ലണ്ടന്‍: മിനി ബീസ്റ്റ് ഫ്രം ദി ഈസ്റ്റ് ബ്രിട്ടനിലെത്തി. ഇംഗ്ലണ്ടിന്റെയും സ്‌കോട്ട്‌ലന്‍ഡിന്റെയും ചില ഭാഗങ്ങളില്‍ കനത്ത മഞ്ഞുവീഴ്ച ഇതേത്തുടര്‍ന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടു. മിഡ്‌ലാന്‍ഡ്‌സിലും വെയില്‍സിലും മഞ്ഞുവീഴ്ചയുണ്ടാകുമെന്നാണ് പ്രവചനം. ഹീത്രൂവില്‍ നിന്നുള്ള 100ഓളം വിമാന സര്‍വീസുകള്‍ ഇതോടെ റദ്ദാക്കിയിട്ടുണ്ട്. റോഡുകളില്‍ അതീവ ശ്രദ്ധ പുലര്‍ത്തണമെന്ന് ഡ്രൈവര്‍മാര്‍ക്കും മുന്നറിയിപ്പ് നല്‍കിയിരിക്കുകയാണ്. നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ട്, യോര്‍ക്ക്ഷയര്‍, മിഡ്‌ലാന്‍ഡ്‌സ്, ലണ്ടന്‍, സൗത്ത് ഈസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളില്‍ ഉച്ച മുതല്‍ ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുകയാണ്.
ജീവന് ഭീഷണിയാകുന്ന സാഹചര്യങ്ങളുണ്ടാകാമെന്നതിനാലാണ് ആംബര്‍ വാണിംഗ് പുറപ്പെടുവിച്ചിരിക്കുന്നത്. ഇന്നു വരെ യുകെയിലെ മിക്ക പ്രദേശങ്ങളിലും ജാഗ്രതാ മുന്നറിയിപ്പായ യെല്ലോ വാണിംഗും മെറ്റ് ഓഫീസ് നല്‍കിയിട്ടുണ്ട്. നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ട് മുതല്‍ നോര്‍ത്ത് മിഡ്‌ലാന്‍ഡ്‌സ് വരെയുള്ള പ്രദേശങ്ങളില്‍ കനത്ത മഞ്ഞുവീഴ്ചയാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. സതേണ്‍ ഇംഗ്ലണ്ടിലെ ഹാംപ്ഷയറിലും സസെക്‌സിലും കെന്റിലും മഞ്ഞുവീഴ്ചയുണ്ടായി. ലോഫ്റ്റസ്, നോര്‍ത്ത് യോര്‍ക്ക്ഷയര്‍ തുടങ്ങിയ പ്രദേശങ്ങളില്‍ ഇന്നലെ ഉച്ചയ്ക്ക് ശേഷം മൈനസ് 3.2 വരെ താപനില താഴ്ന്നു.
ശക്തമായ കാറ്റില്‍ താപനില മൈനസ് 8 വരെ താഴ്ന്നതായി തോന്നിച്ചുവെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 70 മൈല്‍ വരെ വേഗതയുള്ള ശീതക്കാറ്റ് നോര്‍ത്തേണ്‍ ഇംഗ്ലണ്ടിലും വെയില്‍സിലുമുണ്ടാകാന്‍ ഇടയുണ്ടെന്നും കാലാവസ്ഥാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു. റോഡുകളില്‍ ഗതാഗതസ്തംഭനമുണ്ടാകാനുള്ള സാധ്യതയേറെയാണെന്നും റെയില്‍, വ്യോമ ഗതാഗതത്തെയും മോശം കാലാവസ്ഥ ബാധിക്കുമെന്നും മെറ്റ് ഓഫീസ് അറിയിക്കുന്നു. ഹീത്രൂവിലെ സര്‍വീസുകള്‍ റദ്ദാക്കിയത് 15,000 യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുകള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
Leave a Reply