ന്യൂസ് ഡെസ്ക്, മലയാളം യുകെ

യു കെ :- ശൈത്യകാലത്ത് പെൻഷൻകാർക്ക് നൽകിവന്നിരുന്ന ഇന്ധന പെയ്മെന്റുകൾ വെട്ടി കുറയ്ക്കാനുള്ള സർക്കാരിന്റെ തീരുമാനം ഉടൻ നടപ്പിലാക്കും. ഹൗസ് ഓഫ് കോമൺസിൽ നടന്ന വോട്ടെടുപ്പിൽ സർക്കാരിന് ഭൂരിപക്ഷം ലഭിച്ചതോടെയാണ് ഈ തീരുമാനം നടപ്പിലാക്കുന്നത്. 120 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് സർക്കാർ ഈ തീരുമാനം പാസാക്കിയെടുത്തത്. എന്നാൽ ഏഴ് മന്ത്രിമാരുൾപ്പെടെ അമ്പത്തിരണ്ട് ലേബർ എംപിമാർ വോട്ടെടുപ്പിൽ പങ്കെടുത്തില്ല. ലേബർ എംപിയായ ജോൺ ട്രിക്കറ്റ് മാത്രമാണ് സർക്കാരിനെതിരെ വോട്ട് ചെയ്തത്. തന്റെ മണ്ഡലത്തിലെ ജനങ്ങൾക്ക് ഇത് ജീവന്റെയും മരണത്തെയും പ്രശ്നമാണെന്ന് അദ്ദേഹം വ്യക്തമാക്കി. പുതിയ സർക്കാർ തീരുമാനം നടപ്പിലാകുന്നതോടെ, ഈ ശീതകാലം മുതൽ പെൻഷൻ ക്രെഡിറ്റോ മറ്റ് ആനുകൂല്യങ്ങളോ ക്ലെയിം ചെയ്യുന്നവർക്ക് മാത്രമേ ഇന്ധന ബില്ലുകളിൽ സഹായം ലഭിക്കുകയുള്ളൂ. എന്നാൽ മുമ്പ് 66 വയസ്സിന് മുകളിലുള്ള ആർക്കും അലവൻസ് ലഭ്യമായിരുന്നു. സർക്കാർ ഖജനാവിൽ ഉണ്ടായിരിക്കുന്ന വിടവ് നികത്താൻ ആണ് ഇത്തരത്തിൽ ആനുകൂല്യങ്ങൾ വെട്ടി കുറയ്ക്കാനുള്ള തീരുമാനം സർക്കാർ കൈ കൊണ്ടിരിക്കുന്നത്.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ


സർക്കാരിന്റെ ഈ തീരുമാനത്തിനെതിരെ ശക്തമായ പ്രതിഷേധങ്ങളും വിമർശനങ്ങളും ഉയർന്നിട്ടുണ്ട്. 100 കണക്കിന് പെൻഷൻകാരെ സർക്കാരിന്റെ ഈ തീരുമാനം പ്രതിസന്ധിയിൽ ആക്കുമെന്ന് ചാരിറ്റി സംഘടനകൾ ഉൾപ്പെടെയുള്ളവർ കുറ്റപ്പെടുത്തി. കൺസർവേറ്റീവ് പാർട്ടി സർക്കാരിന്റെ ഈ തീരുമാനത്തെ ശക്തമായി എതിർക്കുവാൻ ശ്രമിച്ചെങ്കിലും കോമൺസിൽ നടന്ന വോട്ടെടുപ്പിൽ പരാജയപ്പെട്ടു. ജൂലൈ മാസത്തിൽ ചാൻസലർ റേച്ചൽ റീവ്സ് ആണ് സർക്കാരിന്റെ വെട്ടിക്കുറക്കലുകളുടെ ഭാഗമായി ഈ തീരുമാനം ആദ്യമായി പ്രഖ്യാപിച്ചത്. കൺസർവേറ്റീവ് പാർട്ടി ഉണ്ടാക്കിവെച്ച ബാധ്യതകൾ ആണ് തങ്ങൾ പരിഹരിക്കാൻ ശ്രമിക്കുന്നതെന്നാണ് ലേബർ പാർട്ടിയുടെ വാദം. എന്നിരുന്നാലും ഇത്തരം ഒരു തീരുമാനം മൂലം ബുദ്ധിമുട്ടിൽ ആകുന്നത് സാധാരണക്കാരാണ് എന്നത് വസ്തുതയാണ്.