ന്യൂസ് ഡെസ്ക് മലയാളം യുകെ
കോവിഡിൻെറ നാലാം തരംഗത്തെ മറികടക്കാനുള്ള ഗവൺമെന്റിന്റെ ശ്രമത്തിൻെറ ഭാഗമായി ഫ്ലൂ കുത്തിവയ്പ്പുകൾക്കൊപ്പം തന്നെ കോവിഡ് ബൂസ്റ്റർ വാക്സിൻ നൽകാൻ ശ്രമം. 50 വയസ്സിനു മുകളിലുള്ളവർക്കും ആരോഗ്യപ്രശ്നങ്ങൾ ഉള്ളവർക്കും അവരുടെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് ആറ് മാസം മുതൽ ബൂസ്റ്റർ വാക്സിൻ സ്വീകരിക്കാനാകും. സൗജന്യ ഫ്ലൂ കുത്തിവയ്പ്പുകൾക്ക് അർഹരായ ദശലക്ഷക്കണക്കിന് ആളുകൾക്ക് ബൂസ്റ്റർ വാക്സിനുകളും കൂടി നൽകാനാണ് ആരോഗ്യ മേധാവികൾ ഇപ്പോൾ ലക്ഷ്യമിടുന്നത്. ഇതിൽ നേരിയ തോതിൽ ആസ്മ ഉള്ളവരും ഉൾപ്പെടും.
കോവിഡിൻെറ നാലാം തരംഗം കാനഡയിലും ഈജിപ്തിലും ഉണ്ടാക്കിയ ആഘാതത്തെ പറ്റിയുള്ള വാർത്തകൾ കടുത്ത ഞെട്ടലാണ് ലോകമാകെ സൃഷ്ടിച്ചിരിക്കുന്നത്. ജനങ്ങളിൽ ഇത്തരത്തിലുള്ള വാർത്തകൾ ഭയം ഉണ്ടാക്കുന്നതാണെന്നും നാലാം തരംഗം ഈജിപ്തിനെ ശക്തമായി ബാധിച്ചു എന്നും ജർമനി മറ്റൊരു തരംഗത്തിൻെറ ഭീഷണിയിലാണെന്നും എന്നാൽ യുകെയിലെ ജനങ്ങളിൽ ഭൂരിഭാഗവും വാക്സിൻ സ്വീകരിച്ചിട്ടുള്ളതിനാൽ തന്നെ ഏതുവിധേനയും ഫ്ലൂ കുത്തിവയ്പുകൾക്കായി വരുന്ന ബൂസ്റ്റർ വാക്സിന് യോഗ്യരായ ആളുകൾക്ക് അവ നൽകണം എന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു. ക്രിസ്മസ് കാലയളവിൽ ഉണ്ടാകാൻ സാധ്യതയുള്ള കോവിഡ് രോഗികളുടെ എണ്ണത്തിലുള്ള വർദ്ധനവ് നിയന്ത്രിക്കാൻ ജനങ്ങൾ വാക്സിനേഷൻ സ്വീകരിക്കുകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അസ്ട്രാസെനെക്ക വാക്സിൻെറ രണ്ടാം ഡോസ് സ്വീകരിച്ച് ആറുമാസത്തിനുശേഷം കോവിഡ് വൈറസിനെതിരെയുള്ള സംരക്ഷണം 45% ആയി കുറഞ്ഞതായും ഫൈസർ വാക്സിൻ സ്വീകരിച്ചവരിൽ 65% ആയി കുറഞ്ഞതായുമുള്ള കണക്കുകൾ ഒരു പഠനത്തിൽ കാണാൻ സാധിച്ചിരുന്നു. ബൂസ്റ്റർ വാക്സിൻ സ്വീകരിക്കുന്നത് വഴി 95.6% സംരക്ഷണം പുനഃസ്ഥാപിക്കപ്പെടുന്നുവെന്നും പഠന റിപ്പോർട്ടിൽ പറയുന്നു.
ഉയർന്ന അപകടസാധ്യതയുള്ളവർക്ക് ആറു മാസത്തിനു മുമ്പ് തന്നെ ബൂസ്റ്റർ വാക്സിനുകൾ ലഭിക്കും. അതിനാൽതന്നെ പലർക്കും ഫ്ലൂ കുത്തിവയ്പ്പുകളും കോവിഡ് പ്രതിരോധകുത്തിവയ്പുകളും ഒരുമിച്ച് സ്വീകരിക്കാനാവും. വിവിധ ഫാർമസികളിൽ പ്രതിരോധകുത്തിവയ്‌പ്പുകൾ സ്വീകരിക്കാനായി ഇപ്പോൾ വോക്-ഇൻ സൗകര്യങ്ങളും ലഭ്യമാണ്. എൻഎച്ച്എസിൻെറ വെബ്സൈറ്റ് വഴിയോ അല്ലെങ്കിൽ 119 എന്ന നമ്പറിൽ വിളിച്ചോ നിങ്ങൾക്ക് അപ്പോയിന്റ്മെന്റ് ബുക്ക് ചെയ്യാം. ഔദ്യോഗിക കണക്കനുസരിച്ച് 50 വയസ്സിനു മുകളിലുള്ള അഞ്ചിൽ രണ്ട് പേർ ഇതുവരെയും ടോപ്അപ്പ് ഡോസുകൾ സ്വീകരിക്കാത്തവരാണ്. ബൂസ്റ്റർ വാക്സിനുകൾക്ക് യോഗ്യരായ എല്ലാവരും ഉടനെ തന്നെ അവ സ്വീകരിക്കണമെന്ന് ആരോഗ്യ സെക്രട്ടറി സാജിദ് ജാവിദ് പറഞ്ഞു.
Leave a Reply