ചുരുങ്ങിയ കാലത്തെ പ്രവർത്തനം കൊണ്ട് യുകെ മലയാളികളുടെ മനസ്സിൽ ഇടം നേടിയ പുരോഗമന സാംസ്‌കാരിക സംഘടന കൈരളി യുകെയുടെ ദേശീയ സമ്മേളനം 2025 ഏപ്രിൽ 25, 26 തീയതികളിൽ ഇംഗ്ലണ്ടിലെ ന്യൂബറിയിൽ വെച്ച് നടക്കുന്നു.
ഏപ്രിൽ 25ന് നടക്കുന്ന പൊതു സമ്മേളനം മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. ഗസൽ ഗായകൻ അലോഷിയുടെ ഗാനസന്ധ്യയ്ക്കൊപ്പം വൈവിദ്ധ്യമാർന്ന കലാ പരിപാടികൾ പൊതു പരിപാടിയുടെ ഭാഗമായി ഉണ്ടായിരിക്കും. ഉച്ച മുതൽ രാത്രി വരെ നീണ്ടുനിൽക്കുന്ന പരിപാടികൾ സൗജന്യവും പങ്കെടുക്കുവാൻ മുൻകൂറായി ടിക്കറ്റ് എടുക്കുകയോ റജിസ്റ്റർ ചെയ്യേണ്ടതായോ ആവശ്യമില്ല. പൊതു പരിപാടിയിൽ യുകെയിലെ മലയാളി സമൂഹത്തിനു മികച്ച സംഭാവനകൾ നൽകിയ വ്യക്തികളെ ആദരിക്കും. അന്നേ ദിവസം വിവിധ സ്റ്റാളുകളും ഫുഡ് ട്രക്കുകളും സമ്മേളന നഗരിയിൽ ഉണ്ടായിരിക്കും. കൈരളി യുകെയുടെ നാൽപതിലധികം യൂണിറ്റുകളിൽ നിന്നും വിവിധ പ്രദേശങ്ങളിൽ നിന്നും നൂറുകണക്കിന് ആളുകളാണ് ഈ പരിപാടി ആസ്വദിക്കാൻ എത്തിച്ചേരുന്നത്.
ഏപ്രിൽ 26 ന് നടക്കുന്ന പ്രതിനിധി സമ്മേളനം കൈരളി യുകെയുടെ കഴിഞ്ഞ ഒരു വർഷത്തെ പ്രവർത്തനങ്ങൾ വിലയിരുത്തി വരും കാലങ്ങളിൽ കൈരളി ഏറ്റെടുക്കേണ്ട പ്രവർത്തനങ്ങൾ ചർച്ച ചെയ്യും. ദേശീയ സമ്മേളനം വിജയിപ്പിക്കുന്നതിനായി വിപുലമായ സംവിധാനങ്ങളും സ്വാഗത സംഘവും രൂപീകരിച്ച് ഒരുക്കങ്ങൾ നടക്കുന്നു. സമ്മേളനത്തിൽ ഭാഗമാകുവാൻ യുകെ യിലെ മുഴുവൻ മലയാളികളേയും ഹൃദയപൂർവ്വം സ്വാഗതം ചെയ്യുന്നതായി കൈരളിയുടെ കേന്ദ്ര കമ്മിറ്റി അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും സ്പോൺസർഷിപ്പിനും കൈരളിയുമായി ഫേസ്ബുക്ക് ഇൻസ്റ്റ അക്കൗണ്ടുകൾ വഴി ബന്ധപ്പെടുക.
Leave a Reply