ന്യൂസ് ഡെസ്ക്, മലയാളം യുകെ
യുകെ ഈ വർഷത്തെ മൂന്നാം ഉഷ്‌ണതരംഗം നേരിടുമ്പോൾ ഹോസ്പൈപ്പ് നിരോധനം ഏർപ്പെടുത്തി സർക്കാർ. വെസ്റ്റ് മിഡ്‌ലാൻഡ്‌സിലെ ആസ്റ്റ്‌വുഡ് ബാങ്കിൽ വെള്ളിയാഴ്ച താപനില 34.7°C വരെ എത്തി. വെയിൽസിലെ ഉസ്‌കിൽ ഈ വർഷത്തെ ഏറ്റവും ചൂടേറിയ ദിവസം രേഖപ്പെടുത്തിയത് 32.7°C ആയിരുന്നു. കുതിച്ചുയരുന്ന താപനില പരിഗണിച്ച് സത്തേൺ ഇംഗ്ലണ്ട്, മിഡ്‌ലാൻഡ്‌സ്, ഈസ്റ്റ് ആംഗ്ലിയ എന്നിവിടങ്ങളിൽ തിങ്കളാഴ്ച വരെ നീണ്ടുനിൽക്കുന്ന ആംബർ ഹീറ്റ്-ഹെൽത്ത് അലേർട്ടുകൾ പുറപ്പെടുവിച്ചിട്ടുണ്ട്.
നോർത്തേൺ ഇംഗ്ലണ്ടിൽ യെല്ലോ അലേർട്ടുകൾ പ്രാബല്യത്തിൽ ഉണ്ട്. ഇത് കൂടാതെ സ്കോട്ട് ലൻഡിലും നോർത്തേൺ അയർലൻണ്ടിലും കാട്ടുതീ ഉണ്ടാകാനുള്ള മുന്നറിയിപ്പും അധികൃതർ നൽകിയിട്ടുണ്ട്. യെല്ലോ അലെർട്ടുകൾ സാധാരണയായി പ്രായമായവരെയും ആരോഗ്യപ്രശ്നങ്ങളുള്ളവരെയും ആണ് ബാധിക്കുക. മോശം കാലാവസ്ഥയ്ക്ക് പിന്നാലെ യോർക്ക്ഷയർ വാട്ടറിന്റെ ഹോസ്പൈപ്പ് നിരോധനം വെള്ളിയാഴ്ച ആരംഭിച്ചു. നിരോധനം യോർക്ക്ഷയർ, നോർത്ത് ലിങ്കൺഷയർ, ഡെർബിഷയർ എന്നീ പ്രദേശങ്ങളെ ആയിരിക്കും ബാധിക്കുക. പൂന്തോട്ടങ്ങളിൽ വെള്ളം ഒഴിക്കുക, കാറുകൾ കഴുകുക, പാഡ്ലിംഗ് പൂളുകൾ നിറയ്ക്കുക തുടങ്ങിയ പ്രവർത്തനങ്ങൾക്കാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ പിഴ ചുമത്താൻ സാധിക്കും.
നീണ്ടുനിൽക്കുന്ന ചൂടും വരണ്ട കാലാവസ്ഥയും കാരണം മെയ് മുതൽ കുടിവെള്ളത്തിന്റെ ആവശ്യം റെക്കോർഡ് നിലയിലെത്തിയിട്ടുണ്ടെന്ന് സൗത്ത് ഈസ്റ്റ് വാട്ടർ പറയുന്നു. ഗ്ലാസ്‌ഗോയിലെ TRNSMT, ലണ്ടനിലെ വയർലെസ് തുടങ്ങിയ ഫെസ്റ്റിവലുകളിൽ പങ്കെടുക്കുന്നവരോട് ശരീരത്തിൽ ജലാംശം നിലനിർത്താനുള്ള മുൻകരുതലുകൾ സ്വീകരിക്കണം എന്നും സൺസ്‌ക്രീനുകൾ ധരിക്കാൻ ശ്രദ്ധിക്കണം എന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു. ഹൃദ് രോഗം അല്ലെങ്കിൽ പ്രമേഹം പോലുള്ള ആരോഗ്യപ്രശ്നങ്ങളുള്ള ആളുകൾ ഉഷ്‌ണതരംഗ സമയങ്ങളിൽ ആരോഗ്യം ശ്രദ്ധിക്കണം എന്ന് എൻഎച്ച്എസ് അടിയന്തിര പരിചരണ ഡോക്ടർ ലോർണ പവൽ പറയുന്നു. സാധിക്കുന്നവർ വീടിനുള്ളിൽ തന്നെ തുടരാനും, ഇളം വസ്ത്രം ധരിക്കാനും, തണുത്ത ഭക്ഷണങ്ങൾ കഴിക്കാനും കുടിക്കാനും എൻഎച്ച്എസ് ശുപാർശ ചെയ്യുന്നു.
Leave a Reply