‍ ഹോമുകള്‍ നടത്തുന്നതില്‍ നിന്ന് ഇയാളെ എന്‍എംസി ആജീവനാന്ത വിലക്ക് ഏര്‍പ്പെടുത്തി.
മൂത്രവും അഴുക്കും നിറഞ്ഞ സാഹചര്യമാണ് മൂന്നിടങ്ങളിലും പരിശോധനയില്‍ കണ്ടത്. അന്തേവാസികളില്‍ പോഷണക്കുറവും നിര്‍ജ്ജലീകരണവും ഉണ്ടായിരുന്നതായി വ്യക്തമായി. സട്ടനില മെറോക് പാര്‍ക്ക് അടച്ചു പൂട്ടിയിട്ടും സുന്ദരേശന്‍ നിയമനടപടികളില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തനിക്കു മേലുണ്ടായിരുന്ന വിശ്വാസം ഇയാള്‍ ദുരുപയോഗം ചെയ്‌തെന്ന് എന്‍എംസി വ്യക്തമാക്കിയിട്ടും ഇയാള്‍ക്ക് രക്ഷപ്പെടാനായെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. സറേയിലെ 2.5 മില്യന്‍ പൗണ്ട് മൂല്യമുള്ള വസതിയിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ഇയാള്‍ മൗറീഷ്യസില്‍ ആഘോഷിക്കുന്നതിന്റെ ചിത്രങ്ങള്‍ നേരത്തേ പുറത്തു വന്നിരുന്നു.
അന്തേവാസികളില്‍ നിന്ന് 500 പൗണ്ട് വീതമാണ് ആഴ്ചയില്‍ ഇയാള്‍ ഈടാക്കിയിരുന്നത്. മെറോക് പാര്‍ക്കിലെ ലിഫ്റ്റ് തകരാറിലായതിനെത്തുടര്‍ന്ന് അന്തേവാസികള്‍ക്ക് ബാത്ത്‌റൂമിലേക്ക് പോലും പോകാന്‍ കഴിയാത്ത അവസ്ഥയായി. ഇതുമൂലം ഒരാള്‍ക്ക് സ്‌കേബീസ് ബാധിച്ചതായി കണ്ടെത്തി. സട്ടനില്‍ത്തന്നെയുള്ള ഗ്രാന്റ്‌ലി കോര്‍ട്ട് എന്ന കെയര്‍ ഹോമിലെ കിടക്കകള്‍ 20 വര്‍ഷം പഴക്കമുള്ളതായിരുന്നു. ഇത് വൃദ്ധരായ അന്തേവാസികള്‍ക്ക് അപകടകരമായ നിലയിലായിരുന്നുവെന്ന് എന്‍എംസി വ്യക്തമാക്കി.
Leave a Reply