അഞ്ജു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

ഇംഗ്ലണ്ടിലെ രണ്ടു ദശലക്ഷത്തിലധികം പൗരന്മാർക്ക് എൻഎച്ച്എസ് ലെ ദന്തരോഗ വിദഗ്ധനെ കാണാനും ചികിത്സാ സഹായം തേടാനും കഴിയുന്നില്ല എന്ന ഞെട്ടിക്കുന്ന കണക്കുകളാണ് പുറത്തുവന്നിരിക്കുന്നത്. രണ്ടുവർഷത്തിനുള്ളിൽ എൻഎച്ച്എസ്ന്റെ ചികിത്സയ്ക്ക് ശ്രമിക്കുകയും പരാജയപ്പെട്ടവരുമായ 1.45 ദശലക്ഷം ആൾക്കാരും ഈ കണക്കിൽ ഉൾപ്പെടുന്നു. നല്ലൊരു ശതമാനം ആൾക്കാരും തങ്ങൾ താമസിക്കുന്ന സ്ഥലത്തും  സമീപപ്രദേശങ്ങളിലും അവർക്കാവശ്യമായ ചികിത്സാസഹായം ഒരിക്കലും ലഭ്യമാവുകയില്ല എന്ന അനുമാനത്തിലാണ്. എൻഎച്ച്എസ് ന്റെ ഔദ്യോഗിക വിവരങ്ങളെ അടിസ്ഥാനമാക്കിയുള്ള പഠനത്തിൽ ചികിത്സാസഹായം എപ്പോഴും ഒരു പ്രശ്നമാണെന്ന് ഈ രംഗത്ത് പ്രവർത്തിക്കുന്നവർ അഭിപ്രായപ്പെടുന്നു.

 

ബ്രിട്ടീഷ് ഡെന്റൽ അസോസിയേഷൻ നേതാവ് ഡേവ് കോട്ടത്തിന്റെ അഭിപ്രായത്തിൽ സാമ്പത്തികമായ പരിമിതികൾക്കൊപ്പം ആവശ്യമായ ജീവനക്കാരുടെ അഭാവവുമാണ് ഈ പ്രശ്നങ്ങൾക്കെല്ലാം മുഖ്യകാരണം. ചില പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇങ്ങനെയുള്ള പ്രശ്നങ്ങൾ ഇല്ലെങ്കിലും രാജ്യമെമ്പാടുമുള്ള ജനങ്ങൾക്ക് ചികിത്സാ സഹായം ലഭിക്കുന്നില്ലാ എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

പ്രശ്നങ്ങൾ പരിഹരിക്കാനുള്ള നടപടികൾ സ്വീകരിച്ചു വരികയാണെന്ന് എൻഎച്ച്എസ് ഇംഗ്ലണ്ട് അറിയിച്ചു. അതോടൊപ്പംതന്നെ എൻഎച്ച്എസ് വെബ്സൈറ്റ് ഉപയോഗിച്ച് പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരെ കണ്ടെത്താൻ ജനങ്ങൾ മുൻകൈ എടുക്കണമെന്നാണ്എൻഎച്ച്എസ് ന്റെ അഭിപ്രായം. പക്ഷെ പ്രാദേശിക തലത്തിലുള്ള ഡോക്ടർമാരെ കണ്ടു പിടിക്കാനുള്ള വിവരങ്ങൾ രാജ്യത്തിന്റെ മറ്റുഭാഗങ്ങളിൽ ലഭ്യമല്ല എന്നതാണ് നഗ്ന യാഥാർത്ഥ്യം.

 

പല രോഗികളും കടുത്ത വേദനയിൽ മാസങ്ങളോളം ചികിത്സാ സഹായം കിട്ടാതെ കഴിയുന്നത് അവരുടെ മാനസികവും ശാരീരികവുമായ പ്രശ്നങ്ങളിലേയ്ക്ക് വഴിവയ്ക്കുകയാണ് ചെയ്തിരിക്കുന്നത്. ദന്തചികിത്സാ സഹായം ലഭിക്കാതെ കടുത്ത വേദനയിൽ കഴിഞ്ഞിരുന്ന ബസിർ അഫ്സലിനെ രണ്ടുമണിക്കൂറോളം മാത്രമേ ഉറങ്ങാൻ സാധിച്ചിരുന്നുള്ളൂ. അവസാനം അഫ്സലിനെ ചികിത്സാ സഹായം ലഭിച്ചത് വികസ്വര രാജ്യങ്ങളിൽ പ്രവർത്തിക്കുന്ന ഡെൻറെയ്ഡ് എന്ന ചാരിറ്റി സംഘടന ലഭ്യമാക്കിയ ചികിത്സയിലാണ്. വെസ്റ്റ് യോർക്ക് ഷെയറിലെ ഡ്യൂസ് ബെറിയിൽ 50 രോഗികൾക്ക് ഡന്റെയിഡ് നൽകിയ ചികിത്സയിൽ ഒരാളായിരുന്നു ബസിർ അഫ്സൽ. ബസിറിനേക്കാൾ പരിതാപകരമായ അവസ്ഥയിലാണ് രാജ്യത്തുടനീളം പല രോഗികളും. എൻ എച്ച് എസ് ൽ ചികിത്സ ലഭ്യമാണെങ്കിലും കുറഞ്ഞ വരുമാനമുള്ള വർക്കും, കുട്ടികൾക്കും, ഗർഭിണികൾക്കും മാത്രമേ സൗജന്യ ചികിത്സലഭിക്കൂ. ഡോക്ടർമാർക്ക് ഒരു ദിവസത്തിൽ കാണേണ്ട രോഗികളുടെ എണ്ണം കവിഞ്ഞാൽ അധിക വരുമാനമൊന്നും എൻഎച്ച്എസ് നൽകുന്നില്ല . ഇതും രോഗികളുടെ ഡോക്ടറെ കാണാനുള്ള കാലതാമസത്തിന്റെ ഒരു കാരണമായി മാറിയിട്ടുണ്ട്.