ലണ്ടന്‍: ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാകുന്ന കുട്ടികളുടെ എണ്ണത്തിലുണ്ടായിരിക്കുന്ന ഗണ്യമായ വര്‍ദ്ധനവിന്റെ കാരണം അന്വേഷിക്കണമെന്ന് വിമണ്‍ ആന്റ് ഇക്വാളിറ്റി മിനിസ്റ്റര്‍ പെന്നി മോര്‍ഡുവാന്റ്. സമീപകാലത്ത് ലിംഗമാറ്റ ചികിത്സയ്ക്ക് വിധേയരാവുന്ന പെണ്‍കുട്ടികളുടെ എണ്ണത്തില്‍ ഏതാണ്ട് 4,400 ശതമാനം വര്‍ദ്ധനവാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ലിംഗമാറ്റ ചികിത്സ തേടി പോകുന്നവരുടെ എണ്ണത്തിലെ വന്‍ വര്‍ദ്ധനവിന് ആധാരമായിരിക്കുന്ന ഘടകങ്ങളെക്കുറിച്ച് അന്വേഷിക്കാനാണ് മിനിസ്റ്റര്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഇക്കാര്യത്തില്‍ നവമാധ്യമങ്ങളുടെ പങ്ക് പരിശോധിക്കും. കൂടാതെ സ്‌കൂളുകളില്‍ ട്രാന്‍സ്ജെന്‍ഡറുകളെ പഠിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വരുന്ന പ്രശ്നങ്ങളെക്കുറിച്ച് പഠിക്കാനും നിര്‍ദേശമുണ്ട്.
ലിംഗമാറ്റത്തെക്കുറിച്ച് തീരുമാനമെടുക്കാനുള്ള പ്രായമെത്താത്തവര്‍ക്കു പോലും അതിനായുള്ള ചികിത്സ ലഭ്യമാണെന്ന് എംപിമാര്‍ ആശങ്കയരിയിക്കുന്നു. 10 വയസ് പ്രായമുള്ള കുട്ടികള്‍ക്ക് പോലും ഇത്തരത്തില്‍ ചികിത്സ നല്‍കുന്നുണ്ടത്രേ. 2009-10 വര്‍ഷത്തില്‍ 40 പെണ്‍കുട്ടികളെ ലിംഗമാറ്റ ചികിത്സക്കായി ഡോക്ടര്‍മാര്‍ റഫര്‍ ചെയ്തിട്ടുണ്ട്. 2017-18 വര്‍ഷത്തില്‍ ഈ സംഖ്യ 1806 ആയി കുതിച്ചുയര്‍ന്നു. ഇതേ കാലയളവില്‍ ആണ്‍കുട്ടികള്‍ക്കായുള്ള റഫറലുകള്‍ 57ല്‍ നിന്ന് 713 ആയാണ് വര്‍ദ്ധിച്ചത്. കഴിഞ്ഞ വര്‍ഷം എന്‍എച്ച്എസിലേക്ക് ചികിത്സക്കായി റഫര്‍ ചെയ്യപ്പെട്ട 45 കുട്ടികള്‍ ആറു വയസോ അതില്‍ താഴെയോ പ്രായമുള്ളവരായിരുന്നു.
ഇവരില്‍ ഏറ്റവും പ്രായം കുറഞ്ഞത് നാലു വയസുള്ള കുട്ടിയായിരുന്നുവെന്നതാണ് ഏറ്റവും അതിശയകരം. കുട്ടികള്‍ക്ക് ഏതായാലും മരുന്നുകള്‍ നല്‍കാറില്ല. സോഷ്യല്‍ മീഡിയയുടെ സ്വാധീനമാണോ ഈ പ്രവണത വര്‍ദ്ധിപ്പിച്ചതെന്ന കാര്യം ഗവണ്‍മെന്റ് ഇക്വാളിറ്റി ഓഫീസ് പരിശോധിക്കും. ലൈംഗിക വളര്‍ച്ച പോലുമെത്താത്ത കുട്ടികള്‍ക്ക് മരുന്നുകള്‍ ഉപയോഗിച്ച് ലിംഗമാറ്റ ചികിത്സ നടത്താമോ എന്ന കാര്യവും പരിശോധനയ്ക്ക് വിധേയമാക്കും.
Leave a Reply