ലണ്ടൻ :- യു കെ യിലെ പുരോഗമന സാംസ്കാരിക സംഘടനയായ കൈരളി യു കെ യുടെ രണ്ടാമത് ദേശീയ സമ്മേളനം വൈവിദ്ധ്യമാർന്ന സംസ്കാരിക പരിപാടികളോടെ ന്യൂബറി പാർക്ക് ഹൗസ് സ്കൂളിൽ നൂറുകണക്കിനു ആളുകളുടെ സാന്നിധ്യത്തിൽ കേരളത്തിന്റെ തദ്ദേശ സ്വയംഭരണ-എക്സൈസ് വകുപ്പ് മന്ത്രി എം. ബി. രാജേഷ് ഉത്ഘാടനം നിർവഹിച്ചു.
കേരളത്തിന്റെ സാംസ്കാരിക തനിമ വിളിച്ചോതിയ വൈവിദ്ധ്യമാർന്ന കലാ പരിപാടികളോടെ തുടക്കം കുറിച്ച സമ്മേളനം കൈരളി യു കെ യുടെ പ്രസിഡന്റ് പ്രിയ രാജൻ അധ്യക്ഷത വഹിച്ചു. കൈരളി നാളിതുവരെ യുകെ മലയാളികൾക്കിടയിലും നാട്ടിലുമായി നടത്തിയ പ്രവർത്തനം ദേശീയ സെക്രട്ടറി കുര്യൻ ജേക്കബ് വിശദീകരിച്ചു. സമ്മേളനത്തിന് ആശംസകൾ നേർന്നുകൊണ്ട് എ ഐ സി സെക്രട്ടറി ജനേഷ് സി, ആർ.സി.എൻ പ്രസിഡന്റ് ബിജോയ് സെബാസ്റ്റ്യൻ, ഇന്ത്യൻ വർക്കേഴ്സ് അസോസിയേഷൻ സെക്രട്ടറി ലിയോസ് പോൾ, എം എ യു കെ പ്രസിഡന്റ് ശ്രീജിത്ത്, എസ് എഫ് ഐ യു കെ ജോയിന്റ് സെക്രട്ടറി വിശാൽ എന്നിവർ
സംസാരിച്ചു.
കൈരളി യു കെ ഏർപ്പെടുത്തിയ എക്സ് എംപ്ലർ അവാർഡ് കോട്ടയം മെഡിക്കൽ കോളേജിൽ ഹൃദയ ശസ്ത്രക്രിയ രോഗികൾക്ക് വിദേശ മാതൃക ട്രെയിനിങ്ങിന് നേതൃത്വം നൽകിയ ബിജോയ് സെബാസ്റ്റ്യൻ, മോണ, മിനിജ, മേരി ജോർജ് എന്നിവർക്കും, വയനാട് ദുരന്തത്തിൽ പെട്ടവരെ സഹായിക്കാൻ ഏറ്റവും കൂടുതൽ തുക സമാഹരിച്ച കൈരളി ഹീത്രൂ യൂണിറ്റിനും, വഞ്ചിനാട് കിച്ചണും, പ്രശസ്ത ഗവേഷകനും വിദ്യാഭ്യാസ വിദഗ്ധനും ആയ മെഹമൂദ് കൂരിയ, പ്രശസ്ത പ്രവാസി എഴുത്തുകാരി ഐശ്വര്യ കമല എന്നിവർ മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് പ്രസിഡന്റ് ജെയ്സൻ പോൾ സ്വാഗതം ആശംസിച്ച സാംസ്കാരിക സമ്മേളനത്തിന് സ്വാഗത സംഘം ചെയർമാൻ വരുൺ ചന്ദ്രബാലൻ നന്ദി പറഞ്ഞു. അലോഷി ആദംസും സംഘവും ചേർന്നൊരുക്കിയ മനോഹരമായ ഗസൽ ഗാനങ്ങൾ സദസ്സ് ഇരുകൈകളും നീട്ടി സ്വീകരിച്ചു. യു കെ മലയാളികൾക്ക് ഗസൽ സന്ധ്യയുടെ പെരുമഴകാലമാണ് അലോഷി സമ്മാനിച്ചത്. സ്റ്റേജ് പരിപാടികൾക്ക് പ്രവീൺ, വിമി, ഐശ്വര്യ, ലിമി എന്നിവർ നേതൃത്വം നൽകി. സമ്മേളനത്തോട് അനുബന്ധിച്ചു ഡി കെ എം എസ് ഒരുക്കിയ സ്റ്റെൻസിൽ ഡോണർ സ്റ്റാളും, കംബ്രിഡ്ജ് യൂണിറ്റ് ഒരുക്കിയ റോബോട്ടിക് സ്റ്റാളും, പുസ്തക പ്രദർശനത്തിനും വില്പനക്കുമായി ഒരുക്കിയ സ്റ്റാളുകളും, അലങ്കാര ചെടികളുടെയും വിവിധ ഇനം പച്ചക്കറി തൈകളുടെയും സൗജന്യ വില്പനയും പ്രദർശവും, കൈരളിയുടെ നാൾവഴികൾ എന്ന ചരിത്ര പ്രദർശനവും കൂടാതെ സിഗ്നേച്ചർ ക്യാമ്പയിനും ഒരുക്കിയിരുന്നു. യു കെ യുടെ വിവിധ ഭാഗങ്ങളിൽ നിന്നായി നൂറ് കണക്കിനു ആളുകൾ ആണ് സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിച്ചേർന്നത് അവർക്കെല്ലാം വേണ്ട സൗകര്യങ്ങൾ ഒരുക്കുന്നതിനായി കൈരളിയുടെ വെസ്റ്റ് ബെർക്ഷെയർ യൂണിറ്റ് പ്രവർത്തകർ മാതൃകാപരമായി പ്രവർത്തിച്ചു.
പരിപാടിയുടെ പ്രചരണത്തിനായി നിതിൻ രാജ് ജെയ്സൻ പോൾ, എന്നിവരുടെ നേതൃത്വത്തിൽ ആഴ്ചകൾ നീണ്ടു നിന്ന പ്രവർത്തനങ്ങൾ സംഘടിപ്പിച്ചു, നവീൻ, ശ്രീജിത്ത്, വിഷ്ണു, റെൻസൺ എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ഒരുക്കങ്ങൾ ആണ് വേദിയിൽ ഏർപ്പെടുത്തിയിരുന്നത്. കൈരളിയുടെ ചരിത്രത്തിൽ മറ്റൊരു
കയ്യൊപ്പുചാർത്തിയാണ് ആദ്യ ദിവസത്തെ പരിപാടികൾ സമാപിച്ചത്.
Leave a Reply